01 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 01 ഓഗസ്റ്റ് 2021)

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നികുതിദായകര്‍ക്ക് നഷ്ടം 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തില്‍ നിന്ന് വലിയ ഒരു ഭാഗവും പ്രതിഷേധങ്ങള്‍ കാരണം നഷ്ടപ്പെട്ടതാണ് സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്. ഇരു സഭകളിലുമായി 107 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതില്‍ വെറും 18 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ജൂലായ് 19ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഓരോ എംപിക്കും നല്‍കുന്ന യാത്രാചെലവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ചേരുമ്പോള്‍ വലിയ തുകയാണ് വരിക. ഇത് നല്‍കുന്നത് സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്നുമാണ്.

🔳രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

🔳കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ലെന്നും കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണെന്നും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

🔳കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന മേഖലകളില്‍ ക്ലസ്റ്റര്‍ തിരിച്ച് തുടരുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. വീടുകളില്‍ കഴിയുന്ന രോഗികള്‍വഴി കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയാനുള്ള നടപടികളുമുണ്ടാകും. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍മൂലം രോഗപ്പകര്‍ച്ച കാര്യമായി കുറയാത്തസാഹചര്യത്തില്‍ വിദഗ്ധസമിതിയോട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നല്‍കും.

🔳സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി. ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സീന്‍ നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി, പുത്തന്‍തോപ്പ് സ്വദേശി എന്നിവര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത് 63 പേര്‍ക്കാണ്. മൂന്ന് പേരാണ് നിലവില്‍ രോഗികളായുള്ളത്.

🔳സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണെന്നും സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്നും അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നതെന്നും സുധാകരന്‍ പ്രതികരിച്ചു.

🔳കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കം ഭാഗീകമായി തുറന്നു. തൃശ്ശൂര്‍ - പാലക്കാട് പാതയിലെ കുതിരാന്‍ മല തുരന്നുണ്ടാക്കിയ ഇരട്ടതുരങ്കളിലൊന്നാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഇന്നലെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. തൃശ്ശൂര്‍ - പാലക്കാട് റൂട്ടിലെ തുരങ്കം കൂടി ഗതാഗതയോഗ്യമാക്കിയാല്‍ മാത്രമേ ഇരട്ടതുരങ്കത്തിന്റെ ഗുണം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കൂ.  

🔳കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് നല്‍കിവരുന്ന ബോണസും ഉത്സവബത്തയും ഇത്തവണ നല്‍കാനാകില്ലെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്.

🔳സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായും തുടരും.

🔳നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ബോര്‍ഡിലേക്ക് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നെന്നും കേരളത്തിലെ നാളീകേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്' എന്നാണ് സ്ഥാനലബ്ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

🔳മുസ്ലീംലീഗ് നേതൃയോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കെ എം ഷാജിയും കെ എസ് ഹംസയും. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് പ്രധാന വിമര്‍ശനം. ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

🔳സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ഓണം സ്‌പെഷ്യല്‍ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കര്‍ശനമായി ഉറപ്പാക്കിയാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്നും കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റര്‍ റേഷന്‍കടകള്‍ക്കു മുന്നില്‍ പതിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

🔳കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്കും. രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

🔳കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പഞ്ചാബിലെ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഓഗസ്റ്റ് രണ്ട്, തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു.

🔳രാഷ്ടീയ ജീവിതം അവസാനിപ്പിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബബുല്‍ സുപ്രിയോ. എംപി സ്ഥാനം രാജിവയ്ക്കുമെന്നും ബബുല്‍ സുപ്രിയോ അറിയിച്ചിട്ടുണ്ട്. സാമൂഹിക സേവനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്നും സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി ഒരു പാര്‍ട്ടിയിലേക്കും താന്‍ ഇനിയില്ലെന്നും ആരും തനിക്ക് പിന്നാലെ കൂടുകയും വേണ്ടെന്നും ബബുല്‍ സുപ്രിയോ വ്യക്തമാക്കി. ബിജെപിക്ക് അകത്തെ വിഷയങ്ങളും പുനസംഘടനയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയില്‍ നിന്നും മാറ്റിയതുമാണ് ബബുല്‍ സുപ്രിയോയുടെ പ്രതിഷേധത്തിന് കാരണം എന്നാണ് സൂചന.

🔳ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടിയത്. ജാര്‍ഖണ്ഡ് പോലീസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു.

🔳അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ പേരില്‍ മിസ്സോറം കേസ് എടുത്തതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാവുന്നു. അതിര്‍ത്തി സംഘര്‍ഷത്തില്‍ കോടതി ഇടപെടല്‍ തേടി അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മക്കും അസമിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ മിസോറാം കേസെടുത്തിരിക്കുന്നത്.

🔳അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തനിക്കെതിരെ മിസോറാമില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ സന്തോഷമേയുള്ളൂ. സംഘര്‍ഷം നടന്നത് അസമിന്റെ പരിധിയില്‍ ആണ്. എന്നിട്ടും എന്ത് കൊണ്ടാണ് കേസ് ഒരു നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കാത്തതെന്നും ഇക്കാര്യം മിസോറാം മുഖ്യമന്ത്രിയോട് സംസാരിച്ചുവെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി.

🔳ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി.സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും.

🔳ഇടിക്കൂട്ടില്‍ നിന്ന് രണ്ടാം മെഡലുറപ്പിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപുറത്തായി.

🔳ടോക്യോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അയര്‍ലന്‍ഡിന്റെ തോല്‍വിയോടെ പൂള്‍ എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ പൂള്‍ ബിയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.

🔳ടോക്യോ ഒളിംപിക്സ് ലോംഗ് ജംപില്‍ മലയാളി താരം ശ്രീശങ്കര്‍ ഫൈനലിലെത്താതെ പുറത്ത്. ആകെ 15 പേര്‍ മത്സരിച്ച ബി ഗ്രൂപ്പില്‍ പതിമൂന്നാമതായി ഫിനിഷ് ചെയ്ത ശ്രീശങ്കര്‍ ആകെ മത്സരിച്ചവരില്‍ 25-മതായാണ് ഫിനിഷ് ചെയ്തത്.  

🔳ഒളിംപിക് ടെന്നിസ് സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് ഒരു മെഡല്‍ പോലുമില്ലാതെ മടങ്ങുന്നു. ഇന്നലെ സെമിയില്‍ പരാജയപ്പെട്ടതിന് പിന്നാലെ വെങ്കലത്തിനായുള്ള മത്സരത്തിലും ലോക ഒന്നാം നമ്പര്‍ താരം തോല്‍വിയറിഞ്ഞു. സ്പാനിഷ് താരം കരേനൊ ബുസ്റ്റയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്.

🔳ടോക്കിയോ ഒളിംപിക്സിലെ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ വേഗറാണി. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്നിന്റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്സിലും എലെയ്നായിരുന്നു സ്വര്‍ണം. 1988ലെ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്യോയില്‍ എലെയ്നിന്റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കി.

🔳ഫുട്‌ബോളില്‍ കരുത്തുകാട്ടി ആതിഥേയരായ ജപ്പാനും നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും. ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ സെമി ഫൈനലിലെത്തി. ന്യൂസീലന്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ആതിഥേയരായ ജപ്പാന്‍ സെമിയിലെത്തിയത്. ഐവറികോസ്റ്റിനെ തോല്‍പ്പിച്ച് സ്‌പെയിനും സെമിയിലെത്തി.

🔳ടെന്നീസ് വനിതാ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്റ് താരം ബെലിന്ദ ബെന്‍സിക്കിന് സ്വര്‍ണം. ഫൈനലില്‍ ബെലിന്ദ ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്നു.

🔳കേരളത്തില്‍ ഇന്നലെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം കേസുകള്‍ കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375.

🔳രാജ്യത്ത് ഇന്നലെ 41,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,304 പേര്‍ രോഗമുക്തി നേടി. മരണം 542. ഇതോടെ ആകെ മരണം 4,24,384 ആയി. ഇതുവരെ 3,16,54,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.04 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,959 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,986 പേര്‍ക്കും കര്‍ണാടകയില്‍ 1,987 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,058 പേര്‍ക്കും ഒറീസയില്‍ 1,578 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,20,733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 45,461 പേര്‍ക്കും ബ്രസീലില്‍ 37,582 പേര്‍ക്കും റഷ്യയില്‍ 23,807 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,144 പേര്‍ക്കും ഫ്രാന്‍സില്‍ 23,471 പേര്‍ക്കും തുര്‍ക്കിയില്‍ 22,332 ഇന്‍ഡോനേഷ്യയില്‍ 37,284 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.84 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.50 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,540 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 226 പേരും ബ്രസീലില്‍ 858 പേര്‍ക്കും റഷ്യയില്‍ 792 പേരും കൊളംബിയയില്‍ 291 പേരും ഇറാനില്‍ 286 പേരും ഇന്‍ഡോനേഷ്യയില്‍ 1,808 പേരും സൗത്ത് ആഫ്രിക്കയില്‍ 334 പേരും മെക്സിക്കോയില്‍ 459 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.32 ലക്ഷം.

🔳രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ താരിഫ് കൂട്ടാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി. അടിസ്ഥാന ലെവല്‍ പ്ലാന്‍ ഇപ്പോള്‍ 79 രൂപയിലാണ് തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമായുള്ള എന്‍ട്രി ലെവല്‍ പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് പ്ലാനുകളിലെ നിരക്കുകള്‍ 30 ശതമാനമാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

🔳ഇന്ത്യയിലെ പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് ഗൂഗിള്‍. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നു. 2021 സെപ്റ്റംബര്‍ 15 നകം ഡവലപ്പര്‍മാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്, കൂടാതെ പ്ലേ സ്റ്റോറില്‍ തുടരുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കണം. അല്ലാത്തപക്ഷം, എല്ലാത്തിനെയും പടിക്കു പുറത്താക്കുമെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ്. ഗൂഗിളില്‍ നിന്നുള്ള അവലോകനത്തിനായി ഡിക്ലറേഷനും ആവശ്യമായ ഡോക്യുമെന്റേഷനും നല്‍കണം.

🔳കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം 'വിക്ര'ത്തില്‍ പ്രധാന വേഷത്തില്‍ നടന്‍ കാളിദാസ് ജയറാമും. വിക്രത്തിന്റെ സെറ്റില്‍ കാളിദാസ് ജോയിന്‍ ചെയ്ത വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ മകനായാണ് കാളിദാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ കമലിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നരെയ്‌നും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തും.

🔳ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഇടം നേടി മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'നായാട്ട്'. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യന്‍ ചിത്രമായാണ് നായാട്ട് ഇടംപിടിച്ചത്. മൊറോക്കന്‍ ചിത്രം ദ് അണ്‍നോണ്‍െസയ്ന്റ്, ഹംഗേറിയന്‍ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയര്‍ കണ്ടിഷനര്‍, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകള്‍. നായാട്ടിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍ ആണ്. ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിന്റെ കമ്പനിയും തെലുങ്കില്‍ അല്ലു അര്‍ജുനുമാണ് റീമേക്ക് അവകാശം വാങ്ങിയത്.

🔳ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുല്‍ഖര്‍ സല്‍മാന്‍ന്റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തന്‍ മെഴ്സിഡെസ് ബെന്‍സ് എത്തിയിരിക്കുകയാണ്. ജി 63 എഎംജി എന്ന മോഡലാണ് അത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ഇത്. പെട്രോള്‍ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കി.മീ./ലിറ്റര്‍ ആണ്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

🔳ഏത് രംഗത്തും മിടുക്കരെപോലെ കാഴ്ച വയ്ക്കുന്നവര്‍ അതിനായി നിയതമായ ഒരു രീതിയും നടപടിക്രമവും പിന്തുടരപ്പെടുന്നുണ്ട്. ഈ രീതി തുടരുന്ന ആര്‍ക്കും ഇതേപോലെ മികവ് പുലര്‍ത്താനാകും. 'മിടുക്കരെപോലെ മിടുക്കരാവാം'. സുരേന്ദ്രന്‍ ചീക്കിലോട്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 99 രൂപ.

🔳ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ച് തള്ളിയാല്‍ അത് ശരീരത്തിന് ഉണ്ടാക്കാവുന്ന ഗുരുതര പ്രശ്‌നങ്ങളെ കുറിച്ച് പലര്‍ക്കും ബോധ്യമുണ്ടാകാം. എന്നാല്‍ ഇതിന് സമാനമാണ് ദീര്‍ഘനേരമുള്ള ഇരിപ്പ് ശരീരത്തിന് വരുത്തി വയ്ക്കുന്ന രോഗങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പലരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. അമിത രക്തസമ്മര്‍ദം, കുടവയര്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, ഹൃദ്രോഗം, അര്‍ബുദം തുടങ്ങി ദീര്‍ഘനേരത്തെ ഇരിപ്പ് ഭാവിയില്‍ ഒരാള്‍ക്ക് സമ്മാനിക്കാവുന്ന രോഗങ്ങള്‍ നിരവധിയാണ്. ജോലി സ്ഥലത്തായാലും, കാറിലായാലും ടിവിക്ക് മുന്നിലായാലും മണിക്കൂറുകള്‍ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്. യാതൊരു ശാരീരിക പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയര്‍ത്തുന്നതിന് സമാനമായ അപടകസാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എത്ര മാത്രം കുറച്ച് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പലരും വീടുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി കൂടുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇടുപ്പിനും സന്ധികള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാനും ദീര്‍ഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും. ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കില്‍ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശ്വാസകോശത്തിനും ഗര്‍ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാക്കാന്‍ ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകുമെന്ന് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ ഗുരുവിനെ കാണാന്‍ എത്തിയിരിക്കുകയാണ്. ഗുരുവിനോട് സംസാരിച്ചിരിക്കേ ചക്രവര്‍ത്തി പറഞ്ഞു: അടുത്തജന്മത്തില്‍ ദൈവം ആരാകണമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും എനിക്ക് ഡയോജനീസ് ആകണമെന്ന്. അപ്പോള്‍ ഗുരു പറഞ്ഞു: അതിന് അടുത്തജന്മം വരെ കാത്തിരിക്കേണ്ട, എല്ലാം വെട്ടിപ്പിടിക്കണമെന്ന ഈ വാശി ഉപേക്ഷിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ അങ്ങനെയാകാം. അപ്പോള്‍ അലക്‌സാണ്ടര്‍ പറഞ്ഞു: ലോകം കീഴടക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ട്. അതിനൊരു ശമനമുണ്ടായാല്‍ ഞാന്‍ അങ്ങയുടെ അടുത്തെത്താം. അപ്പോള്‍ ഗുരു പറഞ്ഞു: ഒരു കാര്യം തെറ്റാണെന്നറിഞ്ഞിട്ടും വീണ്ടും അത് തുടരുന്നതാണ് വലിയ തെറ്റ്! പിന്മാറാന്‍ സാധിക്കുക എന്നതു കഴിവാണ്. പ്രത്യേകിച്ച് പിഴവുകളില്‍ നിന്ന്. ഒരിക്കല്‍ ചെയ്ത തെറ്റിന്റെ പേരിലല്ല, ആവര്‍ത്തിക്കപ്പെട്ട തെറ്റുകളിലാണ് അധികംപേരും കടപുഴകി വീണിട്ടുള്ളത്. ആദ്യതെറ്റ് അബദ്ധവും ആവര്‍ത്തിക്കപ്പെടുന്ന തെറ്റ് തീരുമാനവുമാണ്, തുടങ്ങിയത് ഒരു പ്രത്യേക സാഹചര്യം കൊണ്ടോ, വൈകാരിക ദൗര്‍ബല്യം കൊണ്ടോ, പിടിച്ചുനില്‍പ്പിനുവേണ്ടിയോ ആകാം. തുടങ്ങാനുള്ള കാരണമല്ല, തുടരാനുള്ള കാരണം. തുടരാനുള്ള കാരണമല്ല, അവസാനിപ്പിക്കാനുള്ള കാരണം. തുടങ്ങിയത് തെറ്റണെന്നു തോന്നിയാല്‍, തുടര്‍ച്ച അപകടമാണെന്ന് തിരിച്ചറിഞ്ഞാല്‍, എന്തിന് വേണ്ടി തുടങ്ങിയോ ആ കാരണങ്ങള്‍ അപ്രസക്തമായാല്‍ , പുതിയ തുടക്കങ്ങള്‍ക്ക് വിലങ്ങുതടിയായാല്‍ വേണം തീര്‍പ്പാക്കലുകള്‍. യു ടേണുകള്‍ക്കുള്ള സ്ഥലവും മനസ്സും നമുക്കുണ്ടാകണം. ജീവിതത്തില്‍ തെറ്റിയെന്നു മനസ്സിലായാല്‍ അടുത്ത ജംങ്ഷനില്‍ നിന്നും തിരിയാനുള്ള സാധ്യത എല്ലാ വഴികളിലുമുണ്ട്. സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി അപകടമുണ്ടാക്കണമെന്നില്ല, വേഗം കുറച്ച്, അനുയോജ്യമായ സ്ഥലത്തെത്തുമ്പോള്‍ തിരിച്ചു സഞ്ചരിച്ചാല്‍ മതി. അതിനുള്ള പക്വതയും തീരുമാനവുമാണ് പ്രധാനം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only