25 ഓഗസ്റ്റ് 2021

മരണക്കുരുക്കാകുന്ന പ്രണയം; അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പൊലിഞ്ഞത് 350 പെണ്‍കുട്ടികള്‍കളുടെ ജീവന്‍!!
(VISION NEWS 25 ഓഗസ്റ്റ് 2021)
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പ്രണയം മൂലം ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അതി ദാരുണമായ സംഭവങ്ങൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 350 പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ക്കാണ് പ്രണയത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ എം കെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതാണ് ഇക്കാര്യം.

ഏറ്റവും കൂടുതല്‍ പ്രണയ മരണങ്ങള്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, 96 പേരാണ് പ്രണയ പരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്. പ്രേമിച്ച് വഞ്ചിച്ച കാമുകരാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍. തൊട്ടുമുന്‍പത്തെ വര്‍ഷം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അഞ്ചു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രണയ പരാജയം മൂലം നിരാശരായി മരണത്തില്‍ അഭയം തേടിയത് 88 പെണ്‍കുട്ടികളാണ്. 2018 ല്‍ 76 പെണ്‍കുട്ടികളാണ് പ്രേമപരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

2017 ല്‍ 83 യുവതികള്‍ പ്രണയവുമായി ബന്ധപ്പെട്ട് മരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം കൊലപാതകമായിരുന്നെന്നും, കൊലയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തുക്കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആളുകളുടെ മാനസികാരോഗ്യത്തിലുള്ള പ്രശ്‌നങ്ങളാണ് പ്രണയപരാജയങ്ങളുടെ പേരില്‍ ആത്മഹത്യയില്‍ അഭയം തേടുന്നതിന് പിന്നിലെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. പി എന്‍ സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only