30 ജൂലൈ 2021

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് തടവും പിഴയും
(VISION NEWS 30 ജൂലൈ 2021)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടില്‍ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ പ്രതിയുടെ ആറുവയസ്സുകാരിയായ മകളുടെ വിദ്യാഭ്യാസത്തിനായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിന തടവ് അധികമായി അനുഭവിക്കണം.

മറ്റൊരു വകുപ്പില്‍ നാല് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണം. കുട്ടിയെ കാണണമെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നെങ്കിലും അച്ഛനെ കാണാന്‍ താല്‍പര്യമില്ലെന്ന് മകള്‍ കോടതിയെ അറിയിച്ചു. 2013 ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപം താമസിക്കുകയായിരുന്ന കേടകളത്തില്‍ ഷൈനിയെയാണ് (32) പ്രതി കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി മൂന്ന് വര്‍ഷത്തോളമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഷൈനി. വിവാഹം ബന്ധം വേര്‍പ്പെടുത്തുന്നതിനായി അഭിഭാഷകനെ സമീപിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ പ്രതി വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് കഴുത്തറുത്തും വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

56 മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. തടയാന്‍ ചെന്ന ഷൈനിയുടെ മാതാവ് കമല (72), അമ്മയുടെ സഹോദരിമാരായ വിമല, തങ്കമണി, എന്നിവര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വാസു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അത്രിക്രമങ്ങള്‍ക്ക് വളരെ ഗുരുതരമായ ശിക്ഷ ലഭിക്കുമെന്ന സന്ദേശമാണ് സമൂഹത്തിന് വിധിയിലൂടെ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only