👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

ക്ഷേത്രങ്ങളിലെ ജാതീയത ഇല്ലാതാക്കണം: മന്ത്രി കെ രാധാകൃഷ്ണൻ
(VISION NEWS 30 ഓഗസ്റ്റ് 2021)
ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ജാതീയ അംശങ്ങളെ ഇല്ലാതാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്ഷേത്രങ്ങളിൽ നിന്ന് ജാതീയതയെ പുറത്തു കടത്തണം. ഇതിനായി ഒരു കൂട്ടായ പരിശ്രമം ഉണ്ടാക്കിയെടുക്കണം. സർക്കാർ ഇതിനു പൂർണ പിന്തുണ നൽകും. ക്ഷേത്രങ്ങൾ ഇനിയുള്ള കാലം വഴിപാടിതര വരുമാനവും കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ തുടങ്ങിവച്ച നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം പാടില്ല. ഇത്തരം കാര്യങ്ങൾക്ക് സർക്കാർ ഫണ്ട് യഥാസമയം അനുവദിച്ചു നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എംഎൽഎ വിശിഷ്ടാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ മുൻ എംഎൽഎ കെ അജിത്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി, പുരസ്ക്കാര നിർണയ കമ്മിറ്റി അംഗം വി മുരളി തുടങ്ങിയവർ പങ്കെടുത്തു.

തുള്ളൽ കലയിൽ നിസ്തുല സംഭാവനകൾ നൽകിയ ഓട്ടംതുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥന് 2021ലെ ക്ഷേത്രകലാ പുരസ്കാരം മന്ത്രി സമ്മാനിച്ചു. 55,555 രൂപയും ഗുരുവായൂരപ്പന്റെ 10 ഗ്രാം സ്വർണ പതക്കവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 

കിഴക്കേനടയിൽ പുതുതായി പണിയുന്ന കച്ചവട സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും നടന്നു. 29 കോടി രൂപ ചെലവഴിച്ചാണ് കച്ചവട സമുച്ചയം നിർമിക്കുന്നത്. കൂടാതെ കേരളത്തിലെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ധനസഹായ വിതരണം, 'അഖിലം മധുരം' എന്ന ഗുരുവായൂരിന്റെ ഇതിഹാസ ഡോക്യുമെന്ററിയുടെ ശീർഷകഗാന പ്രകാശനം, കിഴക്കേനടയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി നവീകരിച്ച കെട്ടിടം ഭക്തജനങ്ങൾക്ക് സൗജന്യ ഉപയോഗത്തിനായി സമർപ്പിക്കൽ, 150 സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് വിതരണം, പുന്നത്തൂർ ആനത്താവളത്തിൽ 60 ടൺ ശേഷിയുള്ള വെയ്ങ്ങ് ബ്രിഡ്ജിന്റെ പ്രവർത്തനോദ്ഘാടനം, കൗസ്തുഭം കോമ്പൗണ്ടിലെ നവീകരിച്ച അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only