01 ഓഗസ്റ്റ് 2021

റിവോള്‍വര്‍ റാണി, പ്രിയം എകെ-47, ഭര്‍ത്താവെന്ന പേരില്‍ കാലയും; മെഗാ ഓപ്പറേഷനില്‍ കുടുങ്ങി
(VISION NEWS 01 ഓഗസ്റ്റ് 2021)





ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളികളായ കാല ജാത്തേഡിയെയും അനുരാധ ചൗധരിയെയും പോലീസ് സംഘം പിടികൂടിയത് 12 സംസ്ഥാനങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവില്‍. കഴിഞ്ഞദിവസമാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍നിന്ന് കാല ജാത്തേഡി എന്ന സന്ദീപ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. പിന്നാലെ റിവോള്‍വര്‍ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയെയും പോലീസ് പിടികൂടി.

ആറുലക്ഷം രൂപ വിലയിട്ട കുറ്റവാളിയാണ് കാല ജാത്തേഡി. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. പണം തട്ടിയെടുക്കല്‍, കവര്‍ച്ച, കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ജാത്തേഡി ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹരിയാണ പോലീസിന്റെ പിടിയിലായെങ്കിലും ജാത്തേഡി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പിടിയിലായത്. 

മാഡം മിന്‍സ്, രാജസ്ഥാനിലെ റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍, ആയുധക്കടത്ത് തുടങ്ങിയ കേസുകളാണ് അനുരാധയുടെ പേരിലുള്ളത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. 

ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് അനുരാധ ചൗധരിക്ക് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കാലങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങിനടന്നിരുന്ന അനുരാധയും കാല ജാത്തേഡിയും ദമ്പതിമാരെന്ന വ്യാജേനെ കള്ളപ്പേരുകളിലാണ് രാജ്യത്തെ പലയിടത്തും താമസിച്ചിരുന്നത്. പോലീസ് പിന്തുടരുന്നതറിഞ്ഞ ഇരുവരും ഒരിടത്തും ഏറെനാള്‍ താമസിച്ചിരുന്നില്ല. നിരന്തരം പലയിടത്തേക്കും താമസം മാറ്റിയാണ് പോലീസിനെ കബളിപ്പിച്ചത്. എന്നാല്‍ പോലീസ് 12 സംസ്ഥാനങ്ങളിലൂടെ നടത്തിയ മെഗാ ഓപ്പറേഷനില്‍ രണ്ടുപേരും പിടിയിലാവുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only