👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

27 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 27 ഓഗസ്റ്റ് 2021)
🔳രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് നൂറാംദിവസം . തുടര്‍ഭരണത്തിന്റെ ആനുകൂല്യത്തില്‍ നവകേരളം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ചുവട് വെയ്പുകളുമായി മുന്നോട്ട് പോകുമ്പോഴും സര്‍ക്കാര്‍ നേരിടുന്നത് കടുത്ത വെല്ലുവിളികള്‍. കൊവിഡ് അതിവ്യാപനവും മുട്ടില്‍ മരം മുറി വിവാദവും സെഞ്ച്വറി കാലത്ത് സര്‍ക്കാരിനെ വട്ടംകറക്കുന്നു.

🔳രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരിഹാസവും രൂക്ഷ വിമര്‍ശനവുമുയര്‍ത്തി പ്രതിപക്ഷവും ബിജെപിയും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമര്‍ശനം. കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം സ്ഥിരമായി മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി കുറച്ച് ദിവസങ്ങളായി മാറി നില്‍ക്കുന്നതും പ്രതിപക്ഷ പരിഹാസത്തിന് കാരണമായി. ആറു മണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുവെന്നും ക്യാപ്റ്റനെ മിസ് ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

🔳കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറ് ദിവസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ശ്രദ്ധേയമായത് ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. നിലവിലെ രീതി പുനസംഘടിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ല. നിസാര കാര്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ ജനങ്ങളെ കാണാന്‍ തയ്യാറല്ല.കേരളത്തിലെ ടെസ്റ്റുകളില്‍ 75 ശതമാനവും ആന്റിജന്‍ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഇത് മാറ്റി ആര്‍ടിപിസിആര്‍ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ഷാപ്പ് ലൈസന്‍സികള്‍ വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കും.

🔳ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതി വിവേചനത്തിന് വിരാമം. തകില്‍ അടിയന്തിരക്കാരനായി ദളിത് കലാകാരന് ദേവസ്വത്തില്‍ നിയമനം. തൃശൂര്‍ എരുമപ്പെട്ടി കരിയന്നൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ സതീഷിനെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിച്ചത്. ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് വാദ്യ അടിയന്തിര വിഭാഗത്തില്‍ ദളിതനായ കലാകാരന്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

🔳മുട്ടില്‍ മരംമുറിക്കേസില്‍ സമഗ്രവും ശക്തവുമായ അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പ്രത്യേക അന്വേഷണ സംഘം മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കും. ധര്‍മടമോ, കാസര്‍കോടോ വ്യക്തികളോ അന്വേഷണത്തിന് തടസ്സമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

🔳കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികളെ അടക്കം സുപ്രീം കോടതി നടപടി ബാധിക്കും.

🔳റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലൈ പന്യോട് ആദിവാസി കോളനിയില്‍ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

🔳മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. മേയറെ കൈയ്യേറ്റം ചെയ്യാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ഇത് തടയാന്‍ ഭരണപക്ഷ അംഗങ്ങള്‍ എത്തി. ഈ സമയത്താണ് സംഘര്‍ഷം നടന്നത്.

🔳സിനിമാ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ 8.30ന് ആയിരുന്നു അന്ത്യം. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.

🔳സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.

🔳മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ്. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളമാണ് ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് 22കാരിയായ എംബിഎ വിദ്യാര്‍ത്ഥിനി ഇരയായത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ പ്രതികളെ പിടികൂടാനാകാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി.

🔳കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ടീ പാര്‍ക്ക്, കുന്നൂര്‍ സിംസ് പാര്‍ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂക്കള്‍ നല്‍കിയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സഞ്ചാരികളെ ഗാര്‍ഡന്‍ അധികൃതര്‍ സ്വീകരിച്ചത്. ഊട്ടിയിലെ വ്യാപാരികള്‍ പടക്കം പൊട്ടിച്ചാണ് ടൂറിസ്റ്റ് പ്രവേശനത്തെ സ്വാഗതം ചെയ്തത്. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 20 മുതലാണ് വിനോദസഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്.

🔳കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ ടി പിസിആര്‍ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

🔳ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ. അഫ്ഗാന്‍ വനിത എംപി രംഗിന കര്‍ഗര്‍ക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കര്‍ഗറെ ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചുവെന്ന് കാര്‍ഗര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിച്ചത്.

🔳കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ ഉണ്ട്. അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.   

🔳യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബയേണ്‍-ബാഴ്‌സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുക്രമം തീരുമാനിക്കപ്പെട്ടത്.

🔳ബലാത്സംഗക്കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡിക്കെതിരെ കുറ്റം ചുമത്തി ഫ്രഞ്ച് താരത്തെ റിമാന്‍ഡ് ചെയ്തു. മൂന്ന് പേരുടെ പരാതിയിലാണ് നടപടിയെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. മെന്‍ഡിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു.

🔳ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നതായി റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിലുണ്ടായ സ്‌ട്രോക്കാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്. സിഡ്‌നിയിലെ ആശുപത്രിയില്‍ നിന്ന് കാന്‍ബറയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ക്രിസ് കെയ്ന്‍സ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വര്‍ധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,793.68 ഡോളര്‍ നിലവാരത്തിലാണ്.

🔳ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ കുടുംബ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി 9284 രൂപയായി നിജപ്പെടുത്തിയിരുന്നു. വിരമിച്ചതിനു ശേഷം മരിച്ച ജീവനക്കാരുടെ കുടുംബത്തിനും സര്‍വീസിലിരിക്കെ പെന്‍ഷന് അര്‍ഹത നേടിയ ശേഷം മരിച്ചവരുടെ കുടുംബത്തിനും ആശ്വാസമാവുന്നതാണ് തീരുമാനം.

🔳തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'മൈക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കോടിയാണ്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുക. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന.

🔳പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാറില്‍ ജഗപതി ബാബുവും ഒരു പ്രധാനവേഷത്തിലെത്തുന്നു. 'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്.

🔳പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇ വി കാര്‍ എന്ന പ്രത്യേകതയുമായാണ് ടിഗോര്‍ നിരത്തിലെത്തുക. നെക്സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന സിപ്ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിപ്‌ട്രോണ്‍ കരുത്തുള്ള നെക്‌സണ്‍ ഇവിയുടെ വില 13.99 മുതല്‍ 16.85 ലക്ഷം രൂപ വരെയാണ്. സാധാരണ ടിഗോര്‍ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന് രണ്ടിലും ഇടയിലായിരിക്കും പുതിയ ടിഗോറിന്റെ വിലയെന്നാണ് സൂചന.  

🔳മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. എ.കെ. കര്‍ണന്‍. എച്ച് & സി ബുക്സ്. വില 70 രൂപ.

🔳കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. അമ്മമാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കും. ഇത് കോവിഡിനെ ചെറുക്കാന്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെഡിക്കല്‍ ജേര്‍ണലായ ബ്രെസ്റ്റ്ഫീഡിങിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് പഠനറിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതു വഴി അമ്മമാരുടെ മുലപ്പാലില്‍ കോവിഡിനെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം വര്‍ധിക്കും. ഇത് കോവിഡിനെ ചെറുക്കാനുള്ള കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധര്‍. ഈ പശ്ചാത്തലത്തില്‍ മുലപ്പാലിലൂടെ കോവിഡിനെ ചെറുക്കാനുള്ള രോഗപ്രതിരോധശേഷി ലഭിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ ഏറെ സഹായകമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ഡിസംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.94, പൗണ്ട് - 101.30, യൂറോ - 86.90, സ്വിസ് ഫ്രാങ്ക് - 80.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.61, ബഹറിന്‍ ദിനാര്‍ - 196.08, കുവൈത്ത് ദിനാര്‍ -245.56, ഒമാനി റിയാല്‍ - 192.05, സൗദി റിയാല്‍ - 19.70, യു.എ.ഇ ദിര്‍ഹം - 20.11, ഖത്തര്‍ റിയാല്‍ - 20.29, കനേഡിയന്‍ ഡോളര്‍ - 58.31.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only