19 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 19 ജൂലൈ 2021)

🔳ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജന്‍സി മേധാവികളുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുന്നൂറോളം നമ്പറുകള്‍ ചോര്‍ത്തലിന് വിധേയമായെന്നാണ് കരുതുന്നത്. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കള്‍, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവന്‍, നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ടുമന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികള്‍ മുന്‍മേധാവികള്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കൂടാതെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍ അടക്കമുള്ള നാല്‍പ്പതോളം മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ഇതിലുണ്ടെന്നാണ് വിവരം.

🔳ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അതിശയോക്തി കലര്‍ത്തിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

🔳കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജൂലൈ 25 മുതല്‍ 27 വരെ ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കും. കാര്‍ഗില്‍
യുദ്ധസ്മാരകവും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്ട്രപതിയുടെ പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

🔳പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ ആരോഗ്യപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

🔳പാര്‍ലമെന്റ് ധര്‍ണയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളും ഡല്‍ഹി പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന ധര്‍ണയുമായി മുന്നോട്ടുപോകുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ജൂലായ് 22 മുതല്‍ പ്രതിദിനം 200 പേര്‍ വീതം ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

🔳പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ ആഭ്യന്തര-വിദേശ നയങ്ങളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. നമ്മുടെ നികുതി ദായകരുടെ മൂന്നുബില്യന്‍ ഡോളറാണ് അഫ്ഗാനിസ്ഥാനില്‍ നിക്ഷേപിച്ചതെന്നും താലിബാന്‍ തിരികെ അധികാരത്തിലെത്തുന്നതോടെ അതെല്ലാം നശിക്കാന്‍ പോവുകയാണോയെന്നും തരൂര്‍ ചോദിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ വരിനില്‍ക്കുകയാണെന്നും ഇവിടെ ആവശ്യത്തിന് വാക്‌സിനില്ലെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ട വലിയ വിഷയമാണിതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

🔳താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ സംസ്‌ക്കാരം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാറ്. എന്നാല്‍ ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ഥി ആയിരുന്ന സിദ്ദിഖിയ്ക്കു വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.

🔳ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധീഖിയുടെ മരണത്തില്‍ പ്രതികരിക്കാത്തതിനെതിരേ കേന്ദ്രത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധീഖിയുടെ കാര്യത്തിലും രാജ്യത്തെ പണപ്പെരുത്തിന്റെ കാര്യത്തിലും കേന്ദ്രത്തിന് അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ലെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

🔳സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

🔳സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ എംപി എ.സമ്പത്തിനെ നിയമിച്ചത് ദളിതരോടുള്ള സിപിഎമ്മിന്റെ അവഹേളനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ.രാധാകൃഷ്ണന്‍ ഇത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം കാണിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലുണ്ടായ പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷന്‍ ഈ മാസം 25ന് ആലപ്പുഴയിലെത്തും. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് പ്രവര്‍ത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി.സുധാകരന്‍ പ്രതികരിച്ചില്ല.

🔳മിഠായി തെരുവിലെ വഴിയോര കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

🔳വടക്കേ ഇന്ത്യയില്‍ ജൂലായ് 18 മുതല്‍ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെ
കനത്തമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

🔳കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിന്‍ എടുത്ത
കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും.

🔳പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നാലുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.

🔳തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 100 രൂപ വീതം നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി ഉഷാ ഠാക്കൂര്‍. ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.

🔳അധികാരമേറ്റത് മുതല്‍ മയക്കുമരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ശര്‍മ. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രണ്ടിടങ്ങളിലായി മയക്ക് മരുന്നുകള്‍ കൂട്ടിയിട്ട് കത്തിച്ച അസം മുഖ്യമന്ത്രി നാഗോണിലാണ് ബുള്‍ഡോസര്‍ ഓടിച്ച് മദ്യകുപ്പികളക്കം നശിപ്പിച്ചത്. ഹിമന്ദ ബിശ്വ ശര്‍മ അധികാരമേറ്റ്, കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ്. സമൂഹത്തില്‍ മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്മണരെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണവുമായി ബി.എസ്.പി. ബ്രാഹ്മണര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും സമുദായത്തെ ഉണര്‍ത്തുന്നതിന് അടുത്ത ആഴ്ച അയോധ്യയില്‍ നിന്ന് തന്റെ പാര്‍ട്ടി പ്രചാരണം ആരംഭിക്കുമെന്നും മായാവതി പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് തുറന്ന സമീപനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന മനസ്സോടെ തന്നെ ഇക്കാര്യത്തെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

🔳കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും. പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി സെന്‍ എന്നിവരുള്‍പ്പെട്ട തൃണമൂല്‍ നേതാക്കളാണ് പൗരത്വം സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഗായ്ബന്ധ ജില്ലയിലെ പലസ്ബാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിനാഥ്പുരിലാണ് നിഷിത് ജനിച്ചതെന്നാണ് ആരോപണം. നിഷിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും തൃണമൂല്‍ നേതാക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. കൊലപാതമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇദ്ദേഹം.

🔳അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

🔳ഇത്തിഹാദിന് പിന്നാലെ ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയര്‍ലൈനും. ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ ജൂലായില്‍ യു.എ.ഇയിലേക്ക് മടങ്ങാമെന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.

🔳കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോയ്ക്ക്. ടിറ്റാനെ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാനിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിതക്ക് പാം ഡി ഓര്‍ പുരസ്‌കാരം ലഭിക്കുന്നത്. ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ന്‍ ക്യാംപെയ്നാണ് ഈ പുരസ്‌കാരം നേടിയ ആദ്യ വനിത. 1993 ലായിരുന്നു പുരസ്‌കാര നേട്ടം.

🔳ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ നേടിയ ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 95 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 86 റണ്‍സെടുത്ത ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

🔳ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്തായത് പരിക്കുമൂലമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ പരിക്ക് ബി.സി.സി.ഐ മെഡിക്കല്‍ സംഘം പരിശോധിച്ച് വരികയാണെന്ന് ബി.സി.സി.ഐയുടെ മീഡിയ ടീം അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319.

🔳രാജ്യത്ത് ഇന്നലെ 38,319 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,521 പേര്‍ രോഗമുക്തി നേടി. മരണം 501. ഇതോടെ ആകെ മരണം 4,16,333 ആയി. ഇതുവരെ 3,11,43,595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.16 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 2,079 പേര്‍ക്കും കര്‍ണാടകയില്‍ 1,708 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,974 പേര്‍ക്കും ഒഡീഷയില്‍ 2,215 പേര്‍ക്കും ആസാമില്‍ 1,329 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,31,255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,395 പേര്‍ക്കും ബ്രസീലില്‍ 34,126 പേര്‍ക്കും റഷ്യയില്‍ 25,018 പേര്‍ക്കും ഇംഗ്ലണ്ടില്‍ 48,161 പേര്‍ക്കും കൊളംബിയയില്‍ 18,206 പേര്‍ക്കും ഇറാനില്‍ 22,184 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 44,721 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.11 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.29 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,564 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 30 പേരും ബ്രസീലില്‍ 891 പേരും റഷ്യയില്‍ 764 പേരും കൊളംബിയയില്‍ 476 പേരും ഇന്‍ഡോനേഷ്യയില്‍ 1093 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.05 ലക്ഷം.

🔳2021 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബില്‍ കയറ്റുമതി ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം കൈവരിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ വാഹന കയറ്റുമതി 49.9 ശതമാനം വര്‍ധിച്ച് 23.61 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ന്നു. 2014 ന്റെ ആദ്യ പകുതിക്ക് ശേഷമുള്ള (25.23 ബില്യണ്‍ ഡോളര്‍) ഏറ്റവും ഉയര്‍ന്ന കയറ്റുമതി പ്രകടനമാണിത്. വടക്കേ അമേരിക്കയിലേക്കാണ് 2021 ജനുവരി-ജൂണ്‍ കാലയളവില്‍ ഏറ്റവുമധികം കയറ്റി അയച്ചത്, 10.797 ബില്യണ്‍ ഡോളര്‍.

🔳യോഗ്യതയുള്ള പോളിസി ഉടമകള്‍ക്ക് 532 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (പി എന്‍ ബി മെറ്റ് ലൈഫ്). കുറഞ്ഞത് 4.6 ലക്ഷം ഉപഭോക്താക്കളെങ്കിലും ബോണസിന് അര്‍ഹരാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലാഭം കൂടിയതോടെ അതിനനുസൃതമായി ബോണസ് തുകയില്‍ 7 ശതമാനം വര്‍ധനയും കമ്പനി നടത്തിയിരുന്നു. ബോണസ് തുക ഉപഭോക്താക്കളുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേര്‍ക്കും. 2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പോളിസി ഉടമകളും ഇതിന് യോഗ്യരാണ്.

🔳രസകരമായ പ്രണയകഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'എന്നും പൊന്നില്‍ മിന്നും' എന്ന ഈ ഗാനം ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ്ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനം അന്‍വര്‍ സാദത്തും ശ്രീകാന്ത് കൃഷ്ണയുമാണ് ആലപിച്ചിരിക്കുന്നത്. നാല് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

🔳തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് നരേന്റെ 'നരകാസുരന്‍'. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

🔳റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറി. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിംഗിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്.

🔳ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേള്‍ എസ് ബക്കിന്റെ 'ദി ഗുഡ് എര്‍ത്ത്'. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി. രണ്ടാം പതിപ്പ്. ചിന്ത പബ്ളിക്കേഷന്‍. പരിഭാഷ - മിനി മേനോന്‍. വില 418 രൂപ.

🔳സാധാരണഗതിയില്‍ കൊവിഡ് 19ന്റെ ഭാഗമായി നെഞ്ചുവേദന വരാന്‍ സാധ്യത വളരെ കുറവാണ്. കാര്യമായ ലക്ഷണങ്ങളോടെയും തീവ്രതയോടെയും രോഗം ബാധിക്കപ്പെട്ടവരിലാണ് പ്രധാനമായും ശ്വാസതടസവും നെഞ്ചുവേദനയുമെല്ലാം കാണുന്നത്. കൊവിഡിന്റെ ഭാഗമല്ലാതെയും നെഞ്ചുവേദന അനുഭവപ്പെടാം. ഏതവസ്ഥയിലും അസഹ്യമായി തോന്നുകയും നീണ്ടുനില്‍ക്കുകയും ചെയ്താല്‍ നെഞ്ചുവേദനയ്ക്ക് വൈദ്യസഹായം തേടേണ്ടതാണ്. തീവ്രമായ രീതിയില്‍ രോഗം ബാധിക്കപ്പെട്ടവരിലാണ് കൊവിഡ് മൂലമുള്ള നെഞ്ചുവേദന കാണുകയുള്ളൂ. ശ്വാസകോശരോഗമാണ് എന്നതുകൊണ്ട് കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. മറ്റ് പല ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. ഇത് പേശികളില്‍ സമ്മര്‍ദ്ദം വരാനിടയാക്കുകയും ഇക്കൂട്ടത്തില്‍ നെഞ്ചിലെ പേശികളും ഇറുകുകയും വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. ഒപ്പം തന്നെ ശ്വാസതടസവും നേരിടാം. കൊവിഡ് തന്നെ മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ രോഗിയില്‍ 'ന്യുമോണിയ' വരാം. ന്യുമോണിയ വന്നാലും നെഞ്ചുവേദനയുണ്ടാകാം. കൊവിഡ് രോഗികളില്‍ തന്നെ രോഗത്തെ ചൊല്ലിയുള്ള ആശങ്ക വര്‍ധിച്ച് നെഞ്ചുവേദനയുണ്ടാകാം. എന്നാലിത് കൊവിഡ് ഉത്കണ്ഠയാണെന്ന് രോഗി സ്വയം തന്നെ തിരിച്ചറിയേണ്ടതുണ്ട്. കൊവിഡ് നെഞ്ചുവേദനയ്ക്കാണെങ്കില്‍ പനി, ചുമ പോലുള്ള ലക്ഷണങ്ങളും കൂടെ കാണും. ഇതും പ്രത്യേകം കരുതുക. മാനസികമായി ആരോഗ്യത്തോടെയിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ധ്യാനം മനസ്സിന് ഏകാഗ്രതയും സമാധാനവും നല്‍കുമെന്ന് വായിച്ചറിഞ്ഞ ഡോക്ടര്‍ കൂടുതല്‍ അറിയുവാന്‍ തന്റെ ഗുരുവിനെ കാണാന്‍ തീരുമാനിച്ചു. അദ്ദേഹം ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു: ധ്യാനം എന്നെ ഒന്ന് പഠിപ്പിക്കാമോ? അപ്പോള്‍ ഗുരു പറഞ്ഞു: താങ്കള്‍ ഒരു ഡോക്ടറല്ലേ, തന്റെ മുന്നില്‍ വരുന്ന രോഗികളെ കേള്‍ക്കുക, അവര്‍ക്ക് വേണ്ട പ്രതിവിധികള്‍ നല്‍കുക, അവരെ പരിചരിക്കുക. ഇതാണ് നിങ്ങളുടെ ധ്യാനം. ഗുരുവിന്റെ ഉത്തരത്തില്‍ തൃപിനാവാതെ അയാള്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഗുരു തന്റെ ഉത്തരവും ആവര്‍ത്തിച്ചു. ഡോക്ടര്‍ക്ക് വല്ലാതെ ദേഷ്യം വന്നു. താനൊരിക്കലും ഇനി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞു ഡോക്ടര്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍, ഗുരു അദ്ദേഹത്തെ തിരിച്ചു വിളിച്ചിട്ടു പറഞ്ഞു: ' ധ്യാനം എന്നാല്‍ തന്റെ കര്‍മ്മങ്ങള്‍ നന്നായി ചെയ്യുന്ന അവസ്ഥയാണ്' എന്ന്. ധ്യാനം എന്നത് ആര്‍ക്കും ആരേയും പഠിപ്പിക്കാനാവാത്ത ഒന്നാണ്. ആയിരിക്കുന്ന അവസ്ഥയില്‍ ശരിയായി വ്യാപരിക്കുന്നതാണ് ധ്യാനം. ജീവിതത്തെ കുറിച്ചാണ് നാം ധ്യാനിക്കേണ്ടത്. അനുദിന ജീവിത്തിലെ സംഭവങ്ങളും പ്രതികരണങ്ങളുമാണ് നമ്മുടെ ധ്യാന വിഷയങ്ങളായി മാറേണ്ടത്. തിരുത്തലും നവീകരണവുമാണ് ധ്യാനത്തിന്റെ ലക്ഷ്യങ്ങള്‍. അതു പൂര്‍ത്തീകരിക്കാന്‍ പുറത്ത്‌നിന്നും ആര്‍ക്കും സാധ്യമല്ല. ഒരേ സമയം പിന്‍വാങ്ങലും പുറപ്പാടുമാണ് ധ്യാനം. അരുതാത്തതിനെയെല്ലാം ഉപേക്ഷിക്കുകയും അത്യാവശ്യമായവയെ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഓരോ ധ്യാനത്തിലും രണ്ടുതീരുമാനങ്ങളുണ്ട്. എന്തുവന്നാലും ചിലതൊക്കെ അവസാനിപ്പിക്കണം, എന്തുസംഭവിച്ചാലും ചിലതൊക്കെ തുടങ്ങണം. ഓരോ സായഹ്നത്തിലും നടത്തുന്ന വിലയിരുത്തലുകളിലും ഓരോ പ്രഭാതത്തിലും നടത്തുന്ന വിശുദ്ധീകരണത്തിലും നമുക്ക് നമ്മളെ പുനഃപ്രതിഷ്ഠ നടത്താനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only