👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 17 ജൂലൈ 2021)

🔳ഇന്ത്യയ്ക്ക് കോവിഡിനെതിരേയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം നിയന്ത്രിക്കാന്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

🔳രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

🔳രാജ്യത്ത് ഒരു ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് ഐ.സി.എം.ആര്‍. പഠനം. വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്.

🔳രാജ്യത്ത് 12-18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. സൈഡസ് കാഡില വികസിപ്പിച്ച ഡിഎന്‍എ വാക്സിന്റെ പരീക്ഷണം 12-18 വയസ് പ്രായപരിധിയിലുള്ളവരില്‍ പൂര്‍ത്തിയായതായും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു

🔳രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.

🔳ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രിമാരായ എ.കെ. ആന്റണി, ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മുകുന്ദ് നരവനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

🔳ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ടെന്നും അവരെ പാര്‍ട്ടിയിലേക്കെത്തിക്കണമെന്നും ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ടെന്നും അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

🔳ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന സര്‍ക്കാരല്ല അത് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തമിഴ്‌നാട് കോണ്‍ഗ്രസ് ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവിലയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ് ചുമത്തുന്നുണ്ടെന്നും സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേയ് 2 മുതല്‍ ഇതുവരെ 40 തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കൂട്ടിയതെന്നും പെട്രോളിനും ഡീസലിനും വില കൂടുന്നതിനൊപ്പം പച്ചക്കറി, പയര്‍, പഴങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കും വിലകൂടുകയാണെന്നും അദ്ദേഹം വ്യക്മാക്കി.

🔳സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴാഴ്ച 1,50,000 ഡോസ് വാക്‌സിന്‍ കൂടി എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 1,21,130 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്താകെ 1,19,14,025 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 45,66,110 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.  

🔳സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നെടുങ്കാട് സ്വദേശിക്കും ആനയറ സ്വദേശിനിക്കുമാണ് സിക്ക വൈറസ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 30 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി.  

🔳ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഇന്നലെ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

🔳ലോക്ഡൗണില്‍ കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്.

🔳സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയാക്കി ഉയര്‍ത്തി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകള്‍ക്കായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. നേരത്തെ 80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നത്, സ്‌കോളര്‍ഷിപ്പ തുക വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നും ലഭിക്കും. അതേസമയം ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍നിന്ന് നാലരക്കോടിയായി ഉയരും.

🔳കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതി. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് ദര്‍ശനത്തിനെത്താം. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

🔳കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വളരെ നല്ല രീതിയില്‍ നേരിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയതുകൊണ്ട് സംസ്ഥാനത്തെ യഥാര്‍ത്ഥ കോവിഡ് സ്ഥിതി മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം.

🔳കോവിഡ് വ്യാപനത്തിനിടെ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ നിലപാട് തിരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കന്‍വര്‍ യാത്ര റദ്ദാക്കാനായി യുപി സര്‍ക്കാര്‍ തീര്‍ഥാടനത്തിന്റെ നടത്തിപ്പുകാരായ കന്‍വര്‍ യൂണിയനുകളെ സമീപിച്ചു. കോവിഡ് സാഹചര്യത്തില്‍ തീര്‍ഥാടനം റദ്ദാക്കണമെന്ന കാര്യം കന്‍വര്‍ യൂണിയനുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് യുപി സര്‍ക്കാര്‍.

🔳വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കുകള്‍ക്കു കൈമാറിയ ഓഹരികളാണ് അവര്‍ വിറ്റത്. വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളാണ് ഇവര്‍.

🔳റഷ്യന്‍ യാത്രാ വിമാനം പറന്നുയര്‍ന്നതിന് ശേഷം കാണാതായി. സൈബീരിയന്‍ മേഖലയിലെ ടോംസ്‌കില്‍ വെച്ചാണ് വിമാനം കാണാതായത്. 28 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 13 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

🔳ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്ക് അത് സാധിക്കുമെന്ന് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍. ഇസ്ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഹു സിജിന്‍ രംഗത്തെത്തിയത്.

🔳അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിരാശാജനകമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'മധ്യ-ദക്ഷിണ ഏഷ്യ പ്രാദേശിക ബന്ധം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തില്‍ ഉസ്ബക്കിസ്ഥാനില്‍നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.

🔳വെള്ളപ്പൊക്കത്തിലും പ്രളയത്തിലും പകച്ച് യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയും ബെല്‍ജിയവും. ജര്‍മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 90 ആയി ഉയര്‍ന്നു. ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

🔳ഒമാന്‍ വേദിയാകുന്ന 2021ലെ ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ പ്രഖ്യാപിച്ച് ഐ.സി.സി. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ്. മാര്‍ച്ച് 20-ലെ ട്വന്റി 20 റാങ്കിങ് അനുസരിച്ചാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടംനേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് ഒന്ന്. ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍. ആദ്യ റൗണ്ടില്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന നാല് ടീമുകള്‍ കൂടി സൂപ്പര്‍ 12-ല്‍ ഇടംനേടും.

🔳കേരളത്തില്‍ ഇന്നലെ 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.  

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301.

🔳രാജ്യത്ത് ഇന്നലെ 38,109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 43,869 പേര്‍ രോഗമുക്തി നേടി. മരണം 560. ഇതോടെ ആകെ മരണം 4,18,361 ആയി. ഇതുവരെ 3,10,63,987 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.18 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,761 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 2,312 പേര്‍ക്കും കര്‍ണാടകയില്‍ 1,806 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,345 പേര്‍ക്കും ഒഡീഷയില്‍ 2,070 പേര്‍ക്കും ആസാമില്‍ 1,782 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു. ഇന്നലെ 5,29,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 34,880 പേര്‍ക്കും ബ്രസീലില്‍ 45,591 പേര്‍ക്കും റഷ്യയില്‍ 25,704 പേര്‍ക്കും ഇംഗ്ലണ്ടില്‍ 51,870 പേര്‍ക്കും അര്‍ജന്റീനയില്‍ 17,261 പേര്‍ക്കും കൊളംബിയയില്‍ 17,893 പേര്‍ക്കും സ്‌പെയിനില്‍ 31,060 ഇറാനില്‍ 21,885 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 54,000 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 15,939 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,855 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 250 പേരും ബ്രസീലില്‍ 1,348 പേരും റഷ്യയില്‍ 799 പേരും അര്‍ജന്റീനയില്‍ 463 പേരും കൊളംബിയയില്‍ 500 പേരും ഇന്‍ഡോനേഷ്യയില്‍ 1205 പേരും സൗത്ത് ആഫ്രിക്കയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.90 ലക്ഷം.

🔳ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍ നിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍ നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,000 കോടി രൂപയും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 15,000 കോടി രൂപയുമാണ് മൂലധന വിപണിയില്‍നിന്ന് എല്‍ഐസി ലാഭമെടുത്തത്.

🔳പ്രോജക്റ്റ് കൈപ്പറി'ല്‍ പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ ഒരു ഡസനിലധികം ഉപഗ്രഹ വിദഗ്ധരെ ഫേസ്ബുക്കില്‍ നിന്ന് സ്വന്തമാക്കി. യുഎസിലും വിദേശത്തും ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വയര്‍ലെസ് ഇന്റര്‍നെറ്റ് വിദഗ്ധരെ ആമസോണ്‍ നിയമിച്ചത്. താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിക്കായി വന്‍ നിക്ഷേപമാണ് ആമസോണ്‍ നടത്തുന്നത്.

🔳പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ ആദ്യമായി കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ' നീ ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജി സ്‌ക്വയര്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഉമാ നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം കൈലാസ് മേനോന്‍.

🔳സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്റെ ട്രെയ്ലര്‍ പുറത്തെത്തി. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേതെന്ന് ട്രെയ്ലര്‍ പറയുന്നു. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

🔳2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആര്‍വി 300, ആര്‍വി 400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് നിര്‍ത്തിവച്ച ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങി. പക്ഷേ വില്‍പ്പന തുടങ്ങി മിനിട്ടുകള്‍ക്കകം ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചിരിക്കുകയാണ് റിവോള്‍ട്ട് ഇ വി. തുടങ്ങി മിനിട്ടുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുകയായിരുന്നു. ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ ഡെലിവറി ലഭിക്കും.

🔳പുരാണ പ്രസിദ്ധമായ കൃഷണകുചേല ബന്ധത്തിന്റെ ആധുനിക വ്യാഖ്യാനമാണ് ഈ നോവല്‍. ഭഗവദ് ഗീത ഉദ്ഘോഷിക്കുന്ന കര്‍മ്മസിദ്ധാന്തമാണ് ഈ രചനയുടെ ചേതന. 'കര്‍മ്മയോഗം'. ഡോ. നരേന്ദ്ര കോഹ്ലി. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 90 രൂപ.

🔳വാക്സിന്‍ സ്വീകരിച്ചശേഷം കോവിഡ് പോസിറ്റീവായവരില്‍ ബഹുഭൂരിപക്ഷത്തിനും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം. ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും സ്വീകരിച്ചശേഷം കോവിഡ് ബാധിതരായവരില്‍ 86 ശതമാനത്തിനും രോഗകാരണമായത് ഡെല്‍റ്റ വകഭേദമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷന് ശേഷമുള്ള കോവിഡ് ബാധയെക്കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐസിഎംആറിന്റേത്. വാക്സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സ്വീകരിച്ചശേഷം രോഗബാധിതരായ 677 പേരിലാണ് പഠനം നടത്തിയത്. പഠനം നടത്തിയവരില്‍ വാക്സിന്‍ സ്വീകരിച്ചശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09 ശതമാനം പേര്‍ക്കാണ്. വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് ആയതില്‍ 9.8% പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെയും മരണനിരക്കിനെയും കുറയ്ക്കാന്‍ വാക്സിനേഷനന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
പരോപകാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ അയാളുടെ മരണവാര്‍ത്ത കേട്ടാണ് അന്ന് രാവിലെ ആ ഗ്രാമം ഉണര്‍ന്നത്. ഈ വാര്‍ത്ത ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളേയും ഞെട്ടിച്ചു. സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ഗ്രാമമുഖ്യന്‍ അദ്ദേഹത്തെ ഇങ്ങനെ സ്മരിച്ചു: ' ഇതൊരു ഭാഗ്യമരണമാണ്. പ്രായാധിക്യത്തിന്റെ ഒരു പ്രശ്‌നങ്ങളും ഇദ്ദേഹത്തെ വലച്ചിരുന്നില്ല. മാത്രവുമല്ല, ഇന്നലെ സന്ധ്യവരെ നാട്ടിലെ ക്ഷേമപ്രവര്‍ത്തനങ്ങളിലും പിന്നീട് സ്വന്തം വീട്ടിലെ ആഘോഷപരിപാടികളിലുമായിരുന്നു ഇദ്ദേഹം സമയം ചിലവഴിച്ചിരുന്നത്. രാത്രി മനഃസമാധാനത്തോടെ ഉറങ്ങുന്നതിനിടയിലാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. അതുകൊണ്ട്തന്നെ ഇതൊരു ഭാഗ്യമരണമാണ്'. ഗ്രാമം മൊത്തം അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് യോജിച്ചു. മരണശേഷം ആര്‍ക്കും വിശുദ്ധരാകാന്‍ കഴിയില്ല. നേരോടെ ജീവിച്ചതിന് മരണശേഷം ലഭിക്കുന്ന സാക്ഷ്യപത്രമാണത്. എങ്ങനെ മരിച്ചു എന്ന ചോദ്യത്തേക്കാള്‍ പ്രസക്തവും പ്രയോജനകരവുമാണ് എങ്ങനെ ജീവിച്ചു എന്നത്. മരണകാരണത്തെ കുറിച്ചുള്ളചര്‍ച്ചകള്‍ക്ക് ആയുസ്സ് കുറവാണ്. എങ്ങനെ ജീവിച്ചു എന്നത് തലമുറകളോളം തുടരും. മരണമെങ്ങനെ എന്നത് മുന്നറിയിപ്പില്ലാത്ത യാഥാര്‍ത്ഥ്യവും ജീവിതമെങ്ങനെ എന്നത് തിരക്കഥയെഴുതി നമുക്ക് തന്നെ തയ്യാറാക്കാവുന്ന കാര്യവുമാണ്. തന്റെ ജീവിതമാണോ അതോ മരണമാണോ മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന് സ്വയം വിലയിരുത്തിയാല്‍ തിരുത്തലോടു കൂടിയ പുതിയ ജീവിതരൂപകല്‍പനയ്ക്കുള്ള സാധ്യതകള്‍ തെളിയുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only