10 ജൂലൈ 2021

ലോകത്തൊരിടത്തും കൊവിഡ് നിയന്ത്രണവിധേയമല്ല; ഇളവുകൾ വ്യാപനം കൂട്ടുമെന്ന് ലോ​കാരോ​ഗ്യ സംഘടന
(VISION NEWS 10 ജൂലൈ 2021)
ലോകത്തൊരിടത്തും കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഡെല്‍റ്റാ വകഭേദം അതിവേഗം പടരുന്നതും വാക്‌സിനേഷനിലെ കുറവുമാണ് ലോകത്തെ മിക്ക ഭാഗങ്ങളിലും രോഗവ്യാപനത്തിന് കാരണമാകുന്നത്.

'കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് അഞ്ച് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണമടഞ്ഞവരോ 9300ഉം. ഇത് രോഗം പിന്‍വാങ്ങുന്നതിന്റെ ലക്ഷണമല്ല.' കൊവിഡ് വ്യാപനം ശക്തമായി തുടരാന്‍ പ്രധാനമായും നാല് കാരണങ്ങളാണുള‌ളത്. ഒന്ന് ഡെല്‍റ്റാ വകഭേദമാണ്, രണ്ടാമത് സാമൂഹികമായ ഇടപെടലുകളില്‍ വന്ന കൂടുതല്‍, മൂന്നാമത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍, നാലാമത് വാക്‌സിനേഷനിലെ കുറവാണ്.

ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപകടകരവും അതിവേഗം പടരുന്നതുമായ വകഭേദമാണ് ഡെല്‍റ്റ. ലോകത്ത് പലരാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയതും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപനം അതിവേഗമാകാന്‍ കാരണമായി. ഇപ്പോഴും ലോകത്ത് പലയിടത്തും ഓക്‌സിജന്‍ ക്ഷാമവും ചികിത്സയ്‌ക്ക് ആവശ്യമായ ആശുപത്രികളോ, കിടക്കകളോ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only