👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

ഏട്ടൻ ഇട്ടുകൊടുത്ത ‘ഹെൽമെറ്റ്’ (സ്റ്റീൽക്കലം) അനിയന്റെ തലയിൽ ഊരാക്കുടുക്കായി
(VISION NEWS 15 ഓഗസ്റ്റ് 2021)

അമ്പലപ്പുഴ: കളിക്കിടെ സഹോദരന്‍ ഹെല്‍മെറ്റായിവെച്ചുകൊടുത്ത സ്റ്റീലിന്റെ കലം ഒരുവയസ്സുകാരന്റെ തലയില്‍ക്കുടുങ്ങി. ഊരിയെടുക്കാന്‍ മാതാപിതാക്കളും നാട്ടുകാരും നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ അഗ്‌നിരക്ഷാസേന രക്ഷയ്‌ക്കെത്തി. അവര്‍ ശ്രദ്ധാപൂര്‍വം മുറിച്ചുനീക്കി കുട്ടിയെ രക്ഷിച്ചു.

അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് കോമന കട്ടക്കുഴി ചേരുതോപ്പുവീട്ടില്‍ രാകേഷിന്റെയും ശ്രീലതയുടെയും മകന്‍ കാശിനാഥന്റെ തലയിലാണു കലം കുടുങ്ങിയത്. അഞ്ചുവയസ്സുള്ള ജ്യേഷ്ഠന്‍ കളിക്കിടെ ഹെല്‍മെറ്റായി വെച്ചുകൊടുത്തതായിരുന്നു.

പോലീസിനെയും വിവരമറിയിച്ചിരുന്നു. തകഴി അഗ്‌നിരക്ഷാസേന ഏഴുകിലോമീറ്റര്‍ അകലെയുള്ള യൂണിറ്റില്‍നിന്ന് അമ്പലപ്പുഴ വടക്കേനടയിലെത്തിയപ്പോള്‍ ലെവല്‍ക്രോസ് തീവണ്ടി പോകാനായി അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെയും മാതാപിതാക്കളെയും പോലീസ് ജീപ്പില്‍ റെയില്‍വേ അടിപ്പാതവഴി വടക്കേനടയില്‍ ലെവല്‍ക്രോസിനുസമീപമെത്തിച്ചു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ എസ്. സുരേഷ്, സേനാംഗങ്ങളായ ടി.എന്‍. കുഞ്ഞുമോന്‍, അജിത്കുമാര്‍, സി. ദാസ്, ആര്‍. രതീഷ്, എന്‍.ബി. രാജേഷ്‌കുമാര്‍, തന്‍സീര്‍ എന്നിവര്‍ ചേര്‍ന്നാണു കലം മുറിച്ചുനീക്കിയത്. അമ്പലപ്പുഴ എ.എസ്.ഐ. ഷൈലകുമാറും ഡ്രൈവര്‍ മാത്തുക്കുട്ടിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only