12 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 12 ജൂലൈ 2021)


🔳പദ്മ പുരസ്‌കാരങ്ങള്‍ക്ക് മികച്ച ആളുകളെ നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സെപ്റ്റംബര്‍ 15-നകം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുറ്റ ധാരാളം ആളുകള്‍ രാജ്യത്തുണ്ടെന്നും അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ www.padmaawards.gov.in എന്ന സൈറ്റിലൂടെ നിര്‍ദേശിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.

🔳മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമിത് ഷാ. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ടെന്നും, എന്നാല്‍ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാവാണ് മോദിയെന്നും ഷാ പറഞ്ഞു.

🔳കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്‌സിനേഷന് സാധിക്കുമെന്ന് ഐസിഎംആര്‍ പഠനം. തമിഴ്‌നാട് പോലീസ് സേനയില്‍ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതിലൂടെ വാക്സിനേഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തല്‍. കോവിഡ്-19 രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ ഇത് 82 ശതമാനമാണെന്നും ഐസിഎംആര്‍ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.

🔳കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും പക്ഷേ ജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്നും ട്വീറ്റില്‍ രാഹുല്‍ വിമര്‍ശിക്കുന്നു.

🔳പോലീസ് കസ്റ്റഡിയില്‍ മരിച്ച സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയാത്തതെന്ന് ശിവസേന നേതാവും എം.പി.യുമായ സഞ്ജയ് റാവത്ത്. ഇന്ത്യയുടെ അടിത്തറ വളര ശക്തമാണ്, ഒരു 84കാരന്‍ വിചാരിച്ചാല്‍ അത് തകരില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അതെങ്ങനെയാണ് രാജ്യത്തിനെതിരായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശം. ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു വയോധികനെ ഭയക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമുള്ളതും
ദുര്‍ബലമായ മനോനിലയുള്ളതുമാണെന്നും റാവത്ത് വിമര്‍ശിച്ചു.

🔳രാജ്യത്തിന്റെ സമ്പദ്-വ്യവസ്ഥ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ തയ്യാറാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും, ജിഡിപി വര്‍ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

🔳മുന്‍ കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദിനും പ്രകാശ് ജാവഡേക്കറിനും ബി.ജെ.പി.യിലെ ഉന്നത പദവികള്‍ നല്‍കിയേക്കുമെന്ന് സൂചന. ജൂലായ് ഏഴിനു നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിനു മുമ്പായി ഈ മന്ത്രിമാരും അവരുടെ സഹമന്ത്രിമാരും രാജി വെച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആയിരിക്കും ഇവര്‍ക്കും നല്‍കുകയെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പിന്തുണ തേടിയുമാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്. ചില കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

🔳സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബിലേക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

🔳സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം - തൃശൂര്‍ - കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി പുണെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍ കിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍. വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ഈ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

🔳നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് പറയാന്‍ പ്രതി സരിത്തിന് സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നതെന്നും, പക വീട്ടാന്‍ ഏതറ്റവുംവരെ പോകുന്ന പിണറായി വിജയന്റെ വൃത്തികെട്ട മനസാണ് ഇതിലൂടെ കാണുന്നതെന്നും സുധാകരന്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

🔳മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (74) കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

🔳കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 15 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 13 വരെ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🔳കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍. ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇടപെടാനാകില്ലെന്നും ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുകയെന്നും പവാര്‍ പറഞ്ഞു. താന്‍ കേന്ദ്ര മന്ത്രിയായിരുന്ന കാലത്തും ഇതേ നിയമം നിലവിലുണ്ടായിരുന്നുവെന്നും മാധ്യമങ്ങളാണ് ഇപ്പോള്‍ ഇത് ഒരു പുതിയ കാര്യമെന്ന രീതിയില്‍ അനാവശ്യ പ്രാധാന്യം നല്‍കി നിറം പിടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ വിലവര്‍ധനയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🔳ദളിതരുടെയും പിന്നാക്ക സമുദായത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കേണ്ട ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാഷ്ട്രീയമായി ബിഎസ്പി-ക്ക് ബദല്‍ തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മായാവതിയുടെ പാര്‍ട്ടി ഭയക്കുകയാണെന്നും കേന്ദ്രത്തെ എതിര്‍ക്കേണ്ട സ്ഥലത്ത് പോലും അവര്‍ അന്വേഷണങ്ങളെ ഭയന്ന് മൃദുസമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പറന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 8:40ന് ആണ് അദ്ദേഹം അമേരിക്കയിലെ ന്യൂ മെക്സിക്കോയില്‍ നിന്ന് യാത്രതിരിച്ചത്. ബഹിരാകാശ ടൂറിസം രംഗത്ത് വലിയ നാഴികല്ലായി തന്റെ യാത്ര മാറും എന്നാണ് ബ്രാന്‍സണ്‍ വിലയിരുത്തുന്നത്. ബ്രാന്‍സണ്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ ആറ് യാത്രക്കാരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.

🔳പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. 1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്.

🔳യൂറോ 2020 ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങള്‍ മത്സരിച്ചു കളിച്ചു. യൂറോയില്‍ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.

🔳വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി. ഇന്നലെ നടന്ന ഫൈനലില്‍ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

🔳കേരളത്തില്‍ ഇന്നലെ 1,16,563 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,502 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ : മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242.

🔳രാജ്യത്ത് ഇന്നലെ 37,645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,674 പേര്‍ രോഗമുക്തി നേടി. മരണം 720. ഇതോടെ ആകെ മരണം 4,08,792 ആയി. ഇതുവരെ 3,08,73,907 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.45 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,775 പേര്‍ക്കും കര്‍ണാടകയില്‍ 1,978 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,665 പേര്‍ക്കും ഒഡീഷയില്‍ 2,282 പേര്‍ക്കും ആസാമില്‍ 1,579 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,62,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 6,361 പേര്‍ക്കും ബ്രസീലില്‍ 20,937 പേര്‍ക്കും റഷ്യയില്‍ 25,033 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,772 പേര്‍ക്കും കൊളംബിയയില്‍ 19,423 പേര്‍ക്കും ഇറാനില്‍ 17,664 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 36,197 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 16,302 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.76 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,050 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 23 പേരും ബ്രസീലില്‍ 539 പേരും റഷ്യയില്‍ 749 പേരും അര്‍ജന്റീനയില്‍ 280 പേരും കൊളംബിയയില്‍ 528 പേരും ഇന്‍ഡോനേഷ്യയില്‍ 1007 പേരും സൗത്ത് ആഫ്രിക്കയില്‍ 151 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.48 ലക്ഷം ആയി.

🔳ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ജൂലൈ ആദ്യവാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി കണക്ക്. 2019-20 കാലത്തെ അപേക്ഷിച്ച് 35 ശതമാനമാണ് വര്‍ധന. ഇറക്കുമതി 11.5 ശതമാനം ഉയര്‍ന്നു. 2019-20 കാലത്തെ അപേക്ഷിച്ചതാണിത്. 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനമാണ് വര്‍ധനവ്. കയറ്റുമതി വളര്‍ച്ചയെ നയിച്ചത് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. 2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെ ഇറക്കുമതി 365 ശതമാനം വര്‍ധിച്ചു. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി 39 ശതമാനം ഉയര്‍ന്നു.

🔳പലിശയില്ലാതെ 1000 രൂപ വരെ ലോണ്‍ നല്‍കുന്ന പോസ്റ്റ്പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. ബയ് നൗ, പേ ലേറ്റര്‍ സേവനം വിപുലപ്പെടുത്തിയാണ് ക്രെഡിറ്റ് നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ഇന്‍സ്റ്റന്റ് ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് പെടിഎം. ഉപഭോക്താക്കള്‍ക്ക് 250 മുതല്‍ 1000 രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകുന്നതാണ് പെടിഎമ്മിന്റെ പോസ്റ്റ്പെയ്ഡ് മിനി. പണം തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ സമയമാണ് ലഭിക്കുക.

🔳ജോജു ജോര്‍ജ് നായകനാകുന്ന 'പീസ്' ചിത്രത്തില്‍ പരീക്ഷണാത്മക ഗാനവുമായി ഷഹബാസ് അമന്‍. സറ്റയര്‍ സ്വഭാവമുള്ള ''മാമ ചായേല്‍ ഉറുമ്പ്'' എന്ന പാട്ട് ആലപിച്ചിരിക്കുകയാണ് ഷഹബാസ്. പാട്ടിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. സിനിമയുടെ സംവിധായകന്‍ കൂടിയായ സന്‍ഫീര്‍.കെ ആണ് പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ഉടുമ്പി'ലെ മൂന്നാമത്തെ ഗാനം റിലീസായി. ''കിളിമകളേ നീ വീണെരിഞ്ഞുവോ'' എന്നു തുടങ്ങുന്ന ചിത്രത്തിന്റെ തീം സോംഗ് ആണ് എത്തിയിരിക്കുന്നത്. സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഹരിനാരായണന്റെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസാണ് ഈണം പകര്‍ന്നിരിക്കുന്നത്. എക്‌സ്ട്രീം ത്രില്ലര്‍ ജോര്‍ണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പുതുമുഖ താരം എയ്ഞ്ചലീനയാണ് നായിക.

🔳ബോളീവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗിന്റെ വാഹന പ്രേമം പ്രസിദ്ധമാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക് ജിഎല്‍എസിനെയാണ് അദ്ദേഹം പുതുതായി ഗാരേജില്‍ എത്തിച്ചത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. 2019 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ സജീവമായ മേഴ്സിഡസ് വാഹനമാണിത്. 2.43 കോടി രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. കഴിഞ്ഞ മെയ് മാസത്തില്‍ ആണ് 3.15 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ലംബോര്‍ഗിനി ഉറുസ് എസ്.യു.വി-യുടെ പേള്‍ ക്യാപ്സ്യൂള്‍ എഡിഷന്‍ രണ്‍വീര്‍ സ്വന്തമാക്കിയത്. മൂന്നു കോടിയോളം എക്‌സ് ഷോറൂം വില വരുന്ന ലംബോര്‍ഗിനി ഉറുസ് 2019ല്‍ തന്നെ താരത്തിന്റെ ഗാരേജിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only