03 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 ജൂലൈ 2021)


🔳ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോമ്പൗണ്ടില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വീഴ്ചയ്ക്കെതിരേ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് സമീപവും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.

🔳കോവിഡ് വാക്സിന്‍ ലഭ്യതക്കുറവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. വാക്സിന്‍ വിതരണം സംബന്ധിച്ച് നല്‍കിയ വിശദീകരണം കാണാതെ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങള്‍ അഹങ്കാരമാണെന്ന് അദ്ദേഹം ആരോപിച്ചു. അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സിന്‍ ലഭ്യമല്ലെന്നും ഒരു നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണമെന്നും ഹര്‍ഷവര്‍ധന്‍ ട്വീറ്റില്‍ പറഞ്ഞു.

🔳കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

🔳കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്താരാഷ്ട്ര ഫോണ്‍ കോളുകളെ മാറ്റിമറിച്ച് ഭീകര പ്രവര്‍ത്തനത്തിന് വരെ ഉപയോഗിക്കാവുന്ന നിരവധി ഉപകരണങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. 713 സിം കാര്‍ഡുകളും നിരവധി കോള്‍ റൂട്ടിംഗ് ഡിവൈസുകളും ഇന്‍വേര്‍ട്ടര്‍ ബോക്സുകളും കണ്ടെത്തിയതായി കോഴിക്കോട് ഡിസിപി സ്വപ്നത് എം മഹാജന്‍ ഐ.പി.എസ് പറഞ്ഞു. സ്വര്‍ണക്കടത്തോ ഭീകരപ്രവര്‍ത്തനമോ ആയി ഇതിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഫോണ്‍കോളുകളെ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള ഫോണ്‍ കോളുകളായി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം.

🔳കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്.


🔳സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ഇന്ന് മുതല്‍ ഇത് പ്രസിദ്ധീകരിക്കുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.  

🔳തമിഴ്നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് കിറ്റക്സ്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ ഈ ക്ഷണം വന്നിരിക്കുന്നത്. സബ്സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിട്ടുളളതെന്ന് കിറ്റക്സ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കിറ്റക്സ് അന്തിമതീരുമാനമെടുത്തിട്ടില്ല.

🔳പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

🔳പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതിയില്‍ പ്രതികരണവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.
റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വ്വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ലെന്നും പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും കാല്‍നടയാത്ര കാരുടെയും സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് പറഞ്ഞു. ആദരവ് നല്‍കണമെന്ന് കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യത്തില്‍ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്നും ആര്‍. പ്രശാന്ത് പറഞ്ഞു. .

🔳ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു. വെല്ലിങ്ടണ്‍ ഐലന്റിലെ ഓഫീസാണ് പൂട്ടുന്നത്. ഭരണപരിഷ്‌കാര നടപടികളേത്തുടര്‍ന്നുള്ള വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമെന്നാണ് വിവരം. കേരളത്തില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സേവ് ലക്ഷദ്വീപ് ഫോറമടക്കം ആരോപണവുമായി രംഗത്തെത്തി. കേരളവുമായുള്ള ബന്ധത്തെ തകര്‍ക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് അവര്‍ ആരോപിച്ചു.

🔳ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. ഇന്നലെ രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. നിലവില്‍ എം.എല്‍.എ. അല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി.

🔳പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഘര്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെതിരേ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.

🔳സിബിഐ അന്വേഷിക്കുന്ന അഴിമതി കേസുകളില്‍ പ്രതിയായ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തുഷാര്‍ മേത്തയെ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം നിഷേധിച്ച തുഷാര്‍ മേത്ത, സുവേന്ദു അധികാരി അറിയിക്കാതെയാണ് എത്തിയതെന്നും കൂടിക്കാഴ്ച നടന്നില്ലെന്നും പറഞ്ഞു.

🔳ശ്രീലങ്കന്‍ തീരത്തിനടുത്ത് കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ചുണ്ടായ സമുദ്ര മലിനീകരണത്തെ തുടര്‍ന്ന് നൂറുകണക്കിന് കടലാമകള്‍ ചത്തടിയുന്നതായി റിപ്പോര്‍ട്ട്. രാസമലിനീകരണം മൂലം 176 ആമകളും 20 ഡോള്‍ഫിനുകളും നാല് തിമിംഗലങ്ങളുമാണ് ഇതുവരെ ചത്ത് തീരത്തടിഞ്ഞത്. കൊളംബോയിലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

🔳യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. നേരത്തേ ജുലായ് ഏഴ് മുതല്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു.

🔳ഇന്ത്യയുടെ മാന പട്ടേല്‍ ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കും. യൂണിവേഴ്സാലിറ്റി ക്വാട്ടയിലാണ് മാന യോഗ്യത നേടിയത്. നൂറ് മീറ്റര്‍
ബാക്ക്സ്ട്രോക്കിലാവും മത്സരിക്കുക. ടോക്യോ ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് മാന.

🔳പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് സ്പെയിന്‍ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനാണ് സ്പെയിന്‍ സ്വിസ് പടയെ തകര്‍ത്തത്. തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഉനൈ സിമോണിന്റെ പ്രകടന മികവിലാണ് സ്പെയിന്‍ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.

🔳ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് അസൂറിപ്പട ബെല്‍ജിയത്തെ കീഴടക്കിയത്. ഈ വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തിയാക്കി. മാന്‍ചീനിയുടെ കീഴില്‍ അദ്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി സെമിഫൈനലില്‍ സ്പെയിനിനെ നേരിടും.

🔳കേരളത്തില്‍ ഇന്നലെ 1,19,659 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216

🔳രാജ്യത്ത് ഇന്നലെ 43,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56,843 പേര്‍ രോഗമുക്തി നേടി. മരണം 722. ഇതോടെ ആകെ മരണം 4,01,068 ആയി. ഇതുവരെ 3,05,01,189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.9 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 4,230 പേര്‍ക്കും കര്‍ണാടകയില്‍ 2,984 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,464 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,422 പേര്‍ക്കും ഒഡീഷയില്‍ 3,222 പേര്‍ക്കും ആസാമില്‍ 2,453 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,24,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 15,597 പേര്‍ക്കും ബ്രസീലില്‍ 65,165 പേര്‍ക്കും അര്‍ജന്റീനയില്‍ 20,888 പേര്‍ക്കും കൊളംബിയയില്‍ 28,005 പേര്‍ക്കും റഷ്യയില്‍ 23,218 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 24,270 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,125 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 25,830 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.38 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.15 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,935 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 301 പേരും ബ്രസീലില്‍ 1,763 പേരും അര്‍ജന്റീനയില്‍ 610 പേരും കൊളംബിയയില്‍ 586 പേരും റഷ്യയില്‍ 679 പേരും ഇന്‍ഡോനേഷ്യയില്‍ 539 പേരും സൗത്ത് ആഫ്രിക്കയില്‍ 303 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 39.79 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ല്‍ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷന്‍ പോസ്റ്റിലൂടെ മുന്നു കോടി രൂപ (4,03,000 ഡോളര്‍)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 19-ാംസ്ഥാനത്തായിരുന്നു അവര്‍. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്‌സുമാണുള്ളത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന്‍ പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.

🔳സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിട്ടിലേലം ആരംഭിക്കുന്നു. സഹകരണ ബാങ്കുകളുടെ 100 കണക്കിന് ചിട്ടികളാണ് മുടങ്ങിയത്. കെഎസ്എഫ്ഇയില്‍ നാല്‍പ്പതിനായിരത്തോളം ചിട്ടികളുടെ ലേലമാണ് മുടങ്ങിയിരിക്കുന്നത്. ലേലം നടക്കാത്തതിനാല്‍ ചിട്ടി അടവ് സംഖ്യ കൂടും. ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തതിരുന്നത് മൂലമാണ് സഹകരണ ബാങ്കുകള്‍ക്ക് ചിട്ടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ പോയത്. പ്രവാസി ചിട്ടികള്‍ക്കായി ഒരുക്കിയ രീതിയിലുളള ഓണ്‍ലൈന്‍ സംവിധാനം എല്ലാ ചിട്ടികള്‍ക്കുമായി ഒരുക്കുന്നതിനുളള ശ്രമം കെഎസ്എഫ്ഇയും ആരംഭിച്ചിട്ടുണ്ട്.

🔳സംവിധായകന്‍ റോബിന്‍ ജോസഫ് ഒരുക്കുന്ന 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറയുന്നത്. നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് ഗാനങ്ങളാണുള്ളത്.

🔳നടന്‍ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് 'മോണിക്ക'യുടെ ടെറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് സീരിസിന്റെ കഥ സഞ്ചരിക്കുന്നത്.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ഫാസിനോ. ഇപ്പോഴിതാ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച യമഹ ഫാസിനോ 125 അനാവരണം ചെയ്തിരിക്കുന്നു. യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക് ഡ്രം ബ്രേക്ക് വകഭേദങ്ങളില്‍ വാഹനം ലഭിക്കും.

🔳കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് 'ലീലാതിലകം'. എട്ടു ശില്പ ങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണി പ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നു മുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെ ടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. 'ലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍'. പരിഭാഷ പ്രൊഫ. ഗോപിക്കുട്ടന്‍. ഡിസി ബുക്‌സ്. വില 123 രൂപ.

🔳മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, ഗുണമേന്മയില്ലാത്ത സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളും മുതിര്‍ന്നവരിലെ മുഖക്കുരുവിന് പിന്നിലുണ്ട്. സ്ത്രീകളിലാണെങ്കില്‍ മുതിര്‍ന്നവരിലും ഹോര്‍മോണ്‍ പ്രശ്നങ്ങളെ തുടര്‍ന്ന് മുഖക്കുരുവുണ്ടാകാം. പുരുഷന്മാരിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിക്കാറുണ്ട്. ചര്‍മ്മസംരക്ഷണത്തിന് ചിട്ട സൂക്ഷിക്കുന്നതിലൂടെ തന്നെ ഇത്തരത്തില്‍ മുഖക്കുരു വരുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും. ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഖക്കുരുവിനാണെങ്കില്‍ ഇതിനായി പ്രത്യേകമുള്ള സപ്ലിമെന്റ്സ് കഴിക്കാം. മഗ്‌നീഷ്യം സപ്ലിമെന്റുകള്‍, ബി-6 ഗുളികകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഒഴിവാക്കാന്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 'ബെന്‍സോയില്‍ പെറോക്സൈഡ്', 'സാലിസിലിക് ആസിഡ്' അല്ലെങ്കില്‍ 'റെറ്റിനോയിഡ്സ്' എന്നിവ അടങ്ങിയത് വാങ്ങിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത് അടിസ്ഥാനമാണ്. ഷുഗര്‍ കുറവുള്ള- ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണം കൂടുതലായി തെരഞ്ഞെടുക്കാം. അതുപോലെ പാല്‍- പാലുത്പന്നങ്ങള്‍ എന്നിവ പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
കുറെ നാളുകളായി എന്നും ഒരു പക്ഷി മുറ്റത്ത് വന്നിരിക്കും. അതിനെ കാണുന്നതു തന്നെ അവള്‍ക്ക് വലിയ കൗതുകമാണ്. പിന്നീടവള്‍ എന്നുമതിന് ഭക്ഷണം നല്‍കാന്‍ തുടങ്ങി. അതിനെ ഒന്ന് പിടിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമാണ്. പക്ഷേ, പിടിക്കാന്‍ ചെല്ലുമ്പോഴേക്കും ആ പക്ഷി പറന്നുപോകും. ഒരു ദിവസം അവള്‍ ആ പക്ഷിയോട് ചോദിച്ചു: 'നിന്റെ ചിറകുകള്‍ എനിക്ക് കടം തരുമോ...' അപ്പോള്‍ പക്ഷി പറഞ്ഞു: ' ആദ്യം നീ സ്വന്തമായി ഒരു ആകാശം ഉണ്ടാക്കൂ.. അപ്പോള്‍ ഞാന്‍ നിനക്ക് ചിറകുകള്‍ തരാം..' എന്തെല്ലാം ഉണ്ട് എന്നതിലല്ല, ഉള്ളത് എങ്ങനെ നാം വിനിയോഗിക്കുന്നു എന്നതാണ് മികവിന്റെ മാനദണ്ഡം. ഉപകരിക്കാത്ത സ്ഥിര നിക്ഷേപം കൊണ്ട് ആര്‍ക്ക് എന്തുപ്രയോജനം? സമ്പാദ്യങ്ങളുടെ പേരിലല്ല ആരേയും വിലയിരുത്തേണ്ടത്, സമ്പത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ പേരിലായിരിക്കണം. കഴിവുകള്‍ തരണമേ എന്ന പ്രാര്‍ത്ഥനയേക്കാള്‍ ഉള്ള കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയാണ് ആവശ്യം. ഇല്ലാത്ത കാര്യങ്ങളുടെ പട്ടിക നിരത്തി കൈവശമുള്ള കാര്യങ്ങളെ മൂടിവെയ്ക്കുന്നതുകൊണ്ടാണ് പലര്‍ക്കും നിയോഗവും ദൗത്യവും കണ്ടെത്താനാകാതെ പോകുന്നത്.. ആകാശം നിര്‍മ്മിക്കണമെങ്കില്‍ ആഗ്രഹവും ആര്‍ജ്ജവവും വേണം. ഒരാള്‍ക്കും മറ്റൊരാളുടെ സഞ്ചാരപഥങ്ങളെ ക്രമീകരിക്കാനാകില്ല. തനതു ചിന്തകള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് സ്വയം നിര്‍മ്മിക്കുന്ന ലോകത്തുമാത്രമേ ആര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകൂ. അപരന്‍ നിര്‍മ്മിക്കുന്ന ആകാശത്ത് വിഹരിക്കാന്‍ ആഗ്രഹിക്കുന്നതും, തങ്ങളുടെ ആകാശത്തിലേക്ക് മറ്റുളളവരെ വലിച്ചടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതും ഒരുപോലെ വ്യര്‍ത്ഥമാണ്.. സ്വന്തം ആകാശം സ്വയം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only