20 ജൂലൈ 2021

അവയവദാനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
(VISION NEWS 20 ജൂലൈ 2021)
കൊവിഡ് സാഹചര്യത്തില്‍ അവയവദാനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ തല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് സാഹചര്യത്തില്‍ അതത് മെഡിക്കല്‍ കോളേജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ചാണ് ഉത്തരവിട്ടത്. ഇതിലൂടെ അവയവ ദാനം അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി വേഗത്തില്‍ കൂടി തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതത് മെഡിക്കല്‍ കോളേജുകളിലാണ് ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. വിദഗ്ധാംഗങ്ങളുള്ള ഈ കമ്മിറ്റിയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്. ഏത് ജില്ലയിലായാലും തിരുവനന്തപുരത്ത് നിന്നും ഈ ഉദ്യോഗസ്ഥന്‍ അവിടെയെത്തിയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ദീര്‍ഘദൂരം യാത്രചെയ്ത് കമ്മറ്റിയില്‍ എത്താന്‍ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only