23 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 23 ഓഗസ്റ്റ് 2021)

🔳രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്നത്. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

🔳അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

🔳ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന് ബി.ജെ.പി എതിരല്ലെന്ന് സുശീല്‍ കുമാര്‍ മോദി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ആവശ്യപ്പെടാനിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയുടെ ഈ പ്രസ്താവന.

🔳കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനമനസ്സുകളെ സ്വാധീനിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി സൈക്കിളില്‍ യാത്ര ചെയ്തത് ചൂണ്ടിക്കാണിച്ചായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി ചെറുപ്പക്കാരനായ ഒരു നേതാവാണെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി രാഹുലിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

🔳മനുഷ്യരാശിക്ക് മുന്നില്‍ അഫ്ഗാന്‍ ഒരു വലിയ പാഠമായാണ് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപടര്‍ത്തിയാല്‍ ആ തീയില്‍ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് ഇത് നല്‍കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉളളത്.

🔳മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരം സംരക്ഷിക്കാന്‍ നിലപാട് എടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

🔳ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാല്‍ ശക്തമായി പ്രതികരിക്കണം എന്ന് നിര്‍ദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടേതെന്ന് സംശയിക്കുന്ന വാട്സ് അപ് ചാറ്റ് പുറത്തായി. ആര്‍ സി ബ്രിഗേഡ് എന്ന പേരിലാണ് പുതിയ കൂട്ടായ്മ. ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിര്‍ത്തണമെന്നും വാട്ട്സ് ആപ് ചാറ്റില്‍ പറയുന്നുണ്ട്. പട്ടികയില്‍ അന്തിമ വട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് ചാറ്റ് പുറത്തായത്

🔳രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണെന്നും ആര്‍ സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്ക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നും വിശദീകരണം.

🔳ഗതാഗതത്തിനായി തുറന്ന വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാന്‍ തുരങ്കം കാണാന്‍ സന്ദര്‍ശകരുടെ വരവ് ക്രമാതീതമായതോടെ തുരങ്കത്തിലും ഗതാഗതക്കുരുക്ക്. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡില്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിത്തുടങ്ങിയതോടെയാണ് കുരുക്ക് രൂപപ്പെട്ടു തുടങ്ങിയത്. തുരങ്കത്തിലേക്ക് പ്രവേശിച്ചവര്‍ വാഹനം വളരെ പതുക്കെ ഓടിക്കാനും കൂടി തുടങ്ങിയതോടെ തുരങ്കത്തിനുള്ളില്‍ വാഹനങ്ങളുടെ തിരക്കായി. തുരങ്ക കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം ഫോട്ടോയെടുക്കലും വീഡിയോ ചിത്രീകരണവുമായിരുന്നു ആളുകളുടെ പ്രധാന ഇഷ്ടം.പതിനായിരത്തിലധികം പേരാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പോസുകളില്‍ ക്യാമറകളില്‍ ക്ലിക്കടിച്ചത്.

🔳പതിവുതെറ്റിയില്ല, ഓണനാളുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് അന്നുമാത്രം നടന്നത്.

🔳അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ഭൗതിക ശരീരത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മീതെയായി ബിജെപി പതാക വിരിച്ചത് വിവാദമായി. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കല്യാണ്‍ സിങ്ങിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചിരിക്കുന്നത് കാണാം.

🔳വളക്കച്ചവടത്തിന്റെ മറവില്‍ സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് നേരേ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒരുസംഘം ആളുകള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വില്‍പ്പനയ്ക്കായി കരുതിയിരുന്ന വളകള്‍ ഇവര്‍ നശിപ്പിക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്നതായും ആരോപണമുണ്ട്.

🔳അഫ്ഗാനിസ്താനില്‍ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ താലിബാന്‍ എത്തിയതായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ. പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും സലേ അറിയിച്ചു. പാഞ്ച്ഷിര്‍ ലക്ഷ്യമാക്കി നൂറുകണക്കിന് ആയുധധാരികള്‍ സമീപിക്കുന്നതായി താലിബാന്റെ അറബിക് ട്വിറ്റര്‍ അക്കൗണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സലേയുടെ പ്രതികരണം.

🔳അഫ്ഗാനിസ്താനില്‍ നിലനില്‍ക്കാനിടയുള്ള അസ്ഥിരത ഒഴിവാക്കാന്‍ വേണ്ടിയാണ് താലിബാനെ താന്‍ അംഗീകരിക്കുന്നതെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത്ത് ഗനി. 'ഞാന്‍ താലിബാനെ അംഗീകരിക്കുന്നു പക്ഷെ പിന്തുണയ്ക്കുന്നില്ല, 'പിന്താങ്ങുക'എന്നത് ശക്തമായ ഒരു പദമാണ്. അവര്‍ സംയമനം പാലിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ', ഗനി കൂട്ടിച്ചേര്‍ത്തു.

🔳അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മരണം. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി.

🔳അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്തിസഹവും ശരിയായതുമായ തീരുമാനമായി ചരിത്രം ഇത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ താലിബാന്‍ അഫ്ഗാനിസ്താന്‍ പിടച്ചടക്കിയതില്‍ ബൈഡന്‍ ഭരണകൂടം കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കുകയാണ് ബൈഡന്‍.

🔳നിയമ സാധുതയ്ക്കും മറ്റു രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും അവര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്നും യുഎസ് പ്രഡിഡന്റ് ജോ ബൈഡന്‍. താലിബാന്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നത് തങ്ങള്‍ നിരീക്ഷിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

🔳പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തകര്‍ത്ത് ചെല്‍സി. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു.

🔳ലാ ലിഗയില്‍ ലെവാന്റെയ്‌ക്കെതിരേ സമനിലയില്‍ കുരുങ്ങി റയല്‍ മാഡ്രിഡ്. രണ്ടു തവണ ലീഡെടുത്ത ലെവാന്റെയ്‌ക്കെതിരേ ഇരട്ട ഗോളുമായി തിളങ്ങിയ വിനീഷ്യസ് ജൂനിയറിന്റെ മികവില്‍ റയല്‍ സമനില പിടിക്കുകയായിരുന്നു.

🔳സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,400 രൂപയാണ് വില. ഒരു ഗ്രാമിന് 4425 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,312 രൂപയായിരുന്നു വില. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. വെള്ളിയാഴ്ച പവന് 120 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായിരുന്നു വില. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്.

🔳മൊബൈല്‍ ഫോണ്‍ വിപണിയില്‍ വമ്പന്‍ കുതിച്ചുവരവ് നടത്തി നോക്കിയ കമ്പനി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 12.8 ദശലക്ഷം ഫോണുകളാണ് കമ്പനി വിറ്റതെന്നാണ് ഏറ്റവും പുതിയ കണക്ക്. ഒന്നാം പാദവാര്‍ഷികത്തെ അപേക്ഷിച്ച് 36 ശതമാനമാണ് വര്‍ധന. നോക്കിയ 1.4, ജി, സി സീരീസുകളാണ് ഈ മടങ്ങിവരവിനെ മുന്നില്‍ നിന്ന് നയിച്ച ഉല്‍പ്പന്നങ്ങള്‍. രണ്ടാം പാദവാര്‍ഷികത്തില്‍ ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫീച്ചര്‍ ഫോണ്‍ നിര്‍മ്മാതാക്കളെന്ന പദവി നോക്കിയ നിലനിര്‍ത്തി. നിലവില്‍ ഫീച്ചര്‍ ഫോണ്‍ വിപണിയുടെ 18 ശതമാനവും നോക്കിയ കമ്പനിയുടേതാണ്.

🔳ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ആദ്യ പ്രദര്‍ശനാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെക്കോര്‍ഡ് തുകക്ക് കുറുപ്പിന്റെ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി പറയുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന കുറുപ്പില്‍ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് താരം വരുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

🔳കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പട'യുടെ ടീസര്‍ ശ്രദ്ധ നേടുന്നു. കമല്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.

🔳ഇന്ത്യന്‍ നിരത്തുകള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ള മിനി എസ്.യു.വിയുടെ വരവടുത്തെന്ന് സൂചന നല്‍കി ആദ്യ ടീസര്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. വാഹനത്തിന്റെ ഏതാനും ഡിസൈനുകളും പേരും വെളിപ്പെടുത്തുന്നതാണ് ഈ വാഹനത്തിന്റെ ആദ്യ ടീസര്‍. നിര്‍മാണത്തിന് ഉപയോഗിച്ച കോഡ് നാമമായ എച്ച്.ബി.എക്‌സ്. എന്ന് തന്നെയാണ് ഈ വാഹനത്തിന് ടീസറില്‍ നല്‍കിയിട്ടുള്ള പേര്. അടുത്ത മാസം ഈ വാഹനമെത്തുമെന്നാണ് സൂചന.

🔳തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരം എം.എന്‍. കാരശ്ശേരിയുടെ ആത്മകഥയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ പലമട്ടില്‍ സ്വാധീനിച്ച
ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെ കഥാപാത്രങ്ങള്‍. നമ്മുടെ സാംസ്‌കാരികമണ്ഡലത്തെ പലമട്ടില്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ബഷീര്‍,
സി.എച്ച്. മുഹമ്മദ് കോയ, സുകുമാര്‍ അഴീക്കോട്, കെ.ടി. മുഹമ്മദ്, കുഞ്ഞുണ്ണി, എം. ഗോവിന്ദന്‍,തായാട്ട് ശങ്കരന്‍, ചേകനൂര്‍ മൗലവി മുതലായവരുടെ ക്ലോസ്അപ് ചിത്രങ്ങള്‍. 'സ്നേഹിച്ചും തര്‍ക്കിച്ചും'. ഒലൂവ് പബ്ളിക്കേഷന്‍സ്. വില 171 രൂപ.

🔳കോവിഡ് രോഗമുക്തി നേടിയിട്ടും ആഴ്ചകളും മാസങ്ങളും തുടരുന്ന രോഗലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് എന്ന് വിളിക്കുന്നത്. അത്യധികമായ ക്ഷീണം, പേശീവേദന, ശ്വാസംമുട്ടല്‍ ഇങ്ങനെ പല ലക്ഷണങ്ങളും കോവിഡ് മുക്തരില്‍ തുടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്തു കൊണ്ടാണ് ചിലരില്‍ ദീര്‍ഘകാലത്തേക്ക് കോവിഡ് ലക്ഷണങ്ങള്‍ തുടരുന്നത് എന്നതിനെ സംബന്ധിച്ചുള്ള കാരണങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതിനൊരു ഉത്തരമാകുകയാണ് അയര്‍ലന്‍ഡിലെ ആര്‍സിഎസ്‌ഐ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ഗവേഷകര്‍ നടത്തിയ പഠനം. ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണ് ചിലരില്‍ ദീര്‍ഘകാല കോവിഡിന് കാരണമാകുന്നതെന്ന് ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന തോതിലുള്ള രക്തം കട്ടപിടിക്കല്‍ ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളായ ആരോഗ്യ കുറവും ക്ഷീണവുമെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘകാല കോവിഡ് രോഗികളില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ കുറഞ്ഞ് സാധാരണ ഗതിയിലേക്ക് മടങ്ങിയാലും രക്തം കട്ടപിടിക്കാനുള്ള സാധ്യത തുടരുന്നതായും പഠനത്തില്‍ കണ്ടെത്തി. അതേ സമയം കൊറോണ വൈറസിനെതിരെ ശരീരം പുറപ്പെടുവിക്കുന്ന ചെറിയ പ്രോട്ടീന്‍ തന്മാത്രകളായ സൈറ്റോകീനുകളും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് യുകെയിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ മറ്റൊരു പഠനം അനുമാനിക്കുന്നു. കോവിഡ് നെഗറ്റീവ് ആയിക്കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷവും സൈറ്റോകീനുകള്‍ ശരീരത്തില്‍ തുടരുന്നതായി ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗമുക്തര്‍ക്ക് ദീര്‍ഘ കാല ലക്ഷണങ്ങള്‍ വരുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്ത പരിശോധനയും കേംബ്രിജിലെ ഗവേഷകര്‍ വികസിപ്പിച്ചു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.26, പൗണ്ട് - 101.37, യൂറോ - 87.06, സ്വിസ് ഫ്രാങ്ക് - 81.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.17, ബഹറിന്‍ ദിനാര്‍ - 196.97, കുവൈത്ത് ദിനാര്‍ -246.72, ഒമാനി റിയാല്‍ - 192.89, സൗദി റിയാല്‍ - 19.80, യു.എ.ഇ ദിര്‍ഹം - 20.22, ഖത്തര്‍ റിയാല്‍ - 20.40, കനേഡിയന്‍ ഡോളര്‍ - 58.21.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only