👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

വെള്ളിത്തിരയിൽ മമ്മുട്ടിക്ക്‌ 50 വയസ്‌
(VISION NEWS 06 ഓഗസ്റ്റ് 2021)

മലയാളിയുടെ കാഴ്ചയുടെ ശീലമായി മാറിയ മമ്മൂട്ടിക്ക് വെള്ളിത്തിരയിൽ പ്രായം 50. പേരോ സംഭാഷണമോ ഇല്ലാതെ ആൾക്കൂട്ടത്തിലൊരാളായി വെള്ളിത്തിരയിൽനിന്ന് പി എ മുഹമ്മദ് കുട്ടി എത്തിനോക്കിയത് 1971 ആഗസ്ത് ആറിന്. "അനുഭവങ്ങൾ പാളിച്ചകൾ' അന്നാണ് റിലീസ് ചെയ്തത്. ഫാക്ടറി ഗുണ്ടകൾ പെട്ടിക്കട തല്ലിത്തകർത്തത് കണ്ട് നെഞ്ചുപൊട്ടിനിൽക്കുന്ന ഹംസയുടെ (ബഹദൂർ) പുറകിൽ അന്തിച്ചുനിൽക്കുന്ന മീശ പൊടിച്ചുതുടങ്ങിയ ചെറുപ്പക്കാരനായ തൊഴിലാളി.

സെക്കൻഡുകൾമാത്രമുള്ള ഒറ്റ ഷോട്ട്. അഭിനയചക്രവർത്തി സത്യന്റെ വിടവാങ്ങൽ ചിത്രം മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രമായി. ഉറങ്ങിക്കിടന്ന സത്യന്റെ കാൽ ആരും കാണാതെ തൊട്ട് വന്ദിച്ചാണ് കെ എസ് സേതുമാധവനും മെല്ലി ഇറാനിയും ഒരുക്കിവച്ച ഫ്രെയിമിലേക്ക് ഓടിക്കിതച്ച് എത്തിയതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് താരം. രണ്ടാംചിത്രം നസീറിനൊപ്പം കടത്തുകാരനായി, കാലചക്രം(1973). പ്രവചനാത്മകമായ ചോദ്യമാണ് നസീർ ചെറുപ്പക്കാരനായ വള്ളക്കാരനോട് ചോദിക്കുന്നത്. "എനിക്കു പകരം വന്ന ആളാണല്ലേ...'

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി. ബഹദൂറിനൊപ്പമുള്ള ഈ രംഗത്തിലാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി. ബഹദൂറിനൊപ്പമുള്ള ഈ രംഗത്തിലാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്


ഒരുപക്ഷേ, നസീർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായകവേഷം ചെയ്തത് മമ്മൂട്ടിയാകും. എം ടിയുടെ ദേവലോകം (1979) നയകനായ ആദ്യചിത്രം. പക്ഷേ, സിനിമ മുടങ്ങി. എം ടി എഴുതി ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1980) ആണ് ഒരു നടന്റെ വരവറിയിച്ചത്. വൈവിധ്യപൂർണമായ അഭിനയസഞ്ചാരത്തിന്റെ യഥാർഥ തുടക്കം അവിടെനിന്ന്. തമിഴ്, കന്നട, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാനൂറോളം ചിത്രം.

സിനിമയുടെ മുഖ്യധാരയിൽ സൂപ്പർതാര പരിവേഷം ഏറ്റുവാങ്ങുമ്പോൾത്തന്നെ സമാന്തരധാരയിലും സജീവം. കരിയറിന്റെ എല്ലാ ഘട്ടത്തിലും നവാ​ഗത സംവിധായകരെ പ്രോത്സാഹിപ്പിച്ചു. ശൈലീകൃത അഭിനയത്തിന്റെ സൗന്ദര്യസാധ്യത ഇത്രയേറെ പ്രയോജനപ്പെടുത്തിയ ഇന്ത്യൻതാരമില്ല. കഥാപാത്രത്തിന്റെ സംഭാഷണശൈലിയും ശരീരഭാഷയും പ്രായാവസ്ഥയുമെല്ലാം അസൂയപ്പെടുത്തുന്ന കൃത്യതയോടെ പകർത്തിവച്ചു. ആഭിജാത രൂപങ്ങൾ മാത്രമല്ല, സമൂഹത്തിന്റെ പുറമ്പോക്ക് ജന്മങ്ങളും അഭിനയശരീരത്തിന് വഴങ്ങി.


അംബേദ്കറായുള്ള പരകായപ്രവേശനത്തിനാണ് ഒടുവിൽ ദേശീയപുരസ്കാരം ലഭിച്ചത്. മൂന്ന് ദേശീയപുരസ്കാരം, മികച്ച നടന് അഞ്ചുതവണ അടക്കം ഏഴ് സംസ്ഥാന പുരസ്കാരം. കേരള, കലിക്കറ്റ് സർവകലാശാലകളുടെ ഡിലിറ്റ്, പത്മശ്രീ അങ്ങനെ എണ്ണമറ്റ അം​ഗീകാരങ്ങൾ.


അഭിനയവർഷങ്ങളുടെ എണ്ണമെടുത്തുള്ള ആഘോഷങ്ങളിൽനിന്ന് എല്ലായ്പോഴും ഒഴിഞ്ഞുനിന്ന താരം ജീവകാരുണ്യ പ്രവർത്തനരം​ഗത്ത് സജീവമെങ്കിലും ഒന്നിനും കൊട്ടിഘോഷങ്ങളില്ല. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് മുന്നോട്ട് നയിക്കുന്നത്. അടുത്തിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോൾ "ഇനി സംവിധാനത്തിലേക്ക് കടന്നുകൂടേ' എന്ന ചോദ്യമുയർന്നു. എഴുപതിലെത്തിനിൽക്കുന്ന മലയാളത്തിന്റെ "നിത്യഹരിത യൗവനം' ഇങ്ങനെ മറുപടി നൽകി, ""എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, ആദ്യം അത് നേരെയാകട്ടെ എന്നിട്ടാകാം സംവിധാനവും മറ്റും.''

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only