👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി
(VISION NEWS 28 ജൂലൈ 2021)




നിയമസഭാ കൈയ്യാങ്കളി കേസിൽ കേരള സർക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. ജനപ്രതിനിധികൾക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ എന്നിവരടക്കം കയ്യാങ്കളി കേസിൽ പ്രതികളായ ആറ് എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും.

കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.

2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസിൽ പ്രതികളായ ആറ് ഇടത് എംഎൽഎമാരിൽ മന്ത്രി വി.ശിവൻകുട്ടിയും, കെ.ടി.ജലീലും മാത്രമാണ് ഇപ്പോൾ നിയമസഭാംഗങ്ങളായിട്ടുള്ളത്. ഇപി ജയരാജനടക്കമുള്ളവർ ഇപ്പോൾ എംഎൽഎമാരല്ല.നിയമസഭയിൽ നടന്നത് അംഗങ്ങളുടെ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ വാദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only