👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പ് 3 അടിയോളം ഉയരും; കൊച്ചിയടക്കം രാജ്യത്തെ 12 നഗരങ്ങള്‍ക്ക് ഭീഷണി
(VISION NEWS 10 ഓഗസ്റ്റ് 2021)

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയിലെ പല നഗരങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) നടത്തിയ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇന്ത്യയിലെ 12 തീരദേശ നഗരങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടല്‍ കവര്‍ന്നേക്കുമെന്ന ഭീതി പങ്കുവെക്കുന്നത്. കടലെടുക്കാനിടയുള്ള നഗരങ്ങളുടെ പട്ടികയില്‍ നമ്മുടെ കൊച്ചിയും ഉള്‍പ്പെടുന്നു.

നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയുടെ തീരത്ത് മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരുമെന്നാണ് പഠനം പറയുന്നത്. ജലനിരപ്പ് ഉയരുന്നതുമൂലം ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയെ കൂടാതെ മുംബൈ, ചെന്നൈ, വിശാഖപട്ടണം,മംഗലാപുരം തുടങ്ങിയ നഗരങ്ങളുമുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും നാസയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമുദ്രജലനിരപ്പിലെ വര്‍ധന വ്യക്തമാക്കുന്ന സീ ലെവല്‍ പ്രൊജക്ഷന്‍ ടൂളും നാസ വികസിപ്പിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനം അടക്കമുള്ള പ്രതിഭാസങ്ങള്‍ ഭൂമിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഓഗസ്റ്റ് ഒമ്പതിന് പുറത്തുവന്ന ഐ.പി.സി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. അന്തരീക്ഷ താപനില വലിയതോതില്‍ ഉയരുന്നത് മഞ്ഞുരുക്കത്തിനും സമുദ്ര ജലവിതാനം ഉയരുന്നതിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ വ്യത്യസ്ത മേഖലകളില്‍ ഉയരാനിടയുള്ള സമുദ്രനിരപ്പ് സംബന്ധിച്ച് നാസയുടെ വിശകലനം.

നാസയുടെ വിശകലനമനുസരിച്ച് കടലേറ്റ ഭീഷണി നേരിടുന്ന ഇന്ത്യയിലെ നഗരങ്ങളും സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ തോതും ഇപ്രകാരമാണ്-

കൊച്ചി- 2.32 അടി

മംഗലാപുരം- 1.87 അടി

മുംബൈ- 1.90 അടി

വിശാഖപട്ടണം- 1.77 അടി

ചെന്നൈ- 1.87 അടി

തൂത്തുക്കുടി: 1.9 അടി

കണ്ട്‌ല- 1.87 അടി

ഓഖ-1.96 അടി

ഭാവ്‌നഗര്‍- 2.70 അടി

മോര്‍മുഗാവോ- 2.06 അടി

പരാദീപ്-1.93 അടി

ഖിദിര്‍പുര്‍-0.49 അടി

അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്ര മേഖലയില്‍ ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് താപനില വര്‍ധിക്കുന്നതെന്ന് ഐപിസിസി പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനനുസരിച്ച് സമുദ്രജലവിതാനവും വര്‍ധിക്കും. രൂക്ഷമായ കടലേറ്റം പോലുള്ള സമുദ്ര പ്രതിഭാസങ്ങള്‍ നേരത്തേ നൂറ്റാണ്ടില്‍ ഒരിക്കലാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ആവര്‍ത്തിച്ചുവരുന്നു. 2050ഓടെ 6-9 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ദൃശ്യമാകും. നൂറ്റാണ്ട് അവസാനത്തോടെ ഇത് പ്രതിവര്‍ഷം സംഭവിക്കുമെന്നും പഠനം പറയുന്നു.

രൂക്ഷമായ മഞ്ഞുരുക്കമാണ് അന്തരീക്ഷ താപനില വര്‍ധിക്കുന്നതിന്റെ മറ്റൊരു പ്രത്യാഘാതം. ഹിമാലയ മേഖലയിലെ വലിയ തോതിലുള്ളമഞ്ഞുരുക്കം പ്രത്യക്ഷമായോ പരോക്ഷമായോ നൂറു കോടിയോളം മനുഷ്യരെ ബാധിക്കും. ഹിന്ദുക്കുഷ് ഹിമാലയ മേഖലയില്‍ മഞ്ഞുരുക്കം കൂടുതല്‍ തീക്ഷ്ണമാകും. ഇതിന്റയെല്ലാം ഫലമായി ആഗോളതലത്തില്‍ കടല്‍ജലനിരപ്പ് പ്രതിവര്‍ഷം 3.7 മില്ലിമീറ്റര്‍ വീതം ഉയരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വരും വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുമെന്നും ഇത് മനുഷ്യവംശത്തിനുതന്നെ ഭീഷണിയാകുമെന്നും ഐ.പി.സി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വരുന്ന പതിറ്റാണ്ടുകളില്‍ രാജ്യത്ത് ചൂടിന്റെ രൂക്ഷത വര്‍ധിച്ചുവരികയും ശൈത്യത്തിന്റെ രൂക്ഷത കുറഞ്ഞുവരികയും ചെയ്യും. ഉഷ്ണതരംഗത്തിന്റെ തോത് വര്‍ധിക്കുമെന്നും വരള്‍ച്ച, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങള്‍ ഏറുമെന്നും പഠനം വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only