22 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 22 ഓഗസ്റ്റ് 2021)

🔳ഒക്ടോബര്‍ ആകുമ്പോഴേക്കും പ്രതിമാസം ഒരു കോടി ഡോസ് കോവിഡ്-19 വാക്‌സിന്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സൈഡസ് കാഡില. സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

🔳മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

🔳വൈദ്യുതിക്ക് മുന്‍കൂര്‍ പണം നല്‍കേണ്ട പ്രീ-പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ കേരളത്തിലും വരും. രാജ്യത്തെ എല്ലാ വൈദ്യുതകണക്ഷനും 2025 മാര്‍ച്ചോടെ പ്രീ-പെയ്ഡ് മീറ്റര്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം. കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്.

🔳ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി കൊടിസുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച അതിരാവിലെയാണ് ജയിലധികൃതര്‍ പരിശോധന നടത്തിയത്. അപ്പോള്‍ ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണ്‍ വിളിക്കുകയായിരുന്നു കൊടിസുനി. കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും പിടികൂടി. സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

🔳പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

🔳ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

🔳ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാണ്‍ സിങ് (89) അന്തരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധ, മറ്റ് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ സമയപരിധി നീക്കം ചെയ്യുകയാണെന്നും തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

🔳കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും വരും ദിവസങ്ങളില്‍ തൃണമൂലില്‍ ചേര്‍ന്നേക്കും.

🔳പഞ്ചാബില്‍ വീണ്ടും കര്‍ഷക പ്രതിഷേധം. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് കരിമ്പ് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകര്‍ സസ്ഥാനത്തിന്റെ വിവധയിടങ്ങളില്‍ റെയില്‍പാത ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് 19 ട്രെയിനുകള്‍ റദ്ദാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗര്‍ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

🔳അധിക സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്ന ഭര്‍ത്താവും ഭര്‍തൃമാതാവും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 'ആരെയും വെറുതെവിടരുതെന്ന്' പറഞ്ഞ് യുവതി വീഡിയോ സന്ദേശം പോലീസിന് കൈമാറിയിരുന്നു.

🔳ജമ്മുകശ്മീരില്‍ മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ട്രാളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.

🔳അഫ്ഗാനിസ്താനെ ഉദാഹരിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. അഫ്ഗാനിസ്താനിലെ സ്ഥിതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, മെഹ്ബൂബയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തി. ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും ഈ സമയത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് നിര്‍മല മുഫ്തിയോട് അഭ്യര്‍ഥിച്ചു.

🔳സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. 85 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇവരില്‍ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെന്നും അധികൃതര്‍ പറയുന്നു.

🔳അഫ്ഗാനിസ്താനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധികൃതര്‍ വിലക്കി. അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

🔳സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദര്‍ ചര്‍ച്ച നടത്തുക.

🔳അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക - വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ താത്പര്യപ്പെടുന്നതായി താലിബാന്‍. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എല്ലാ രാജ്യങ്ങളുമായും, പ്രത്യേകിച്ച് അമേരിക്കയുമായി നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധത്തിന് ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ പറഞ്ഞതായി ചൈനീസ് വാര്‍ത്താ ഏജന്‍സ റിപ്പോര്‍ട്ട് ചെയ്തു.

🔳താലിബാന്‍ പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ച് താലിബാന്‍ വിരുദ്ധ സേന. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് താലിബാന്‍ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകള്‍ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.

🔳അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 5000 പേര്‍ക്ക് യുഎഇ താല്‍ക്കാലിക അഭയം നല്‍കും.താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്കാണ് യുഎഇ അഭയം നല്‍കുന്നത്. 10 ദിവസത്തേക്കാണ് ഇവരെ യുഎഇയില്‍ താമസിപ്പിക്കുക. അമേരിക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യുഎഇ നടപടി.

🔳താലിബാന്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നുവെന്ന് മുന്‍ അഫ്ഗാന്‍ ജഡ്ജി നജ്ല അയൂബിയുടെ വെളിപ്പെടുത്തല്‍. ശവപ്പെട്ടിയിലാക്കിയാണ് സ്ത്രീകളെ കടത്തുന്നതെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ യു.എസില്‍ താമസിക്കുന്ന അയൂബി താലിബാന്റെ ഭീഷണിയെത്തുടര്‍ന്ന് അവിടെ അഭയം തേടിയതാണ്.

🔳ദമ്പതിമാര്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ചൈന ഔദ്യോഗിക അംഗീകാരം നല്‍കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ 'ജനസംഖ്യ കുടുംബാസൂത്രണനിയമം' നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കി.

🔳2029-ഓടെ ചൊവ്വാ ഉപഗ്രഹമായ ഫോബോസില്‍നിന്ന് ഭൂമിയിലേക്ക് മണ്ണെത്തിക്കാന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നു. ഗ്രഹത്തിന്റെ ഉദ്ഭവം, ജീവിതസാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള പര്യവേക്ഷണ വാഹനം 2024-ല്‍ ഫോബോസിലെത്തിച്ച് 10 ഗ്രാം മണ്ണുമായി 2029-ല്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സാ വിശദീകരിച്ചു.

🔳അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് ഖത്രിയ്ക്ക് വെള്ളി. 10 കിലോമീറ്റര്‍ നടത്തത്തിലാണ് ഇന്ത്യന്‍ യുവതാരം രണ്ടാമത് ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

🔳പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകര്‍ത്തെറിഞ്ഞത്. ആദ്യ മത്സരത്തില്‍ ടോട്ടനത്തോട് പരാജയപ്പെട്ട സിറ്റിക്ക് ഈ വിജയം ആശ്വാസമായി.

🔳17 മാസങ്ങള്‍ക്ക് ശേഷം ആന്‍ഫീല്‍ഡില്‍ കാണികള്‍ നിറഞ്ഞ മത്സരത്തില്‍ ബേണ്‍ലിയെ തകര്‍ത്ത് ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം.

🔳കേരളത്തില്‍ ഇന്നലെ 96,481 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 83 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,428 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 838 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283.

🔳രാജ്യത്ത് ഇന്നലെ 31,015 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,565 പേര്‍ രോഗമുക്തി നേടി. മരണം 401. ഇതോടെ ആകെ മരണം 4,34,399 ആയി. ഇതുവരെ 3,24,23,541 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.47 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,575 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,652 പേര്‍ക്കും കര്‍ണാടകയില്‍ 1,350 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,217 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,55,244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 86,707 പേര്‍ക്കും ബ്രസീലില്‍ 28,388 പേര്‍ക്കും റഷ്യയില്‍ 21,000 പേര്‍ക്കും ഫ്രാന്‍സില്‍ 22,636 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,058 പേര്‍ക്കും ഇറാനില്‍ 24,179 പേര്‍ക്കും മെക്സിക്കോയില്‍ 21,897 പേര്‍ക്കും മലേഷ്യയില്‍ 22,262 പേര്‍ക്കും ജപ്പാനില്‍ 25,877 പേര്‍ക്കും തായലാന്‍ഡില്‍ 20,571 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.20 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8555 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 500 പേരും ബ്രസീലില്‍ 551 പേരും റഷ്യയില്‍ 797 പേരും ഇറാനില്‍ 544 പേരും ഇന്‍ഡോനേഷ്യയില്‍ 1,361 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.35 ലക്ഷം.

🔳ഇന്ത്യയുടെ ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഫെയ്‌സ്ബുക്ക്. 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ ഇടപാട് സ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ 200 നഗരങ്ങളില്‍ ഫെയ്‌സ്ബുക്ക് ഇതിന് തുടക്കമിട്ടു. ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാമിലോ 180 ദിവസത്തെ പരസ്യം എങ്കിലും നല്‍കിയിട്ടുള്ള സംരഭകരാണ് വായ്പയ്ക്ക് അര്‍ഹര്‍. ഈടുരഹിതമാണ് വായ്പ.17-20 ശതമാനമാണ് പലിശ നിരക്ക്. വനിതകള്‍ക്ക് പലിശ നിരത്തില്‍ 0.2 ശതമാനം ഇളവുണ്ട്.

🔳അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ഇന്ത്യയില്‍ ഡ്രൈ ഫ്രൂഡ്‌സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാന്‍ നിര്‍ത്തിയതോടെയാണ് രാജ്യത്ത് ഡ്രൈ ഫ്രൂഡ്‌സിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിലയെ സ്വാധീനിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ, എന്ന് വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍. ഡ്രൈ ഫ്രൂട്ട്‌സിന്റെ 85ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

🔳ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ കെജി എഫ് 2 വിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വന്‍ ഓഫറുകള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ചിത്രം തിയറ്ററുകളിലേ റിലീസ് ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് അവര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സംബന്ധിച്ച് കരാര്‍ ആയി. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്വര്‍ക്കിനാണ്. സീ നെറ്റ്വര്‍ക്കിനു കീഴില്‍ വരുന്ന ചാനലുകള്‍ വഴി ആയിരിക്കും ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറുകള്‍.

🔳കിംഗ് കോംഗും ഗോഡ്‌സില്ലയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഗോഡ്‌സില്ല വേഴ്‌സസ് കോംഗ് എന്ന സിനിമയുടെ ട്രൈലറാണ് ദുല്‍ഖര്‍ തമിഴില്‍ വിവരിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടിയാണ് ദുല്‍ഖര്‍ ഗോഡ്‌സില്ല വേഴ്‌സസ് കോംഗിന്റെ പ്രമോഷന്‍ ചെയ്തിട്ടുള്ളത്. റബേക്ക ഹാള്‍, അലക്‌സാണ്ടര്‍ സ്‌കാസ്ഗാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോള്‍ ഇ- 6.32 ലക്ഷം രൂപ, പെട്രോള്‍ എസ്- 7.16 ലക്ഷം രൂപ, പെട്രോള്‍ സിവിടിഎസ്- 8.06 ലക്ഷം രൂപ, പെട്രോള്‍ വിഎക്സ്- 8.22 ലക്ഷം രൂപ, പെട്രോള്‍ സിവിടിഎസ് വിഎക്സ്- 9.05 ലക്ഷം രൂപ, ഡീസല്‍ ഇ- 8.66 ലക്ഷം രൂപ, ഡീസല്‍ എസ്- 9.26 ലക്ഷം രൂപ, ഡീസല്‍ വിഎക്സ്- 10.25 ലക്ഷം രൂപ, ഡീസല്‍ സിവിടിഎസ് വിഎക്സ്- 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വില.

🔳അനുപമഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്‍സണ്‍ എന്ന അതുല്യനായ സംഗീതസംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. 'പൊന്നുരുകും പൂക്കാലം: ജോണ്‍സണ്‍ ഓര്‍മകള്‍'. കെ.കെ വിനോദ്കുമാര്‍. മാതൃഭൂമി. വില 120 രൂപ.

🔳ഡയറ്റിലെ പോരായ്കകള്‍ മൂലം അസിഡിറ്റി നേരിടുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കഴിച്ചാല്‍ അസിഡിറ്റിയെ അകറ്റാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതരം ഓയില്‍ ദഹനം എളുപ്പത്തിലാക്കാനും വയറ് കെട്ടിവീര്‍ക്കുന്നത് തടയാനും സഹായിക്കും. പെരുഞ്ചീരകം അങ്ങനെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളം കഴിക്കാം. മുന്‍കാലങ്ങളില്‍ മിക്ക വീടുകളിലും കണ്ടിരുന്നൊരു ചേരുവയാണ് കരിപ്പട്ടി. ശര്‍ക്കരയില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. ചായ വെക്കാനും മറ്റുമാണ് കാര്യമായി ഉപയോഗിക്കുക. ഭക്ഷണശേഷം ഇത് അല്‍പം കഴിക്കുന്നതും അസിഡിറ്റി അകറ്റാന്‍ നല്ലതാണ്. ഇതിലടങ്ങിയിരികകുന്ന മഗ്നീഷ്യമാണ് ദഹനം സുഗമമാക്കുന്നത്. പാലോ പാലുത്പന്നങ്ങളോ പ്രശ്‌നമില്ലാത്തവരാണെങ്കില്‍ അസിഡിറ്റിയുടെ പ്രശ്‌നമനുഭവപ്പെടുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത പാല്‍ കഴിച്ചാല്‍ മതിയാകും. പാല് പോലെ തന്നെ പ്രയോജനപ്രദമാണ് തൈരും. അസിഡിറ്റി അകറ്റാന്‍ തൈരും കഴിക്കാവുന്നതാണ്. വയറ്റിനകത്തെ നല്ലയിനം ബാക്ടീരയകളെ നിലനിര്‍ത്തുന്നതിലും തൈരിനുള്ള പങ്ക് ചെറുതല്ല. ഇളനീര്‍ വെള്ളവും അസിഡിറ്റിയകറ്റാന്‍ നല്ലതാണ്. ഇളനീര്‍ വെള്ളം കഴിക്കുമ്പോള്‍ ശരീരത്തിന്റെ പിഎച്ച് അളവ് മാറി ആല്‍ക്കലൈന്‍ ആകുന്നു. ഇതോടെ അസിഡിറ്റിയും കുറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ രാജാവ് പ്രജാക്ഷേമതല്‍പരനാണ്. തന്റെ വിശ്വസ്തരേയും കൂടെകൂട്ടി നാടുകാണാന്‍ ഇറങ്ങുന്ന സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ നാടുചുറ്റുന്നതിനിടയില്‍ വൃദ്ധനായ കര്‍ഷകനെ അദ്ദേഹം കണ്ടു. ഈ പ്രായത്തിനും പാടത്ത് പണിയെടുക്കുന്ന അയാളെ കണ്ട് അദ്ദേഹത്തിന് അലിവു തോന്നി. അദ്ദേഹം കര്‍ഷകന് ഒരു പണക്കിഴി സമ്മാനമായി നല്‍കി. കര്‍ഷകന്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കുറച്ച് നാള്‍ കഴിഞ്ഞ് രാജാവ് ആ വഴി വന്നപ്പോള്‍ വീണ്ടും ആ കര്‍ഷകന്‍ പാടത്ത് പണിയെടുക്കുന്നത് കണ്ടു. രാജാവ് അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു: താങ്കള്‍ക്ക് ജീവിക്കാനുള്ള തുക ഞാന്‍ നല്‍കിയതല്ലേ.. പിന്നെന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? അയാള്‍ പറഞ്ഞു: എന്റെ കുലത്തൊഴില്‍ കൃഷിയാണ്. ഞാന്‍ പണിയെടുക്കുന്നത് കൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും അന്നം ലഭിക്കുന്നുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം അധ്വാനിച്ച് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ പലവിധമുണ്ട്. സൗജന്യം പറ്റി ജീവിക്കുന്നവും അധ്വാനിച്ച് ജീവിക്കുന്നവരും. ലഭിക്കാന്‍ പോകുന്ന സൗജന്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് പ്രത്യേക ജീവിതനിയോഗങ്ങളോ ആത്മസംതൃപ്തിയോ ഉണ്ടാകില്ല. ഓരോ ദിവസവും തള്ളിനീക്കാനുള്ള വരുമാനത്തില്‍ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. പ്രയത്‌നത്തിലൂടെ സമ്പാദിക്കുന്നതിനും പാരമ്പര്യമായോ സൗജന്യമായോ ലഭിക്കുന്നവയോടുള്ള മനോഭാവത്തിലും വ്യത്യാസമുണ്ടാരിക്കും. സൗജന്യങ്ങള്‍ ഒരാളെ അലസനാക്കും. അപ്രതീക്ഷിത അത്യാഹിതങ്ങളില്‍ താല്‍കാലിക പിന്തുണ മാത്രമായി മാറേണ്ടതാണ് സൗജന്യം, ദീര്‍ഘകാലഅടിസ്ഥാനത്തില്‍ അവ ലഭിച്ചാല്‍ പിന്നെ ഒരാളും തന്റെ മികവ് കണ്ടെത്താന്‍ ശ്രമിക്കില്ല. ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞാല്‍ എന്തെങ്കിലും സ്വയം നേടാനുളള ശ്രമമെങ്കിലും ഉണ്ടാകും. സൗജന്യങ്ങള്‍ വേണ്ടെന്നുവെക്കണമെങ്കില്‍ കഠിനമായ അതിജീവന മനോഭാവം ഉണ്ടായേ തീരൂ. ജീവക്കാനുള്ള വക സമ്പാദിക്കാന്‍ പണിയെടുക്കുന്നതും ജീവിതനിയോഗം പൂര്‍ത്തിയാക്കുവാന്‍ കര്‍മ്മനിരതരാകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കര്‍മ്മനിരതമായ ശരീരത്തിലേ അത്രയും കര്‍മ്മ നിരതമായ മനസ്സും ഉണ്ടാവുകയുള്ളൂ.. ജീവിതാന്ത്യംവരെ നമുക്ക് കര്‍മ്മനിരതരായിരിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only