23 ഓഗസ്റ്റ് 2021

റെക്കോർഡ് വില്പനയുമായി ബെവ്‌കോ; ഓണനാളുകളില്‍ മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം
(VISION NEWS 23 ഓഗസ്റ്റ് 2021)
തിരുവനന്തപുരം: പതിവുതെറ്റിയില്ല, ഓണനാളുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്.

ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്. തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്‌ലെറ്റിലാണ്.

ഓണത്തോടനുബന്ധിച്ച് മൂന്നുഷോപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്‍ലൈന്‍ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ്‌കോ വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only