👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഓഗസ്റ്റ് 2021

ഫേസ്ബുക്ക് തട്ടിപ്പ് : 3 സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ
(VISION NEWS 01 ഓഗസ്റ്റ് 2021)

 


മൂന്ന് സ്ത്രീകളില്‍ നിന്ന് ഫേസ്ബുക്കില്‍ പരിചയപ്പെട്ട അജ്ഞാത സുഹൃത്ത് തട്ടിയെടുത്തത് 60 ലക്ഷം രൂപ. തൃശൂര്‍ സ്വദേശിനികളായ മൂന്ന് പേരെയും, യൂറോപ്പില്‍ നിന്നും താന്‍ വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും, അത് കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കേണ്ടതായി ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അയാള്‍ പറ്റിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ 30 ലക്ഷം രൂപ നല്‍കിയത് ഭൂമി വിറ്റും, സ്വര്‍ണ്ണം പണയം വെച്ചും ആണ്. ഇവര്‍ സിറ്റി സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. 

ഈ തട്ടിപ്പുകാരുടെ രീതി ഫേസ്ബുക്കില്‍ സജീവമായ സ്ത്രീകളുടെ പ്രൊഫൈലുകള്‍ മാസങ്ങളോളം നിരീക്ഷിച്ചതിനു ശേഷം അവര്‍ക്ക് ഫ്രണ്ട് റിക്ക്വസ്റ്റ് അയയ്ക്കുക എന്നതാണ്. ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും, ജീവിതശൈലിയും അതിനകം തട്ടിപ്പുകാര്‍ മനസ്സിലാക്കിയിരിക്കും. സാവധാനം ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിക്കും. ചാറ്റിങ്ങ് പുരോഗമിക്കുമ്പോള്‍ ഇവര്‍ വാട്ട്സാപ്പ് നമ്പറും വാങ്ങിയെടുക്കും. 

ഇവര്‍ യൂറോപ്പിലോ അമേരിക്കയിലോ ജോലി ചെയ്യുന്ന ഡോക്ടര്‍, ബിസിനസ്സുകാരന്‍, സോഫ്റ്റ്‌വെയർ കമ്പനി ഉടമ എന്നൊക്കെ പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുക. ഈ സ്ത്രീകളുടെ ജന്മദിനങ്ങള്‍ പോലെയുള്ള വിശേഷ ദിവസങ്ങളുടെ തീയതികള്‍ കണ്ടെത്തി, അവര്‍ക്കായി യൂറോപ്പില്‍ നിന്നും സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. 

രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇരകള്‍ക്ക് ഡല്‍ഹി എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ പേരില്‍ ഒരു ഫോണ്‍വിളി വരും. നിങ്ങളുടെ പേരില്‍ ഒരു പാഴ്സല്‍ വന്നിട്ടുണ്ടെന്നും, പ്രോസസിങ്ങ് ഫീസ് ആയി ചെറിയ ഒരു തുക അടയ്ക്കണമെന്നും വിളിക്കുന്ന ആള്‍ പറയും. തട്ടിപ്പിന് ഇരയാവുകയായിരുന്നു എന്ന് ഇരകള്‍ തിരിച്ചറിയുന്നത് ഈ തുക ഇവര്‍ നല്‍കിയതിന് ശേഷമാണ്. 

ഇരകളെ, പാഴ്സല്‍ സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ച്, ഐഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടെന്നും, അവയ്ക്ക് കോടികളോളം വില വരുമെന്നും എല്ലാം പറഞ്ഞ് താത്പര്യം ഉണര്‍ത്തും. ഇവ സ്വന്തമാക്കാന്‍ 30 ലക്ഷം രൂപ കസ്റ്റംസ് നികുതി ഇനത്തില്‍ അടയ്ക്കണമെന്നും ഇവര്‍ പറയും. ലഭിക്കാന്‍ ഇരിക്കുന്ന കോടികളില്‍ ആകൃഷ്ടരായി ഇവര്‍ തുക കൈമാറുന്നതോടെ ചതി വെളിപ്പെടും. പലരും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാറുണ്ടെന്ന് സൈബര്‍ സെല്ല് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ ഉദ്യോഗസ്ഥര്‍ പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only