11 ഓഗസ്റ്റ് 2021

ഇനി എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ജാവലിന്‍ ഡേ ; തീരുമാനം എടുത്ത് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
(VISION NEWS 11 ഓഗസ്റ്റ് 2021)
അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എല്ലാ വര്‍ഷവും ഓഗസ്റ്റ് 7ആം തീയതി ജാവലിന്‍ ഡേ ആയി ആഘോഷിക്കുമെന്ന് തീരുമാനിച്ചു. എ.എഫ്.ഐ പ്ലാനിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ ലളിത് ഭാനോട്ട് നീരജ് ചോപ്ര ടോക്കിയോ ഒളിംപിക്സില്‍ ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ചരിത്രനിമിഷത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പറഞ്ഞു. നീരജ് ചോപ്ര കഴിഞ്ഞ ഏഴിനാണ് ഇന്ത്യയുടെ ഒളിംപിക്സ് അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണ മെഡല്‍ 87.58 മീറ്റര്‍ എറിഞ്ഞ് നേടിയത്. ഓഗസ്റ്റ് ഏഴിന് ചോപ്രയ്ക്ക് പിന്നാലെ ഒളിംപിക്സ് വേദിയില്‍ പിന്‍ഗാമികളെ എത്തിക്കാന്‍ രാജ്യത്തൊട്ടാകെ ജാവലിന്‍ ത്രോ മത്സരങ്ങള്‍ നടത്തുമെന്ന് ഭാനോട്ട് അറിയിച്ചു.

എ.എഫ്.ഐ സംഘടിപ്പിച്ച നീരജിനുള്ള സ്വീകരണ ചടങ്ങിലാണ് ലളിത് ഭാനോട്ടിന്റെ ഈ പ്രഖ്യാപനം. ടോക്കിയോയില്‍ നിന്ന് ഒന്‍പതിനാണ് ഇന്ത്യന്‍ സംഘം തിരികെ എത്തിയത്. സ്വീകരണ വേദിയില്‍ ഒളിംപിക്സില്‍ സ്വര്‍ണം നേടിയെന്ന് ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നീരജ് മനസ്സ് തുറന്നു. ആളുകളുടെ സ്നേഹവും ബഹുമാനവും ഇനിയും ഏറെ ചെയ്യാന്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു എന്നും നീരജ് പറഞ്ഞു. തന്റെ കരിയറില്‍ 2015 - 16 സീസണില്‍ ദേശീയ ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായെന്ന് നീരജ് ഓര്‍ത്തു.

നീരജിന് കേരളം വേദിയായ ദേശീയ ഗെയിംസില്‍ മെഡല്‍ പട്ടികയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. താരം അന്ന് അഞ്ചാം സ്ഥാനത്തിലാണ് ഫിനിഷ് ചെയ്തത്. പ്രകടനം നന്നാവാതിരുന്നിട്ടും അന്ന് നീരജ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "ക്യാമ്പില്‍ വെച്ച് ആണ് പരിശീലനത്തിന് മികച്ച സൗകര്യങ്ങള്‍ ലഭിച്ചത്. അതുവരെ പരിശീലിച്ചിരുന്നത് പഞ്ച്കുലയിലെ താവു ദേവി ലാല്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു. എന്നിലെ താരത്തെ പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സിലെ പരിശീലനവും ഭക്ഷണക്രമവും മെച്ചപ്പെടുത്തി. തുടര്‍ന്ന് പാനിപത്തിലെ ശിവജി സ്റ്റേഡിയത്തില്‍ ആണ് പരിശീലനം ചെയ്തത്. സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും, സ്പോണ്‍സറായ ജെ.എസ്.ഡബ്ല്യു സ്പോര്‍ട്ട്സിനോടും ഏറെ കടപ്പെട്ടിരിക്കുന്നു." നീരജ് ചോപ്ര പറഞ്ഞു.

നീരജിന്റെ അടുത്ത ലക്ഷ്യം അടുത്ത വര്‍ഷം യു.എസില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുക എന്നതാണ്. ഈ വര്‍ഷം ഒറിയോണിലെ യൂഗിനില്‍ നടത്തേണ്ടിയിരുന്ന പ്രസ്തുത ചാമ്പ്യന്‍ഷിപ്പ് കൊവിഡ് - 19 മഹാമാരി സാഹചര്യത്തിലാണ് 2022ലേക്ക് നീട്ടിവെച്ചത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷം ജൂലായ് 15 മുതല്‍ 24 വരെയാണ് നടത്തപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only