09 ഓഗസ്റ്റ് 2021

ഒപ്പം താമസിച്ചയാളെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, മുറി വൃത്തിയാക്കി കിടന്നുറങ്ങി; പിറ്റേദിവസം പിടിയില്‍
(VISION NEWS 09 ഓഗസ്റ്റ് 2021)

 
നാഗ്പുര്‍: ഒപ്പം താമസിച്ചയാളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ താമസിക്കുന്ന ദേവാന്‍ഷ് വാഗോഡെ(26)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരേമുറിയില്‍ താമസിച്ചിരുന്ന രാജു നന്ദേശ്വറി(35)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള പറമ്പില്‍ ഇയാള്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കാര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരായ ഇരുവരും ഒരുമുറിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഇവര്‍ക്കിടയില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ദേവാന്‍ഷ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സുഹൃത്തിനെ കുത്തിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു. തിരിച്ചെത്തി മുറി വൃത്തിയാക്കി അവിടെത്തന്നെ കിടന്നുറങ്ങി. 


ഞായറാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ദേവാന്‍ഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പ്രതിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only