👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

കോവിഷീല്‍ഡ് വാക്‌സിന്റെ 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്ക്; വിശദീകരണവുമായി കേന്ദ്രം ഹൈക്കോടതിയില്‍
(VISION NEWS 26 ഓഗസ്റ്റ് 2021)
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. തൊഴിലാളികള്‍ക്കു രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിന്മേലുള്ള വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്. 

93 ലക്ഷം രൂപ ചിലവില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only