👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

മുഹറം ചന്ത അനാവശ്യം: ഡോ.ഹുസൈൻ മടവൂർ
(VISION NEWS 09 ഓഗസ്റ്റ് 2021)കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
മുഹറം ഒമ്പത് പത്ത് തീയതികളിൽ നോമ്പനുഷ്ടിക്കൽ പുണ്യകർമ്മമാണെന്നാണ് ഇസ്ലാമിൽ നിർദ്ദേശമുള്ളത്. അതല്ലാതെ മുഹറം ഒരു ആഘോഷക്കാലമല്ല.
അതിനാൽ മുഹറത്തിന്റെ പേരിൽ ഒരു ചന്തയും ആവശ്യമില്ല. മുസ്ലിം നാടുകളിൽ അങ്ങനെയൊരു ചന്തയില്ല
എല്ലാ മാസങ്ങളിലും പല ദിവസങ്ങളിലും വ്രതാനുഷ്ടാനം പുണ്യകർമ്മങ്ങളാണ്.
എന്നാൽ അതൊന്നും അവർ ആഘോഷമാക്കാറില്ല.
ഇങ്ങനെയൊരു ചന്ത വേണമെന്ന് മുസ്ലിംകൾ സർക്കാറിനോടാവശ്യപ്പെട്ടിട്ടുമില്ല.

എന്നാൽ മുസ്ലിം എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ചാവശ്യപ്പെട്ട നിരവധി ആവശ്യങ്ങൾ പരിഗണിക്കാതെ കിടക്കുമ്പോൾ ഇങ്ങനെയൊരു ചന്ത അനുവദിച്ചതാണ് ഏറെ കൗതുകകരം.
മുസ്ലീം സമുദായം ഒരു ചന്ത കൊണ്ട് സംതൃപ്തരാവുമെന്നും കരുതേണ്ടതില്ല. നമുക്ക് ദേശീയോത്സവമായ ഓണക്കാലത്തുള്ള ഓണച്ചന്ത തന്നെ മതി.
പിന്നെ, ആഘോഷങ്ങളായ പെരുന്നാളുകളാടനുബന്ധിച്ച് ചന്തകൾ ഉണ്ട് താനും. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത മുഹറം ചന്ത നടത്താൻ ആരാണാവോ ഉപദേശം നൽകിയത്.

മുസ്ലിം വിദ്യാർത്ഥികൾക്കായി സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും ശുപാർശ ചെയ്ത സ്കോളർഷിപ്പുകളും വിദ്യാഭ്യാസ ശാക്തീകരണ പരിപാടികളും ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ഉദ്യോഗങ്ങളും ലഭ്യമാക്കുകയുമാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്.
ഇവിടെ വേണ്ടത് ചന്തയല്ല, അറബിക് യൂണിവേഴ്സിറ്റിയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
ഇക്കാര്യത്തിൽ സമുദായത്തിന്റെയും സർക്കാറിന്റെയും ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only