👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 29 ഓഗസ്റ്റ് 2021)




🔳സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടിയായ അമൃത മഹോത്സവത്തിന്റെ പോസ്റ്ററില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനെ ഒഴിവാക്കി ചരിത്രകൗണ്‍സില്‍. മദന്‍ മോഹന്‍ മാളവ്യയും സവര്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ ഇടംപിടിച്ച പോസ്റ്ററില്‍ നിന്നാണ് ജവഹര്‍ ലാല്‍ നെഹ്രു ഒഴിവാക്കപ്പെട്ടത്.

🔳കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. അപലപനീയമായ ഈ നടപടി സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രമറിയാവുന്ന ലോകരാജ്യങ്ങളുടെ ഇടയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അപഹാസ്യമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ചരിത്ര കൗണ്‍സില്‍ എന്ന മഹത്തായ സ്ഥാപനം ചരിത്രം തിരുത്താന്‍ ശ്രമിച്ച് തരംതാഴുകയാണെന്നും പോസ്റ്ററില്‍ ഫോട്ടോ ഒഴിവാക്കിയാല്‍ ഇല്ലാതാവുന്നതല്ല രാഷ്ട്രശില്പിയായ നെഹ്രുവിന്റെ സംഭാവനകളെന്നും ആന്റണി പറഞ്ഞു. നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിലൂടെ ചരിത്ര കൗണ്‍സില്‍ ഒരിക്കല്‍കൂടി അപഹാസ്യരായെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കൗണ്‍സിലിന്റെ നടപടി നികൃഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു. ഒരു രാജ്യവും ആദ്യ പ്രധാനമന്ത്രിയെ സ്വാതന്ത്ര്യസമരത്തിന്റെ വെബ്‌സൈറ്റില്‍ നിന്നൊഴിവാക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ് നടപടി അനീതിയാണെന്ന് അഭിപ്രായപ്പെട്ടു.

🔳കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകന്‍ കെ.കെ പോളിനെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മടക്കി. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ മടക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ നിലപാട് വ്യക്തമല്ല.

🔳ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

🔳പാര്‍ട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമര്‍ശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വമെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയതിന് ശിവദാസന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. എന്നാല്‍ പത്തനംതിട്ടയില്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ സതീഷ് കൊച്ചു പറമ്പിലിനെ കുറിച്ച് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഡിസിസി പട്ടികയും പിന്നാലെ അച്ചടക്ക നടപടിയും എത്തിയതോടെ വിമര്‍ശനം കടുപ്പിച്ച് കെ പി അനില്‍കുമാര്‍. എംപി എം കെ രാഘവനെതിരെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും രൂക്ഷ വിമര്‍ശനമാണ് അനില്‍കുമാര്‍ നടത്തിയത്. രാഘവനാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് അനില്‍കുമാറിന്റെ ആക്ഷേപം. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തിരുത്തി പറയില്ലെന്നും അനില്‍കുമാര്‍ ആവര്‍ത്തിച്ചു.

🔳കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കള്‍ നടത്തുന്ന പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. പരസ്യ വിഴുപ്പലക്കല്‍ പാടില്ലെന്നും പരാതി പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് വിവരം.

🔳സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ താരതമ്യേനെ കുറവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനാധിപത്യ ചര്‍ച്ച നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ മനോവിഷമമുണ്ട്. രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകളുളള ഡയറി ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു.

🔳ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

🔳ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍. എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്ന് മുരളീധരന്‍. എം പി, എംഎല്‍എമാര്‍, മുന്‍ പ്രസിഡന്റുമാര്‍ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചര്‍ച്ച നടന്നുവെന്നും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി മാറ്റം വരുത്തിയെന്നും ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

🔳മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിവാദ പ്രസ്തവനയില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളൂവെന്ന് കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെകെ ശൈലജ പ്രതികരിച്ചു.

🔳ബി.ജെ.പിക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരുടെ തല അടിച്ചു പൊട്ടിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി ഹരിയാണ കര്‍ണാലിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ. ഉദ്യോഗസ്ഥന്‍ പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച കര്‍ണാലിലേക്കുള്ള മാര്‍ച്ചിനിടെ ദേശീയപാത ഉപരോധിച്ച കര്‍ഷകര്‍ക്കെതിരേ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

🔳ഹരിയാനയിലെ കര്‍ണാലില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കര്‍ഷകസംഘടനകള്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

🔳ബോളിവുഡ് താരം അര്‍മാന്‍ കോലി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് താരത്തെ അറസ്റ്റ് ചെയ്തത്. അര്‍മാന്‍ കോലിയുടെ വീട്ടില്‍നിന്ന് ചെറിയ അളവില്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തതായും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടന്റെ വീട്ടില്‍നിന്ന് പിടികൂടിയ കൊക്കെയ്ന്‍ തെക്കേ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നതെന്നാണ് സംശയം. അതിനാല്‍ കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

🔳ലോകത്തിലെ ഏറ്റവും കൂടുതല്‍ സുരക്ഷാക്യാമറകളുള്ള നഗരങ്ങള്‍ ഒരുപക്ഷേ ചൈനയിലായിരിക്കും. എന്നാല്‍, ഏറ്റവും അധികം സുരക്ഷാക്യാമറയുള്ള സ്ഥലമായി കംപാരിടെക്ക് കണ്ടെത്തിയിരിക്കുന്നത് ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയെ ആണ്. ലണ്ടന്‍, ഷാന്‍ഘായ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ദില്ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓരോ മൈലിലിലും ദില്ലിയില്‍ നിരവധി സുരക്ഷാ ക്യാമറകളുണ്ട് എന്നാണ് പറയുന്നത്. ഡല്‍ഹിയില്‍ ഒരു ചതുരശ്ര മൈലിന് 1826 സിസിടിവികള്‍ ഉണ്ട്.

🔳രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് സെപ്റ്റംബര്‍ 30 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

🔳അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു നേര്‍ക്ക് ഇനിയും ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാന്‍ഡര്‍മാര്‍ കരുതുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

🔳അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാനെ കുറിച്ച് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍. മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നായിരുന്നു യു.എന്‍. പ്രസ്താവന. ഇതിലാണ് താലിബാനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നത്.

🔳തനിക്ക് മൂന്നില്‍ മൂന്നു മാര്‍ഗങ്ങളാണ് ശേഷിക്കുന്നതെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോണാരോ. 2022-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. അറസ്റ്റ് ചെയ്യപ്പെടുക, കൊല്ലപ്പെടുക അല്ലെങ്കില്‍ 2022 ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുക' ഇതാണ് താന്‍ മുന്നില്‍ കാണുന്നത് ബൊല്‍സൊണാരോ പറഞ്ഞു. നിലവിലെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലുള്ള അത്യപ്തിയും അദ്ദേഹം രേഖപ്പെടുത്തി.

🔳പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭവിനയുടെ തോല്‍വി.

🔳പ്രമുഖരുടെ പിന്‍മാറ്റത്തോടെ നിറം മങ്ങിയെങ്കിലും ടെന്നിസ് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന് നാളെ ന്യൂയോര്‍ക്കില്‍ തുടക്കമാവും. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും, വനിതാ സിംഗിള്‍സില്‍ ആഷ്‌ലി ബാര്‍ട്ടിയുമാണ് ടോപ്‌സീഡ്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോവിച്ച്, കലണ്ടര്‍ സ്ലാം തികയ്ക്കാനാണ് ഇറങ്ങുന്നത്. 1969ല്‍ റോഡ് ലെവറിനുശേഷം കലണ്ടര്‍ സ്ലാം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോര്‍ഡാണ് ജോക്കോയെ കാത്തിരിക്കുന്നത്. ജയിച്ചാല്‍ 21-ാം ഗ്രാന്‍സ്ലാം കിരീടത്തിലൂടെ റെക്കോര്‍ഡ് നേടാനും ജോക്കോവിച്ചിന് കഴിയും.

🔳ഇന്റര്‍നെറ്റ് കണക്ഷനില്‍ ദേശീയ തലത്തെയും മറികടന്ന് കേരളം. ദേശീയതലത്തില്‍ 100ല്‍ 60 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ കേരളത്തിലിത് 85 ആണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ നഗരങ്ങളേക്കാള്‍ ഗ്രാമീണ മേഖലയിലുള്ളവരാണ് കൂടുതലായും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ നഗര മേഖലയിലുള്ള 100 ല്‍ 71 പേര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളതെങ്കില്‍ ഗ്രാമീണ മേഖലയില്‍ 100 പേര്‍ക്ക് 119 ഇന്റര്‍നെറ്റ് കണക്ഷനുകളാണുള്ളത്. ദേശീയതലത്തില്‍ ഗ്രാമീണ മേഖലയില്‍ 100 ല്‍ 36 പേര്‍ക്കും നഗരമേഖലയില്‍ 100 പേര്‍ക്ക് 107 ഇന്റര്‍നെറ്റ് കണക്ഷനുമാണുള്ളത്.

🔳യുഎസ് വെബ് സേവന ദാതാക്കളായ യാഹൂ ഇന്ത്യയിലെ വാര്‍ത്താ സേവനങ്ങള്‍ നിര്‍ത്തി. ആഗസ്റ്റ് 26 മുതലാണ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്. പുതിയ കണ്ടന്റ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേ സമയം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നത് യാഹൂ മെയിലിനെ ബാധിക്കില്ല. യാഹു മെയിലിലെ വിവരങ്ങള്‍ ലഭ്യമാകും. യാഹൂ അക്കൗണ്ട്, മെയില്‍ എന്നിവ സേര്‍ച്ച് ചെയ്യാന്‍ ആകും. ഉപഭോക്താക്കളുടെ പിന്തുണയ്ക്കും വായനക്കാര്‍ക്കും യാഹൂ അധികൃതര്‍ നന്ദി അറിയിച്ചു, വെബ് ഹോം പേജിലൂടെയാണ് കമ്പനി വിവരമറിയിച്ചത്.

🔳തമിഴ് ത്രില്ലര്‍ ചിത്രം 'കാനഗസട്ടം' ഏകം ഒടിടി ഡോട്ട് കോമില്‍ റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ.ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദ്യപാനിയായ ഭര്‍ത്താവിന് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാന്‍ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തണം. അതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് ഗിക്കി, രഞ്ജിത്ത് കുമാര്‍, ഗബ്രിയേല്‍ പെരസ്, മുകേഷ് ശൈലപ്പന്‍, മണി ശങ്കര്‍, ജോണ്‍സണ്‍ സോളമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

🔳നവാഗതനായ അനില്‍ ലാല്‍ കഥയും സംവിധാനവും ചെയ്യുന്ന 'സുഗന്ധി' ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. സുഗന്ധി-ഷിബു എന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ലിജോ ഉലഹന്നാന്‍, ഷൈലജ പി. അംബു, സജാദ് ബ്രൈറ്റ്, മൃദുല മോഹന്‍, പാര്‍വതി പി.വി, വിനയ്, വിപിന്‍ എസ്. നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റബ്ബര്‍ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സര്‍വ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയര്‍പ്പാണ് ജീവിതത്തില്‍ ഇലക്ട്രീഷ്യനായ ഷിബുവിന്റെ താളം തെറ്റിച്ചത്. ഷിബുവിന് പിന്നീട് കാണേണ്ടി വരുന്ന കാഴ്ചകളും അതയാളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം പറയുന്നത്.

🔳ജനപ്രിയ പ്രീമിയം ഫുള്‍-സൈസ് എസ്യുവിയായ ഫോര്‍ച്യൂണറിന്റെ ജിആര്‍ സ്പോര്‍ട് എഡിഷനെ പുറത്തിറക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ഫാര്‍ച്യൂണര്‍ ലെജന്‍ഡറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ മോഡല്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സ്പോര്‍ട്ടി രൂപമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ജിആര്‍ സ്പോര്‍ട്ടിന്റെ പ്രധാന സവിശേഷത. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ അതേ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ജിആര്‍ സ്പോര്‍ട് എഡിഷന്റെയും ഹൃദയം.

🔳ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളും വേദനകളും സംഘര്‍ഷങ്ങളും ആനന്ദമുഹൂര്‍ത്തങ്ങളും കൗതുകങ്ങളുമെല്ലാം അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എന്‍. പ്രഭാകരന്റെ ആത്മകഥ. 'ഞാന്‍ മാത്രമല്ലാത്ത ഞാന്‍'. മാതൃഭൂമി . വില 224 രൂപ.

🔳ഡിപ്രഷന്‍ പോലുള്ള കോവിഡാനന്തര മാനസിക വിഷമങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കുമ്പോഴും ഉറക്കമില്ലായ്മ മരുന്നില്ലാത്ത രോഗമായി നിലനില്‍ക്കുകയാണ്. സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ ഉണ്ടാക്കുകയാണ് ഇത്തരക്കാര്‍ ആദ്യം ചെയ്യേണ്ടത്. വാരാന്ത്യങ്ങളില്‍ വൈകി ഉണരുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക, പകരം പതിവു സമയത്തുതന്നെ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിനുമുമ്പ് 30 മുതല്‍ 60 വരെ മിനിറ്റ് ശാന്തവും സ്വസ്ഥവുമായിരിക്കാന്‍ ശ്രദ്ധിക്കുക. ഫോണ്‍ സ്‌ക്രീന്‍ നോക്കുന്നതിനു പകരം ഒരു പുസ്തകം വായിക്കുക, ശാന്തമായ സംഗീതം കേള്‍ക്കുക, ചൂടുവെള്ളത്തില്‍ കുളിക്കുക അല്ലെങ്കില്‍ കഫീന്‍ ഇല്ലാത്ത ഹെര്‍ബല്‍ ടീ കുടിക്കുക. ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, മാസിക നോക്കുക, യോഗ സ്ട്രച്ചുകള്‍ പരിശീലിക്കുക, കളറിങ് പോലെ താത്പര്യമുള്ള വിഷയങ്ങള്‍ ചെയ്യുക തുടങ്ങി ശ്രദ്ധ തിരിക്കാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. ഫോണ്‍ എടുക്കാനും സോഷ്യല്‍ മീഡിയയിലൂടെ അനന്തമായി സ്‌ക്രോള്‍ ചെയ്യാനും പ്രലോഭനം തോന്നുമെങ്കിലും ചെയ്യരുത്. ഫോണില്‍ നിന്നോ ടാബ്ലറ്റ് സ്‌ക്രീനില്‍ നിന്നോ പുറപ്പെടുന്ന നീല വെളിച്ചത്തിന് നിങ്ങളുടെ ആന്തരിക സിര്‍കാഡിയന്‍ സ്ലീപ് ക്ലോക്കിന്റെ സമയത്തില്‍ ഉള്‍പ്പെടുന്ന ഒരു ഹോര്‍മോണായ മെലറ്റോണിന്റെ ഉല്‍പാദനം തടയാന്‍ കഴിയും. ധ്യാനം, ഗൈഡഡ് ഇമേജറി, മസില്‍ റിലാക്സേഷന്‍ തുടങ്ങിയ റിലാക്സേഷന്‍ ടെക്നിക്കുകള്‍ പഠിക്കുന്നത് ഉറങ്ങാന്‍ സഹായിക്കും. ഒരു സ്ലീപ് ലോഗ് സൂക്ഷിക്കുക വഴി ഉറക്ക രീതികളുടെയും ജീവിതശൈലിയുടെയും വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ട്രാക് ചെയ്യാനാകും. എഴുതുന്നത് ഇഷ്ടമല്ലെങ്കില്‍ ഒരു ലോഗ് സൂക്ഷിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളോ സ്മാര്‍ട്ട് വാച്ചോ പരീക്ഷിക്കുക. ഉറക്കം ശാരീരിക, മാനസിക ആരോഗ്യങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഘടകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only