18 ജൂലൈ 2021

കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പി പി ഇ കിറ്റ് ധരിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികൻ്റെ വീട്ടിലെത്തി കവർച്ചാ ശ്രമം.പ്രതികൾ പിടിയിൽ
(VISION NEWS 18 ജൂലൈ 2021)


താമരശ്ശേരി: ഒറ്റക്ക് താമസിക്കുന്ന വയോധികൻ്റെ വീട്ടിൽ കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പി പി ഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം. ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി.


പുതുപ്പാടി മണൽ വയലിൽ താമസിക്കുന്ന ഡി.ഡി സിറിയക്കിൻ്റെ വീട്ടിലാണ്  പി.പി.ഇ കിറ്റ് ധരിച്ച് എത്തിയത്.

പിടികൂടിയ പ്രതികളിൽ ഒരാളായ കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശി കണ്ണാടിപറമ്പിൽ അനസ് രണ്ടു ദിവസം മുൻപ് സിറിയക്കിൻ്റെ വീട്ടിൽ എത്തിയിരുന്നു.

ആരോഗ്യ വകുപ്പിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്താനായി എത്തിയതാണെന്ന് പറഞ്ഞായിരുന്നു വന്നത്.ആ സമയം വീടും പരിസരവുമെല്ലാം വീക്ഷിച്ചു, പിന്നീട് കൈവശമുള്ള ബാഗ് നോക്കി പരിശോധനക്കായുള്ള സാമഗ്രി തീർന്നു പോയെന്നും അടുത്ത ദിവസം രാവിലെ എത്താമെന്നും പറഞ്ഞ് സ്ഥലം വിട്ടു.ഇദ്ദേഹത്തിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിറിയക് വാർഡ് മെമ്പറേയും, ആർ ആർ ടിയേയും വിവരം അറിയിച്ചതിനെ തുടർന്നാണ് വ്യാജനാണെന്ന് മനസ്സിലായത്.

അടുത്ത ദിവസം നാട്ടുകാർ ഇയാളെ പിടികൂടാൻ തയ്യാറായി നിന്നെങ്കിലും ഇയാൾ എത്തിയില്ല.


ഇന്നലെ (ശനി) വൈകുന്നേരം ആറു മണിയോടെ പ്രതി വീണ്ടും PPE കിറ്റ് ധരിച്ച് എത്തി.ഈ വിവരം സിറിയക് അകത്ത് പോയി നാട്ടുകാരെ ഫോൺ ചെയ്ത് അറിയിക്കുന്നത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടു, സ്ഥലത്ത് നിന്നും അകലെനിർത്തിയിട്ട ഓട്ടോ വിളിച്ചു വരുത്തി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഓട്ടോറിക്ഷയുടെ പിന്നാലെ പോയാണ് തടഞ്ഞു നിർത്തിയത്.പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അനസിനേയും, ഓട്ടോ ഡ്രൈവർ തെയ്യപ്പാറ തേക്കും തോട്ടം അരുണിനേയും താമരശ്ശേരി പോലീസിന് കൈമാറി.


ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കത്തി, മുളക് പൊടി, കയർ തുടങ്ങിയവ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

തന്നെ വധിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടതെന്നും, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും, ഒറ്റക്ക് താമസിക്കുന്നവരെ നോട്ടമിടുന്ന സംഘമാണെന്നും, ഇവർക്ക് പിന്നിൽ വേറെയും ആളുകൾ ഉണ്ടാവാമെന്നും സിറിയക് പറഞ്ഞു.

ഇവർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കറങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only