👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ഓഗസ്റ്റ് 2021

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
(VISION NEWS 28 ഓഗസ്റ്റ് 2021)

സംസ്ഥാനത്തു വ്യഴാഴ്ച്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുനമര്‍ദ്ദം രൂപപ്പെട്ടതിന്‍റെയും കര്‍ണാടക കേരള തീരത്ത് നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും സ്വാധീനത്തില്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഇന്നും നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും. നാളെ (29/8 /2021) കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളക്കെട്ടുകള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
25 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ തീവ്രതയുള്ള മഴ ലഭിക്കുന്ന സാഹചര്യമാണ് നമുക്ക് അപകടം സൃഷ്ടിക്കാറുള്ളത്. അതുകൊണ്ട് തന്നെ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

പ്രധാന അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ല. തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ജലം ഒഴുകിവരുന്നയിടങ്ങളിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

വനത്തിലും പശ്ചിമഘട്ടത്തിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളില്‍ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീന്‍ പിടിക്കാനും മറ്റും ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. എല്ലാവരും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only