26 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 26 ജൂലൈ 2021)

🔳കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്. 1999ല്‍ ജമ്മുകശ്മീരിലെ കാര്‍ഗിലില്‍ പാകിസ്താന്‍ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിനമായി ആചരിക്കുന്നത്.

🔳75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔳രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിന്നിട്ട ശേഷം നിരവധിപേരുടെ പ്രതിരോധശേഷി വര്‍ധിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധര്‍. നിരവധി പേര്‍ക്ക് വൈറസ് നേരത്തെ ബാധിച്ചതും, വാക്സിനേഷനുമാണ് ഇതിന് കാരണം. എന്നാല്‍ ഇക്കാരണം കൊണ്ട് ജാഗ്രത കുറയരുത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രണ്ടാം തരംഗം പോലെയൊന്ന് ഇനി ഉണ്ടാകാതിരിക്കാനും ശ്രദ്ധവേണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

🔳പെഗാസസ് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ മോദി പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് വ്യക്തമാകാന്‍ അന്വേഷണം വേണമെന്നും ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയോ വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പ്രതിപക്ഷത്തിന് മറ്റുവിഷയങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇത് വിഷയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ന്യൂഡല്‍ഹിയിലെ ബംഗ്ലാ ഭവനില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് ആലോചിക്കുന്നത് എന്നാണ് സൂചന. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നത്.

🔳അലോപ്പതി മരുന്നുകളെ സംബന്ധിച്ച് ബാബാ രാംദേവ് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. രാംദേവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സംഘടനാ കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു.

🔳വാക്സിന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നെ സൂചിപ്പിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനങ്ങളുടെ മന്‍ കി ബാത് താങ്കള്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ വാക്‌സിനായി അവര്‍ക്ക് ഇങ്ങനെ അലയേണ്ടി വരുമായിരുന്നില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

🔳വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അടിത്തറ ശക്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും അസമില്‍ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ഷില്ലോങ്ങിലെത്തിയത്.

🔳കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാണയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

🔳മുന്‍ മന്ത്രി ജി. സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാര്‍ട്ടി കമ്മീഷനു മുമ്പാകെ പരാതി പ്രളയം. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമ്മീഷനു മുന്നില്‍ പരാതിയായി എത്തിയെന്നാണ് വിവരം. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അടക്കം പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍നിന്ന് കമ്മീഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാട് എടുത്തു എന്നാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷന്‍ അന്വേഷിക്കുന്നത്.

🔳സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി, പാങ്ങപ്പാറ സ്വദേശിനി എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 4 പേരാണ് നിലവില്‍ രോഗികളായുള്ളത്.

🔳ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യാ ഹരിസാദ് എംപി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ വി.ടി. ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയ നേതാക്കളോടൊപ്പമാണ് എംപി പാലക്കാട് ചന്ദ്രാനഗറിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതിനെ ചോദ്യം ചെയ്തയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയ്യേറ്റം ചെയ്തതായും ആരോപണം. അതേസമയം, ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സല്‍ വാങ്ങുന്നതിന് കാത്തിരിക്കുകയായിരുന്നെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

🔳എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐ.എന്‍.എല്‍ പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു. അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികള്‍ പ്രഖ്യാപിച്ചത്.

🔳അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേര്‍ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കുമെന്നും ചികിത്സാ സമിതി വ്യക്തമാക്കി.

🔳കര്‍ണാടകയിലെ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കര്‍ണാടക മുഖ്യമന്ത്രി
ബിഎസ് യെദ്യൂരപ്പയെ പദവിയില്‍ നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന നഡ്ഡയുടെ പ്രതികരണം. മുഖ്യന്ത്രി എന്ന നിലയില്‍ കര്‍ണാടകയില്‍ യെദ്യൂരപ്പ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നഡ്ഡ വ്യക്തമാക്കി.

🔳തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം. കാകാത്തിയ രാജവംശത്തിന്റെ ശില്‍പകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം.

🔳ഫോണ്‍ വിവരങ്ങള്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയത് ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിനു തുല്യമാണെന്ന് ശിവസേന എം.പി. സഞ്ജയ് റാവുത്ത്. പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ആരാണ് പണം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

🔳ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുന്ന മഹാരാഷ്ട്രയില്‍ വെള്ളം കയറിയ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ദേശീയ പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുകയാണ്.

🔳ഉത്തര്‍പ്രദേശില്‍ 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കും. മുഖ്യമന്ത്രിക്കുവേണ്ടി അയോധ്യ സീറ്റ് വീട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് സിറ്റിങ് എംഎല്‍എ വേദ് പ്രകാശ് ഗുപ്ത വ്യക്തമാക്കി. യോഗി അയോധ്യയില്‍നിന്ന് മത്സരിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

🔳കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോടികള്‍ മുടക്കി പത്രപരസ്യം ചെയ്‌തെന്ന ബി.ജെ.പി ആരോപണം നിഷേധിച്ച് എ.എ.പി. അടിസ്ഥാനരഹിതമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്ന് എഎപി ചൂണ്ടിക്കാട്ടി. 63.83 കോടി രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രതിഛായ വര്‍ദ്ധിപ്പിക്കുന്ന പരസ്യത്തിനായി വിനിയോഗിച്ചെന്നായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണം. എന്നാലിത് ഇപ്പോള്‍ ചെയ്ത പരസ്യത്തുകയല്ലെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തെ പരസ്യ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശികയാണെന്നും എ.എ.പി വ്യക്തമാക്കി.

🔳ദേശീയരാഷ്ട്രീയം ലക്ഷ്യമിട്ട് മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുനിര്‍ത്തി നേതൃതലത്തിലേക്ക് ഉയരുകയെന്ന രാഷ്ട്രീയനീക്കങ്ങളുമായെത്തുന്ന മമത വെള്ളിയാഴ്ചവരെ ഡല്‍ഹിയില്‍ തങ്ങും. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളുമായി വെവ്വേറെയും കൂട്ടായും ചര്‍ച്ചകള്‍ മമതയുടെ പ്രധാന അജന്‍ഡയാണ്. സംസ്ഥാനത്തിന്റെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണുന്നുണ്ട്. രാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ടെന്ന് ടി.എം.സി. നേതാക്കള്‍ പറഞ്ഞു.

🔳ജമ്മു കശ്മീര്‍ വിഷയത്തില്‍ ജൂണ്‍ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യാതൊരു തുടര്‍ നടപടിയുമുണ്ടായിട്ടില്ലെന്ന്
നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കളുമായി ജൂണ്‍ 24-ന് പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

🔳ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുകളിലേക്ക് കൂറ്റന്‍ പാറകള്‍ വീണാണ് അപകടമുണ്ടായത്. മലയുടെ മുകളില്‍നിന്ന് പാറക്കഷ്ണങ്ങള്‍ വീണ് പാലം തകരുകയും ചെയ്തിട്ടുണ്ട്.

🔳അഫ്ഗാനിസ്താനില്‍ താലിബാന്‍ പിടിമുറുക്കാന്‍ കാരണം പാകിസ്താനെന്ന് അഫ്ഗാന്‍ നേതാക്കള്‍. അഫ്ഗാന്‍ സൈനികരെ നേരിടുന്നതിനു പാകിസ്താനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് പറഞ്ഞു. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ. നാല് വികറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ കരുത്തില്‍ 38 റണ്‍സിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് 50 റണ്‍സും ശിഖര്‍ ധവാന്‍ 46 റണ്‍സുമടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 126 റണ്ണിന് പുറത്തായി. 22 റണ്‍ വഴങ്ങി നാല് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മത്സരത്തിലെ താരം.

🔳ഒളിംപിക്സിലെ വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചെങ്കിലും പുരുഷ ബോക്സിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷന്‍മാരുടെ 63 കിലോഗ്രാം ലെയ്‌റ്റ്വെയ്റ്റ് വിഭാഗത്തില്‍ മനീഷ് കൗശിക് ആദ്യ മത്സരത്തില്‍ തന്നെ തോറ്റുപുറത്തായി.

🔳ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയെ ഗോള്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്റിനെ തോല്‍പ്പിച്ചെത്തിയ ഇന്ത്യ ഓസീസിന് മുന്നില്‍ തകരുകയായിരുന്നു.

🔳ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും വിജയം. ബ്രസീലിനെ ഐവറി കോസ്റ്റ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി.അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 4-3നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്.

🔳ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലും റിപ്പോര്‍ട്ട് ചെയ്തു.പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

🔳കേരളത്തില്‍ ഇന്നലെ 1,42,008 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 45 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353.

🔳രാജ്യത്ത് ഇന്നലെ 38,146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,903 പേര്‍ രോഗമുക്തി നേടി. മരണം 411. ഇതോടെ ആകെ മരണം 4,20,996 ആയി. ഇതുവരെ 3,14,09,639 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.04 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,808 പേര്‍ക്കും കര്‍ണാടകയില്‍ 1,001 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,252 പേര്‍ക്കും ഒഡീഷയില്‍ 1,833 പേര്‍ക്കും ആസാമില്‍ 1,054 പേര്‍ക്കും മണിപ്പൂരില്‍ 1207 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,10,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 13,060 പേര്‍ക്കും റഷ്യയില്‍ 24,072 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,173 പേര്‍ക്കും ഇറാനില്‍ 27,146 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 38,679 പേര്‍ക്കും മലേഷ്യയില്‍ 17,045 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.47 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.38 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,351 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 48 പേരും റഷ്യയില്‍ 779 പേരും കൊളംബിയയില്‍ 330 പേരും ഇന്‍ഡോനേഷ്യയില്‍ 1,266 പേരും മെക്സിക്കോയില്‍ 362 പേരും സൗത്ത് ആഫ്രിക്കയില്‍ 287 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.74 ലക്ഷം.

🔳 ഏഷ്യയിലെ, ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനികളുടെ ലിസ്റ്റില്‍ ഹാരിസണ്‍ മലയാളം 16-ാം സ്ഥാനം നേടി. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന രാജ്യാന്തര സംഘടനയാണ് ഇതു സംബന്ധിച്ച പഠനവും സര്‍വേയും നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏഷ്യയിലെ 200 പ്രമുഖ കമ്പനികളിലാണു സര്‍വേ നടത്തിയത്. ജീവനക്കാരോട് രഹസ്യമായി വിവരം അന്വേഷിക്കുന്നതിനു പുറമെ കമ്പനിയുടെ മൂല്യങ്ങളും നയങ്ങളും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും മറ്റും പഠന വിധേയമാക്കും. 16 രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കമ്പനികളുടെ ഈ ലിസ്റ്റില്‍ കേരളത്തില്‍നിന്ന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് മാത്രമാണുള്ളത്.

🔳റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീന്‍ എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. ജൂലൈ 26 മുതല്‍ ആമസോണ്‍, മി.കോം, മി ഹോം സ്റ്റോറുകള്‍, ഓഫ്‌ലൈന്‍ റീട്ടെയ്ലര്‍മാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

🔳നീണ്ട ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ പാട്ട് പാടുന്ന സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. ലോക്ഡൗണിനെ ആസ്പദമാക്കി സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്ത 'റൂട്ട്മാപ്പില്‍'. ലോക്ഡൗണ്‍ അവസ്ഥകള്‍' എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മ ഈണം നല്‍കിയ ചിത്രത്തിലെ ഈ ഗാനത്തിനെ 'റൂട്ട് മാപ്പി'ന്റെ ട്രൈലര്‍ ഇന്‍വിറ്റേഷന്‍ സോങ് ആയിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

🔳മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു വണ്ടിക്കു വേണ്ടി കാസ്റ്റിംഗ് കോള്‍. ഉടന്‍ റിലീസാകുന്ന ' മിഷന്‍ സി ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ തന്റെ 'പ്രതി പ്രണയത്തിലാണ് ' എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വേറിട്ട പുതിയ കാസ്റ്റിംഗ് കോള്‍. സംവിധായകന്‍ വിനോദിനോടൊപ്പം മുരളി ജിന്നും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് പ്രതി. വണ്ടികള്‍ കൈവശമുള്ളവര്‍ 90487 57666 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ വണ്ടിയുടെ ഫോട്ടോകള്‍ അയച്ച് വിവരമറിയിക്കുക.

🔳ഇന്ത്യന്‍ ഇലക്ട്രിക് വാഹന ലോകത്ത് തങ്ങളുടെ കരുത്തനെ അവതരിപ്പിച്ച് ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. എസ്യുവി വിഭാഗത്തില്‍പ്പെടുന്ന ഇ-ട്രോണ്‍ 99.99 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നീ പതിപ്പുകള്‍ക്ക് യഥാക്രമം 99.99 ലക്ഷം, 1.16 കോടി, 1.18 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

🔳അതിജീവനത്തിന്റെ പാളത്തിലൂടെ പുറപ്പെട്ടുവന്ന നോവിന്റെ മാന്ത്രിക താളമുള്ള തീവണ്ടിയിതാ നമ്മൂടെ വായനയുടെ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. പ്രണയത്തീവണ്ടിക്ക് ഹൃദയ അഭിവാദ്യത്തിന്റെ പച്ചക്കൊടി ഉയര്‍ത്തിപ്പിടിക്കുന്നു. 'പ്രണയത്തീവണ്ടി'. നൂസ്റത്ത് വഴിക്കടവ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 133 രൂപ.

🔳രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ കാരണം ഇപ്പോഴും ഡെല്‍റ്റ വേരിയന്റ് തന്നെയെന്ന് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളിയില്‍ വളരെ വേഗം വളരുകയും പെരുകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. യഥാര്‍ത്ഥ വൈറസ് വേരിയന്റിനേക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ഡെല്‍റ്റ പെരുകുമെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 10 ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്ത്യന്‍ സാര്‍സ് കോവ്2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമികസ് ആണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം ഉയര്‍ന്ന പ്രസരണമാണ് കാണിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന ദിവസേന നടത്തുന്ന വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുള്ളത്. വൈറസ് ബാധിച്ച ഒരാളില്‍ ഡെല്‍റ്റ വകഭേദം തിരിച്ചറിയാന്‍ സാധിക്കുന്ന തലത്തിലേക്ക് എത്താന്‍ തന്നെ നാല് ദിവസത്തോളം വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ കൊറോണ വൈറസ് തിരിച്ചറിയാന്‍ ആറ് ദിവസത്തോളം സമയമെടുക്കും. ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ടെന്നും ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ കണ്ടെത്തി. തീവ്രമായ മ്യൂട്ടേഷനുകള്‍ ഇനി സംഭവിച്ചില്ലെങ്കില്‍ രാജ്യത്ത് മൂന്നാം തരംഗവും ഡെല്‍റ്റ വേരിയന്റ് മൂലമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യാതിര്‍ത്തിയിലെ വനത്തിനുള്ളിലുള്ള കൊട്ടാരത്തില്‍ നായാട്ടിനു ശേഷമുള്ള വിശ്രമത്തിനു മാത്രമായാണ് രാജാവും പരിവാരങ്ങളും സാധാരണ കൊട്ടാരത്തിലെത്താറുള്ളത്. അന്ന് രാജാവ് എത്തുമെന്നറിഞ്ഞ് കൊട്ടാരത്തിലുള്ളവര്‍ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ മുറിവേറ്റ് കൊട്ടാരമുറ്റത്തേക്ക് ഓടിവന്നത്. ഇത് കണ്ട് പരിചാരകരിലൊരാള്‍ അയാളെ രാജാവ് വിശ്രമിക്കുന്ന മുറിയില്‍ കിടത്തി ശുശ്രൂഷിക്കുകയും രാജാവിന് വേണ്ടി തയ്യാറാക്കിയ ഭക്ഷണത്തില്‍ നിന്ന് കുറച്ച് നല്‍കുകയും ചെയ്തു. ഈ വിവരമറിഞ്ഞ് വന്ന സൈന്യാധിപന്‍ പരിചാരകനോട് ദേഷ്യപ്പെട്ടു. രാജാവിന് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ എന്തു ധൈര്യത്തിലാണ് ഒരു അപരിചതന് നല്‍കിയത് , അകത്ത് കിടന്നയാള്‍ ഈ ബഹളം കേട്ട് പുറത്തേക്ക് വന്നു. രാജാവ് തന്നെയായിരുന്നു അത്. താനാരാണെന്ന് മനസ്സിലാകാതിരുന്നിട്ടും തന്നെ ശുശ്രൂഷിച്ച പരിചാരകനെ രാജാവ് ധാരാളം പാരിതോഷികങ്ങള്‍ നല്‍കി. മുന്നില്‍ വരുന്ന ആളുകളുടെ സ്ഥാനവും നിലവാരവും അവരിലൂടെ തനിക്കുണ്ടാകുന്ന പ്രയോജനങ്ങളും മുന്നില്‍കണ്ട് പെരുമാറുന്നവര്‍ക്ക് സ്വഭാവവൈശിഷ്ട്യമോ സ്വാഭാവികനന്മയോ ഇല്ല. മുതിര്‍ന്നവരേയും സ്ഥാനമാനങ്ങള്‍കൊണ്ട് ഉയര്‍ന്നവരേയും എല്ലാവരും ബഹുമാനിക്കും.. പക്ഷേ, താഴ്ന്നവരേയും നമ്മേക്കാള്‍ താഴ്ന്നസ്ഥാനങ്ങളില്‍ ജീവിക്കുന്നവരേയും ബഹുമാനിക്കാന്‍ എത്ര പേര്‍ തയ്യാറാകും? ബഹുമാനാദരങ്ങള്‍ക്ക് എങ്ങിനെയോ ചില സാമ്പ്രദായിക ചട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.. നമ്മുടെ കൂടെ നില്‍ക്കുന്നവരെ കണ്ടെത്താന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നുകില്‍ ഇടയ്‌ക്കൊന്ന് തളര്‍ന്നു വീഴുക, അല്ലെങ്കില്‍ വല്ലപ്പോഴുമൊന്നു വേഷപ്രച്ഛന്നന്‍ ആകുക ! കരുത്തുള്ളപ്പോള്‍ മാത്രം കാവലാകുന്നവര്‍ ആ കരുത്തില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട്. വ്യക്തിയെ ബഹുമാനിക്കുന്നവരേയും അലങ്കരിക്കുന്ന സ്ഥാനമാനങ്ങളെ ബഹുമാനിക്കുന്നവരേയും തമ്മില്‍ വേര്‍തിരിച്ചറിയുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഒരു ഉയര്‍ന്ന സ്ഥാനത്തിരിക്കുമ്പോള്‍ നമ്മോടൊപ്പം നില്‍ക്കുന്നവരേക്കാള്‍ വിശ്വസിക്കാവുന്നത് സ്ഥാനഭ്രഷ്ടനാകുമ്പോള്‍ ഒപ്പമുള്ളവരെയാണ്. - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only