31 ജൂലൈ 2021

കൊല നടത്തിയ ആളുതന്നെ ജീവനൊടുക്കി; ഇനി ഉത്തരം പറയുക മൊബൈൽ ഫോണുകൾ
(VISION NEWS 31 ജൂലൈ 2021)

കൊച്ചി: മാനസയുടെ കൊല നടത്തിയ ആളുതന്നെ ജീവനൊടുക്കിയതിനാല്‍ കേസിലെ പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാവുക ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍. കൊലപാതകത്തിനു മുന്നേ രാഖില്‍ മാനസയെ ഫോണ്‍ ചെയ്‌തോ മെസേജ് അയച്ചോ എന്ന് പോലീസ് പരിശോധിച്ചു തുടങ്ങി. രാഖിലിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലും ഫോണ്‍ വിളികള്‍ വഴികാട്ടും.

രാഖിലിന്റെ ടവര്‍ ലൊക്കേഷനുകളും പരിശോധിക്കും. ജൂലായ് നാലിനു ശേഷമുള്ള രാഖിലിന്റെ യാത്രകള്‍ എവിടെയെല്ലാം എന്ന് ഇതിലൂടെ കണ്ടെത്താന്‍ കഴിയും. രാഖിലിന് തോക്ക് എങ്ങനെ കിട്ടിയെന്ന കാര്യത്തിലും ഫോണ്‍രേഖകള്‍ ഉത്തരം നല്‍കും എന്നാണ് പോലീസ് കരുതുന്നത്. രാഖിലുമായി ഫോണില്‍ ബന്ധപ്പെട്ടവരില്‍ അസ്വാഭാവികത തോന്നിയവരുടെ എല്ലാം മൊഴി പോലീസ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.


നാട്ടില്‍ അപൂര്‍വമായി മാത്രം കാണാറുള്ള യുവാവിനെ വലിയ പരിചയമൊന്നുമില്ലെങ്കിലും ആ വാര്‍ത്ത കേട്ടപ്പോള്‍ മേലൂരുകാര്‍ നടുങ്ങി. വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന് രാഖില്‍ ജീവനൊടുക്കിയത് ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല.

മേലൂര്‍-കാടാച്ചിറ റോഡില്‍ മമ്മാക്കുന്ന് പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്താണ് രാഖിലിന്റെ വീട്. മാസത്തിലൊരിക്കലോ രണ്ടുമാസം കൂടുമ്പോഴോ മാത്രമേ വീട്ടില്‍ വരാറുള്ളൂ. രണ്ടുമാസം മുമ്പാണ് ഒടുവില്‍ വന്നത്. ബെംഗളൂരുവില്‍ എം.ബി.എ. പഠനം നടത്തിയിരുന്നുവെങ്കിലും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറെടുത്ത് ചെയ്യലായിരുന്നു തൊഴില്‍. അതിവേഗത്തില്‍ ബൈക്കിലും കാറിലും ചീറിപ്പായുന്നത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാറില്ല.

വീട്ടിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ പണി നടക്കുമ്പോഴാണ് മൂന്നോ നാലോ ദിവസം വീട്ടില്‍ തങ്ങിയത്. കണ്ണൂര്‍ പള്ളിയാംമൂലയില്‍നിന്നാണ് കുടുംബം മേലൂരിലേക്ക് താമസം മാറ്റിയത്. അച്ഛന്‍ രഘൂത്തമന്‍ മേലൂരില്‍ ചെമ്മീന്‍പാടം നോക്കിനടത്തുകയായിരുന്നു. മേലൂരിലും പരിസരങ്ങളിലും മത്സ്യക്കൃഷി നടത്തുന്ന പാടങ്ങളുണ്ട്. അങ്ങനെയാണ് 15 വര്‍ഷം മുമ്പ് മേലൂരില്‍ വീടുവെച്ച് താമസം മാറ്റിയത്.


മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലേക്ക് തിരിയുന്ന വലതു വശത്തെ ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് രാഖില്‍ താമസിച്ചിരുന്നത്. പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞാണ് ഇവിടെ മുറിയെടുത്തത്. ആധാര്‍ രേഖകളും നല്‍കിയിരുന്നു.

ബാഗും വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. ഇടയ്ക്ക് വന്നുപോകുന്നതല്ലാതെ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരമൊന്നും ആര്‍ക്കും അറിയില്ല.

മാനസയെ നിരീക്ഷിക്കുന്നതിനാകണം ദന്തല്‍ കോളേജിനും താമസ സ്ഥലത്തിനും മധ്യേയുള്ള സ്ഥലം ഇയാള്‍ തിരഞ്ഞെടുത്തതെന്ന് പോലീസ് കരുതുന്നു. കൃത്യം നടത്താനായി വ്യക്തമായ ആസൂത്രണം ചെയ്താണ് രാഖില്‍ ഇത്തവണ എത്തിയതെന്നാണ് നിഗമനം.

പകല്‍ പലപ്പോഴും ഇയാളെ മുറിയില്‍ കാണാറില്ലെന്ന് കെട്ടിട ഉടമ ഇക്കരകുടി നൂറുദീന്‍ പറഞ്ഞു. മുറിയെടുത്ത ശേഷം രണ്ട് ദിവസം കഴിഞ്ഞ് മുറിയടച്ച് പോയി. നാലു ദിവസം മുമ്പാണ് തിരിച്ചുവന്നത്. പെരുമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നും ഉടമ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only