👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 ഓഗസ്റ്റ് 2021)
🔳സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ചെങ്കോട്ടയ്ക്ക് ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. സുരക്ഷ ഉറപ്പാക്കാന്‍ ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് വലിയ കണ്ടെയ്‌നറുകള്‍ നിരത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

🔳സി.ബി.ഐ.യെയും മറ്റ് അന്വേഷണ ഏജന്‍സികളെയും വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. കീഴ്‌ക്കോടതി ജഡ്ജിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെട്ടാല്‍ സി.ബി.ഐയോ മറ്റു അന്വേഷണ ഏജന്‍സികളോ പ്രതികരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്തിടെ ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോടതി. സി.ബി.ഐ അവരുടെ മനോഭാവത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജഡ്ജിമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

🔳രാജ്യത്ത് ഇതുവരെയായി 50 കോടി വാക്സിനേഷനുകള്‍ നല്‍കിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

🔳ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി വീണ്ടും അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വാക്സിന്‍ ഉപയോഗിക്കുന്നതിന് വേണ്ടി കമ്പനി നേരത്തേ നല്‍കിയ അപേക്ഷ പിന്‍വലിച്ചിരുന്നു.

🔳കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് ലോക്‌സഭ വെള്ളിയാഴ്ച പാസാക്കി. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. നിര്‍ദിഷ്ട സര്‍വകലാശാലയ്ക്ക് 'സിന്ധു കേന്ദ്ര സര്‍വകലാശാല' എന്നു പേരു നല്‍കും.

🔳നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

🔳ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

🔳23-മത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ആലോചന. ഇത് സംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. സംസ്ഥാനത്ത്
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

🔳മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിലെ പ്രശ്നം പരിഹരിക്കാന്‍ മുഈനലിയെ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഏല്‍പിച്ചതിന്റെ കത്ത് പുറത്ത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനം വിവാദമായ സാഹചര്യത്തിലാണ് കത്ത് പുറത്ത് വന്നത്. മാര്‍ച്ച് അഞ്ചാം തീയതിയില്‍ ഹൈദരലി തങ്ങളുടെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

🔳കൈക്കൂലി വാങ്ങുന്നവര്‍ക്കും അഴിമതിക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കുമെതിരേ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. റവന്യു ഓഫീസുകളില്‍ ജനങ്ങള്‍ സമീപിക്കുമ്പോള്‍ അവരോട് സൗഹാര്‍ദപരമായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും ഓരോ ഫയലിനും വിലയിട്ട് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

🔳വിസ്മയ കേസിലെ പ്രതിയും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നേരത്തെ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

🔳ലക്ഷദ്വീപ് സന്ദര്‍ശനത്തിന് എം.പിമാരുടെ അപേക്ഷ നിരസിച്ച നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനഃപരിശോധിക്കാന്‍ അഡ്മിനിസ്ട്രേറ്ററോട് കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

🔳കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സി.എം. ബൊമ്മെ. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ രാത്രി ഒമ്പതുമുതല്‍ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

🔳മറ്റു പിന്നാക്കവിഭാഗക്കാര്‍ക്കുള്ള സെന്‍സസ് നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ കേന്ദ്രത്തെ പാര്‍ലമെന്റിനകത്തും പുറത്തും പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം.

🔳ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുള്ള 'ഇന്നോവ പാര്‍ട്ടി' ആണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്നോ രണ്ടോ സീറ്റുള്ള 'സ്‌കൂട്ടര്‍ പാര്‍ട്ടി' ആയി മാറുമെന്നും സംസ്ഥാന വ്യവസായ വികസന വകുപ്പ് മന്ത്രി സതീഷ് മഹാന. തിരഞ്ഞെടുപ്പിന് ശേഷം ബി.എസ്.പി ഒരു 'ഇന്നോവ പാര്‍ട്ടി'യായി മാറുമെന്നും മന്ത്രി പറഞ്ഞു.

🔳കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ അമ്മ ഗുല്‍ഷന്‍ നാസിറിനോട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും ആവശ്യപ്പെട്ടു. ഇതേ കേസില്‍ നേരത്തെ രണ്ടുതവണ അവര്‍ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഓഗസ്റ്റ് 18-ന് ശ്രീനഗറിലെ ഇ.ഡി.യുടെ ഓഫീസിലെത്താനാണ് നിര്‍ദേശം.

🔳രാജ്യത്തിന് വേണ്ടി രക്തസാക്ഷികള്‍ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വീരമൃത്യു വരിച്ച പട്ടാളക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സി.ആര്‍.പി.എഫ് ജവാന്മാര്‍ എന്നിവരുടെ പേരുകള്‍ നല്‍കും.

🔳കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഇന്ത്യ-ചൈന സേനാ പിന്‍മാറ്റം. ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17-ല്‍ നിന്ന് ഇരുസേനകളും പിന്മാറി. പ്രദേശത്തെ താല്കാലിക നിര്‍മാണങ്ങള്‍ ഇരുപക്ഷവും പൊളിച്ചുനീക്കി.

🔳അഫ്ഗാനിസ്താനില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ താലിബാന്‍ കൊലപ്പെടുത്തി. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദാവ ഖാന്‍ മിനാപലിനെയാണ് തലസ്ഥാന നഗരമായ കാബൂളില്‍വെച്ച് താലിബാന്‍ കൊലപ്പെടുത്തിയത്.

🔳ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സ് ലീഡ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 278 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ 153 റണ്‍സ് കൂടിയാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്. രാഹുല്‍ 84 റണ്‍സെടുത്തപ്പോള്‍ ജഡേജ 56 റണ്‍സ് നേടി.

🔳ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണില്‍
സംസാരിക്കുന്നതിനിടയില്‍ വനിതാ ടീമിലെ ചില താരങ്ങള്‍ കരയുന്നത് കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ അടയാളമായ ഹോക്കി പതിറ്റാണ്ടുകളായി വിസ്മൃതിയിലായിരുന്നുവെന്നും നിങ്ങളുടെ കഠിനധ്വാനത്തിലൂടെ അതിന് വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി വനിതാ താരങ്ങളോട് പറഞ്ഞു.

🔳ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരിന്‍ രാജിവച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🔳ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പുനിയക്ക് സെമിയില്‍ തോല്‍വി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയാണ് താരത്തെ തോല്‍പ്പിച്ചത്. താരത്തിന് ഇനി വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്.

🔳ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ആരോക്യ രാജീവിനു പുറമെ മലയാളികളായ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. ഹീറ്റ്‌സ് രണ്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല.

🔳ഒളിമ്പിക് റിലേയില്‍ പുതുചരിത്രമെഴുതി ഇറ്റാലിയന്‍ പുരുഷ ടീം. 70 വര്‍ഷത്തിന് ശേഷം ആദ്യമായി ഇറ്റലി ഒളിമ്പിക്‌സില്‍ 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി. ദേശീയ റെക്കോഡ് പ്രകടനവുമായിട്ടായിരുന്നു ഇറ്റലിയുടെ സ്വര്‍ണനേട്ടം. സമയം: 37 മിനിട്ടും 50 സെക്കന്‍ഡും. അതേസമയം വനിതകളുടെ വിഭാഗത്തില്‍ ഷെല്ലി ആന്‍ഫ്രേസറും ഷെറീക്ക ജാക്ക്‌സണും എലെയ്ന്‍ ഹെറാ തോംപ്‌സണും ബ്രിയാന വില്ല്യംസും അണിനിരന്ന ജമൈക്കന്‍ ടീം ദേശീയ റെക്കോഡോടെ ഫിനിഷിങ് ലൈന്‍ തൊട്ടു. സമയം: 41 മിനിട്ടും 02 സെക്കന്‍ഡും. നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയിരുന്ന എലെയ്ന്‍ തോംസണ്‍ ടോക്യോയില്‍ ട്രിപ്പിള്‍ ഗോള്‍ഡ് പൂര്‍ത്തിയാക്കി. ഇതോടെ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന റെക്കോഡില്‍ എലെയ്ന്‍ തോംസണ്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനും അമേരിക്കയുടെ ഫ്‌ളോറെന്‍സ് ഗ്രിഫിതിനും ഒപ്പമെത്തി.

🔳മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം മിഷേല്‍ ബല്ലാക്കിന്റെ മകന്‍ എമിലിയോ ബല്ലാക്കിന്റെ മരണത്തില്‍ ഞെട്ടി കായികലോകം. പതിനെട്ടുകാരനായ എമിലിയോ ക്വാഡ് ബൈക്കില്‍ അപകടരമായ രീതിയില്‍ റെയ്ഡ് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,51,892 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433.

🔳രാജ്യത്ത് ഇന്നലെ 38,696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 40,020 പേര്‍ രോഗമുക്തി നേടി. മരണം 616. ഇതോടെ ആകെ മരണം 4,27,401 ആയി. ഇതുവരെ 3,18,94,483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.06 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,539 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,985 പേര്‍ക്കും കര്‍ണാടകയില്‍ 1,805 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,209 പേര്‍ക്കും ഒറീസയില്‍ 1,208 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,80,101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,21,449 പേര്‍ക്കും ബ്രസീലില്‍ 42,159 പേര്‍ക്കും റഷ്യയില്‍ 22,660 പേര്‍ക്കും ഫ്രാന്‍സില്‍ 25,077 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,808 പേര്‍ക്കും സ്പെയിനില്‍ 21,561 പേര്‍ക്കും തുര്‍ക്കിയില്‍ 23,957 പേര്‍ക്കും ഇറാനില്‍ 34,913 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 39,532 പേര്‍ക്കുംമെക്സിക്കോയില്‍ 22,569 പേര്‍ക്കും മലേഷ്യയില്‍ 20,889 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.23 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.61 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,033 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 736 പേരും ബ്രസീലില്‍ 1006 പേരും റഷ്യയില്‍ 792 പേരും ഇറാനില്‍ 458 പേരും ഇന്‍ഡോനേഷ്യയില്‍ 1,635 പേരും സൗത്ത് ആഫ്രിക്കയില്‍ 479 പേരും മെക്സിക്കോയില്‍ 618 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.89 ലക്ഷം.

🔳ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കി ഷവോമി. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാംസ്ഥാനത്തേക്ക് എത്തുന്നത്. കൗണ്ടര്‍പോയിന്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂണ്‍ മാസത്തില്‍ ഷവോമിയുടെ വില്‍പ്പനയില്‍ 26 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ജൂണില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച കമ്പനിയും ഷവോമിയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ച രണ്ടാമത്തെ കമ്പനി ഷവോമി ആയിരുന്നു.

🔳ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയില്‍ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്. വ്യൂ ഒണ്‍സ് ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും ആര്‍ക്കാണോ അയക്കുന്നത്, അയാള്‍ അത് ഓപ്പണ്‍ ആക്കിക്കഴിഞ്ഞാല്‍ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒണ്‍സ്. ഇത്തരത്തില്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാര്‍ മെസ്സേജ് ആക്കാനും സാധിക്കില്ല. ഫോട്ടോയും ചിത്രങ്ങളും ഫോണ്‍ ഗാലറിയില്‍ സേവ് ആകില്ലയെന്ന് വാട്‌സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ഫീച്ചര്‍ ഈയാഴ്ച മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും.

🔳ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമ്പരപ്പിക്കുന്ന ലുക്കിലാണ് പോസ്റ്ററില്‍ ചിമ്പുവിനെ കാണുന്നത്. വിണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെന്ത് തനിന്തത് കാടിനുണ്ട്. കത്തിയെരിയുന്ന കാടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. അഴുക്കുപുരണ്ട ഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു കമ്പും കുത്തി നില്‍ക്കുന്ന ചിമ്പുവിനെയാണ് കാണുന്നത്. പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

🔳തമിഴില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് രാഘവ ലോറന്‍സ്. 'ദുര്‍ഗ്ഗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് പ്രഖ്യാപനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനം ചെയ്യുന്നത് ലോറന്‍സ് തന്നെയാണോ എന്ന കാര്യവും വ്യക്തമല്ല. സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ലോറന്‍സിന് കരിയറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രം 'കാഞ്ചന' സിരീസ് ആയിരുന്നു. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു ഇത്. കാഞ്ചനയുമായി സമാനതയുള്ള ചിത്രമായിരിക്കും ദുര്‍ഗ്ഗ എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ഇന്ത്യയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന കിയ മോട്ടോഴ്‌സ് ഇതിനകം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍
അവകാശപ്പെടുന്നത്. 2019 ഓഗസ്റ്റിലാണ് കിയ ഇന്ത്യയില്‍ എത്തുന്നത്. കിയയുടെ മൊത്തവില്‍പ്പനയുടെ 66 ശതമാനവും സെല്‍റ്റോസാണ് സമ്മാനിച്ചിരിക്കുന്നത്. 32 ശതമാനം കോംപാക്ട് എസ്.യു.വിയായ സോണറ്റിന്റെ സംഭാവനയാണ്. 7310 യൂണിറ്റ് കാര്‍ണിവലാണ് ഇതുവരെ വിറ്റഴിച്ചത്. 2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. ജൂലൈയില്‍ മാത്രം 15016 യൂണിറ്റാണ് കിയയുടെ വില്‍പ്പന. 7675 യൂണിറ്റിന്റെ വില്‍പ്പനയോടെ സോണറ്റാണ് ജൂലൈയില്‍ തിളങ്ങിയ മോഡല്‍.

🔳ഭര്‍ത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങള്‍ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്. താരയ്ക്കും ആഗ്നസിനുമിടയില്‍ ഉടലെടുക്കുന്ന പ്രണയം. തികച്ചും വ്യത്യസ്തമായ പെണ്‍പ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവല്‍. 'മീനുകള്‍ ചുംബിക്കുന്നു'. ശ്രീപാര്‍വ്വതി. ലോഗോസ് ബുക്സ്. വില 140 രൂപ.

🔳ഫംഗസ് അണുബാധയും മുഖക്കുരുവുമൊക്കെ ചികിത്സിക്കാന്‍ വലിയൊരു ശതമാനം രോഗികള്‍ സ്റ്റിറോയിഡ് ക്രീമുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പഠനം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)റായ്പൂര്‍ നടത്തിയ പഠനത്തില്‍ 80 ശതമാനം രോഗികള്‍ സ്റ്റിറോയിഡ് ക്രീമുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ ഫലമായി ഗുരുതര ത്വക്ക് രോഗങ്ങളാണ് കണ്ടുവരുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ചര്‍മ്മം ചുവക്കുക, പഴുപ്പ് നിറഞ്ഞ മുറിവുകള്‍, ചര്‍മ്മ അണുബാധകള്‍, ചര്‍മ്മം ചുരുങ്ങുക, അസാധാരണമായ രോമവളര്‍ച്ചയോടെ മുഖത്തെ ചര്‍മ്മം വിളരുക തുടങ്ങി പലതരം പ്രശ്നങ്ങളാണ് ഇതിനോടനുബന്ധമായി കണ്ടെത്തിയത്. എയിംസിന്റെ ഡെര്‍മറ്റോളജി വിഭാഗം 350 രോഗികളില്‍ കോര്‍ട്ടികോസ്റ്റീറോയിഡുകളെക്കുറിച്ചുള്ള അറിവും മനോഭാവവും വിലയിരുത്താനാണ് പഠനം നടത്തിയത്. സോറിയാസിസ്, എക്സിമ, വിറ്റിലിഗോ തുടങ്ങിയ ചര്‍മ്മരോഗങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് ടോപ്പിക്കല്‍ സ്റ്റിറോയിഡുകള്‍. ശരിയായ വിവരം നേടാതെ ഈ ക്രീമുകള്‍ രോഗികള്‍ പതിവായി ദുരുപയോഗം ചെയ്യുന്നു. വളരെ എളുപ്പത്തില്‍ വിലക്കുറവില്‍ വിപണിയില്‍ ലഭിക്കുന്നതാണ് ഈ സ്വയം ചികിത്സയുടെ പ്രധാന കാരണം. ഇത്തരം രോഗികള്‍ സ്‌കിന്‍ ഡോക്ടറുടെ അടുക്കല്‍ എത്തുമ്പോഴേക്കും ചര്‍മ്മം വീണ്ടെടുക്കാന്‍ സാധിക്കാത്തവണ്ണം മോശമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടാകുമെന്ന് പഠനം പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ തോട്ടമുടമ മക്കളെപ്പോലെയാണ് തന്റെ തോട്ടത്തിലെ ചെടികളെ ശുശ്രൂഷിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തോട്ടത്തിലൂടെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് തന്റെ തോട്ടത്തിലെ പല ചെടികള്‍ക്കും വാട്ടം അദ്ദേഹം ശ്രദ്ധിച്ചത്. ഇത്രയൊക്കെ ശുശ്രൂഷിച്ചിട്ടും എന്താണ് കാരണം എന്നറിയാതെ അദ്ദേഹം വിഷണ്ണനായി. അദ്ദേഹം തന്റെ ചെടികള്‍ ഓരോരുത്തരോടായി കാരണം അന്വേഷിച്ചു. ഓക്കുമരത്തോട് ചോദിച്ചപ്പോള്‍ പറഞ്ഞു: എനിക്ക് വാകമരത്തിന്റെയത്ര ഇലച്ചാര്‍ത്തില്ല. വാകമരം പറഞ്ഞു: എനിക്ക് പൈന്‍ മരത്തിന്റെയത്ര ആകാരഭംഗിയില്ല, പൈന്‍ മരം പറഞ്ഞു: എനിക്ക് റോസാ ചെടിയിലെ പൂവിന്റെ മനോഹാരിത നോക്കുമ്പോള്‍ എന്നോട് തന്നെ പുച്ഛം തോന്നുന്നു. അവസാനം തോട്ടമുടമ എത്തിയത് മുല്ലച്ചെടിയുടെ അടുത്താണ്. മുല്ലചെടി നല്ല സന്തോഷവതിയായി പൂക്കള്‍ നിറഞ്ഞ് സൗരഭ്യം പരത്തിനില്‍ക്കുന്നത് കണ്ടപ്പോല്‍ ഉടമയ്ക്ക് സന്തോഷമായി. കാരണം തിരക്കിയപ്പോള്‍ മുല്ലചെടി പറഞ്ഞു: അങ്ങ് എന്നെ നട്ടപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ഞാനൊരു മുല്ലയാണെന്ന്. അതുകൊണ്ട് തന്നെ നല്ല മുല്ലയായിതന്നെ വളരാനാണ് ഞാന്‍ ശ്രമിച്ചതും. എനിക്കതുകൊണ്ട് പരിഭവങ്ങളൊന്നുമില്ല.... അവനവനായി ജീവിക്കാന്‍ അധികച്ചിലവുകള്‍ ഒന്നുമില്ല.. മററുള്ളവരെപ്പോലെ ജീവിക്കാനാണ് ചെലവ്. ആരും പൂര്‍ണ്ണരല്ല, പക്ഷേ, ഓരോരുത്തര്‍ക്കും അവരവരുടേതായ സവിശേഷതകളുണ്ട്. താന്‍ താനായി ജീവിക്കാന്‍ പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. സ്വന്തം കഴിവുകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും വ്യക്തമായ ധാരണ നമുക്കുണ്ടാകണം. എന്തൊക്കെയാകാന്‍ കഴിയും എന്നറിയുന്നതുപോലെ എന്താകാന്‍ കഴിയില്ല എന്നതും തിരിച്ചറിണം. മറ്റുള്ളവരെ നോക്കി അസൂയപ്പെടുന്നതിന്റെ പാതി സമയമെടുത്തെങ്കിലും സ്വയം അഭിമാനിക്കാന്‍ ശീലിക്കണം. ആര്‍ജ്ജിച്ച കഴിവുകളുപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് നമ്മുടെ ഓരോ ദിനങ്ങളും. ലഭിക്കാതെ പോയ സവിശേഷതകളെക്കുറിച്ചല്ല, ഉണ്ടായിട്ടും ഉപയോഗിക്കാതെ പോയ സ്വന്തം കഴിവിനെക്കുറിച്ചാണ് കുറ്റബോധം തോന്നേണ്ടത്. സ്വയം തിരിച്ചറിയുന്നവര്‍ക്ക് ചില പ്രത്യേകതകളുണ്ട്. തന്റെ കരുത്ത് തെളിയിക്കാന്‍ കഴിയുന്ന ഇടങ്ങളിലേ അവര്‍ ഇടപെടുകയുള്ളൂ. മികവില്ലാത്ത മേഖലകളെ കുറിച്ച് അവര്‍ക്ക് ഒരു പരാതിയും ഉണ്ടാവുകയുമില്ല. അനാരോഗ്യകരമായ മത്സരത്തിന് അവരെ കിട്ടുകയുമില്ല. സ്വന്തമായ ജീവിതം ഉണ്ടാകണമെങ്കില്‍ സ്വയം ആരെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ. അല്ലെങ്കില്‍ അക്കരപ്പച്ച നോക്കിയിരുന്നു നഷ്ടപ്പെടുന്നത് സ്വന്തം ജീവിതമായിരിക്കും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only