13 ഓഗസ്റ്റ് 2021

ഇത് വെറും സ്കൂട്ടറല്ല, പറക്കും സ്കൂട്ടി! മൈലേജ് 240 കിമീ
(VISION NEWS 13 ഓഗസ്റ്റ് 2021)




ബംഗളൂരു ആസ്​ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നു. സിമ്പിള്‍ വണ്‍ എന്ന ഈ സ്‍കൂട്ടര്‍ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങുമെന്നും 1,947 രൂപ നൽകി ഈ​ വാഹനം ബുക്ക്​ ചെയ്യാമെന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്‍തമായി ഒട്ടേറെ ഫീച്ചറുകളും, സവിശേഷതകളും സിമ്പിള്‍ വണ്‍ സ്‌കൂട്ടറിനുണ്ടായിരിക്കും. ഈ മോഡല്‍ രൂപകല്‍പന ചെയ്‍തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ ത്രിഡി എക്സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു. 

നീക്കംചെയ്യാവുന്ന ബാറ്ററി പായ്​ക്ക്​ സിമ്പിൾ ഇ വിയുടെ പ്രത്യേകതയാണ്. ബാറ്ററി പാക്കിന്​ ആറ്​ കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്‍കൂട്ടറിന് സാധിക്കുമെന്നും കമ്പനി പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി. നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ ഒപ്പം വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 4.8 കെ ഡബ്ല്യു എച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിമ്പിള്‍ വണ്ണിന്റെ സവിശേഷതകള്‍. സിമ്പിൾ വണ്ണിന്​ സ്​പോർട്​സ്​ മോഡും നൽകിയിട്ടുണ്ട്​. അതിൽ റേഞ്ച്​ കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു.

ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്​ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. ​സ്​കൂട്ടറി​ന്‍റെ പേരിന്‍റെ രജിസ്​ട്രേഷൻ അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു. കർണാടക, തമിഴ്​നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ്​ വൺ ആദ്യമായി എത്തുന്ന സംസ്​ഥാനങ്ങൾ. 

എന്നാല്‍ വാഹനം കേരളത്തിൽ എവിടെ പുറത്തിറക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്​സ്​പീരിയൻസ്​ സെൻററുകൾ തുറക്കുമെന്നും സിമ്പിൾ എനർജി പറഞ്ഞു. രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന്​ 350 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്​. 1.1 ലക്ഷത്തിനും 1.2 ലക്ഷത്തിനും ഇടയിലാണ്​ സിമ്പിൾ വണ്ണി​ന് പ്രതീക്ഷിക്കുന്ന വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only