👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 ഓഗസ്റ്റ് 2021)
🔳ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക്. ഓഗസ്റ്റ് 9ന് നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി അധ്യക്ഷത വഹിക്കും. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു രാഷ്ട്രീയ നേതാവ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനാകുന്നത്.

🔳കോവിഡിന്റെ അടുത്ത തരംഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും പക്ഷേ അത് എപ്പോള്‍, എങ്ങനെ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ സി. മണ്‍ടെ. വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതും തീര്‍ച്ചയായും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തില്‍ 13 കോടി വാക്‌സീന്‍ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്‌സിനേഷന്‍ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. അതേസമയം കോവിഡ് വാക്‌സീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പക്വതക്കുറവാണെന്നും മന്‍സുഖ് മാണ്ഡവ്യ പരിഹസിച്ചു. വാക്‌സിന്‍ അപര്യാപ്തമാണെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു മറുപടി.

🔳കോവിഡിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയ്ക്ക് സാധിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഒരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക.. ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ. ഈ ഔഷധ സസ്യത്തിന് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുളള കഴിവുണ്ട്.

🔳ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി കേന്ദ്രം. വാക്സിനേഷന്‍ വേഗത്തിലാക്കാനും പരിശോധനകള്‍ വര്‍ധിപ്പിക്കാനും 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ചാരവൃത്തിയുടെ ജെയിംസ് ബോണ്ടായിരുന്നുവെന്ന് നഖ്വി പറഞ്ഞു.

🔳സംസ്ഥാനത്ത് അടച്ചിടല്‍ ഒഴിവാക്കി ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോള്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടാവും.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നില്‍ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധര്‍ സംശയിക്കുന്നതിനിടെ നേരിയ ആശ്വാസം പകരുന്നതാണ് റിപ്പോര്‍ട്ട്.

🔳കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. നിലവില്‍ മറ്റു രാജ്യങ്ങള്‍ ആവശ്യപെടുന്ന വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ പ്രതിസന്ധിയുണ്ട്. അതിനാല്‍, കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സംസ്ഥാനത്ത് തന്നെ അവസരം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

🔳ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് രണ്ടിന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ സിസ്റ്റമാണ് ഇ-റുപി.

🔳മുത്തലാഖ് നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. മുത്തലാഖ് നിരോധിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനം മുസ്ലിം വനിതകളുടെ അവകാശ ദിനമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആചരിക്കുന്നതിനിടെയാണ് ഒവൈസിയുടെ വിമര്‍ശനം. ഹിന്ദു, ദളിത്, ഒ.ബി.സി, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവയില്‍പ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് എന്താണ് മോദി സര്‍ക്കാരിന് പറയാനുള്ളതെന്നും ഒവൈസി ചോദിച്ചു.

🔳പഞ്ചാബില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെ എ.എ.പി. എം.എല്‍.എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🔳ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് ജെഡിയു നേതാവിന്റെ പരാമര്‍ശം.

🔳2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ചെറുപാര്‍ട്ടികളുമായി സഖ്യത്തിനു താത്പര്യം പ്രകടിപ്പിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എല്ലാ ചെറുപാര്‍ട്ടികള്‍ക്കുമായി എസ്.പിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

🔳അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും പക്ഷേ, തന്റെ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അനുവദിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. അസം-മിസോറാം അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.

🔳അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രണ്ട് സംസ്ഥാനങ്ങളുടേയും അതിര്‍ത്തി നിര്‍ണ്ണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണ്ണയം നടത്താനുള്ള ആശയം ആഭ്യന്തരമന്ത്രി അമിത് ഷാ മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

🔳രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ പുതിയ നീക്കവുമായി ജമ്മു കശ്മീര്‍ ഭരണകൂടം. ക്രമസമാധാന ലംഘന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സൈന്യത്തിനെതിരേ കല്ലെറിയുന്നവര്‍ക്കും ഇനിമുതല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നല്‍കില്ല. സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കില്ലെന്നും ജമ്മുകശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.

🔳വടക്കന്‍ സിക്കിം മേഖലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഹോട്ട്ലൈന്‍ സ്ഥാപിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഹോട്ട്ലൈന്‍ സ്ഥാപിച്ചതെന്ന് ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🔳രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി പി വി സിന്ധു. ടോക്യോയില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു നേട്ടത്തിനുടമയായത്. റിയൊ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.

🔳41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയില്‍ സെമി ഫൈനലിലെത്തി ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്പ് 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ സെമിയിലെത്തിയത്.  

🔳ഒളിംപിക്‌സിലെ വേഗതാരമായി ലാമന്റ് മാഴ്‌സല്‍ ജേക്കബ്‌സ്. പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇറ്റാലിയന്‍ താരം സ്വര്‍ണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.

🔳നീന്തല്‍ക്കുളത്തില്‍ അഞ്ചാം സ്വര്‍ണവും മുങ്ങിയെടുത്ത് അമേരിക്കന്‍ നീന്തല്‍ താരം കയ്ലെബ് ഡ്രെസ്സെല്‍. ഞായറാഴ്ച പുരുഷന്‍മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും ഒന്നാമതെത്തിയതോടെയാണ് ടോക്യോയിലെ കയ്ലെബ് ഡ്രെസ്സെലിന്റെ സ്വര്‍ണ നേട്ടം അഞ്ചായി ഉയര്‍ന്നത്.

🔳ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിന് സ്വര്‍ണം. ഫൈനലില്‍ റഷ്യയുടെ കാരെന്‍ ഖച്ചനോവിനെ കീഴടക്കിയാണ് സ്വരേവ് കരിയറിലെ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 1,70,690 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 51 ശതമാനവും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് 32,26,761 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386.

🔳രാജ്യത്ത് ഇന്നലെ 40,627 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,627 പേര്‍ രോഗമുക്തി നേടി. മരണം 424. ഇതോടെ ആകെ മരണം 4,24,808 ആയി. ഇതുവരെ 3,16,95,368 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.08 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,990 പേര്‍ക്കും കര്‍ണാടകയില്‍ 1,875 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,287 പേര്‍ക്കും ഒറീസയില്‍ 1,437 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,55,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 21,102 പേര്‍ക്കും ബ്രസീലില്‍ 20,503 പേര്‍ക്കും റഷ്യയില്‍ 22,804 പേര്‍ക്കും ഇംഗ്ലണ്ടില്‍ 24,470 പേര്‍ക്കും തുര്‍ക്കിയില്‍ 20,890 പേര്‍ക്കും ഇറാനില്‍ 32,511 ഇന്‍ഡോനേഷ്യയില്‍ 30,738 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.89 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.51 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,064 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 64 പേരും ബ്രസീലില്‍ 397 പേരും റഷ്യയില്‍ 789 പേരും കൊളംബിയയില്‍ 275 പേരും ഇറാനില്‍ 366 പേരും ഇന്‍ഡോനേഷ്യയില്‍ 1,604 പേരും മെക്സിക്കോയില്‍ 450 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.39 ലക്ഷം.

🔳ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് രണ്ടിന് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ സിസ്റ്റമാണ് ഇ-റുപി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്, ഇത് ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് എത്തിക്കുന്നു. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ്, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായം ഇല്ലാതെ സേവന ദാതാവില്‍ വൗച്ചര്‍ റെഡീം ചെയ്യാന്‍ കഴിയും.

🔳ജൂലൈ മാസത്തില്‍ രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധന. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനമാണ് വര്‍ധന. ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം 6.06 ലക്ഷം കോടി രൂപയാണ്. ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം അധികമാണ്. യുപിഐ ഇടപാടുകള്‍ ആരംഭിച്ചത് 2016 ലാണ്. 2019 ഒക്ടോബറിലാണ് ഇത് ആദ്യമായി ഒരു ബില്യണ്‍ ഇടപാടുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 2020 ഒക്ടോബറില്‍ ഒരു വര്‍ഷത്തിന് ശേഷം രണ്ട് ബില്യണ്‍ ഇടപാടെന്ന നാഴികക്കല്ലും പിന്നിട്ടു. അതിന് ശേഷം പത്ത് മാസം മാത്രമെടുത്താണ് മൂന്ന് ബില്യണ്‍ ഇടപാടെന്ന വലിയ സംഖ്യയിലേക്കുള്ള കുതിപ്പ്.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. മൃണാല്‍ താക്കൂര്‍ ആണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആകും മൃണാല്‍ അവതരിപ്പിക്കുക. പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

🔳അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ദ ഗ്രേ മാന്‍'. ചിത്രത്തില്‍ നടന്‍ ധനുഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ലോസ്ആഞ്ചലസില്‍ വെച്ചായിരുന്നു ചിത്രീകരണം. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳പുനെ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിര്‍ത്തിവച്ച ഐക്കണിക്ക് ഇരുചക്ര വാഹന മോഡലായ ചേതക്കിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച ബുക്കിംഗാണ് കമ്പനി വീണ്ടും തുടങ്ങിയത്. 2000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം. ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ വാഹനം വിറ്റുത്തീരുകയായിരുന്നു. മൈസൂര്‍, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങലില്‍ ബുക്കിംഗ് തുടങ്ങിയിരുന്നു.

🔳''കവിതയുടെ ജലത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ എന്റെ ഉടലിന്റെ ഭാരം കുറക്കുന്നു. ഭാരമില്ലെങ്കില്‍പിന്നെ ഞാന്‍ ഒന്നുമല്ല എന്ന അപരബോധം ആ ജലത്തില്‍ത്തന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു.'' ഒരുവള്‍ ഇവിടെ ഇങ്ങനെ ജീവിച്ചു എന്നും, ഇങ്ങനെ ഇല്ലാതായി എന്നും കവിതയിലൂടെയല്ലാതെ, മറ്റൊരു വിധത്തിലും പറയാന്‍ അറിയാത്ത ഒരാള്‍ എന്ന് അടയാളപ്പെടുത്തുന്ന കൃതി. 2000-മുതല്‍ 2020-വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട എഴുപത്തിയഞ്ച് കവിതകള്‍. 'ചുവപ്പ്'. റോഷ്നി സ്വപ്ന. ഡിസി ബുക്സ്. വില 153 രൂപ.

🔳നെയ്യ് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. നെയ്യിനെ സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ദിവസവും രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ചോറ്,പരിപ്പ്, റാഗി പോലുള്ള ഭക്ഷണങ്ങളില്‍ അല്‍പം നെയ്യ് ചേര്‍ത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് സഹായിക്കും. എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും.രണ്ട് സ്പൂണില്‍ കൂടുതല്‍ നെയ്യ് ഉപയോഗിക്കരുതെന്നും അവര്‍ പറയുന്നു. ആയുര്‍വേദത്തില്‍ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത് ചുമയും മറ്റ് അലര്‍ജി പ്രശ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കപ്പല്‍ നടുക്കടലില്‍ മുങ്ങിത്താഴുകയാണ്. യാത്രക്കാര്‍ കുറവായതിനാല്‍ എല്ലാവര്‍ക്കും ലൈഫ്‌ബോട്ടില്‍ ഇടം നേടാന്‍ കഴിഞ്ഞു. പക്ഷേ ദിശയറിയാതെ അവര്‍ ആ കടലില്‍ അലഞ്ഞു. വിവരമറിഞ്ഞെത്തിയ രക്ഷാവിമാനം ഒരുപാട് പറന്നെങ്കിലും അവരെ കണ്ടെത്താനായില്ല. തിരച്ചില്‍ നിര്‍ത്തി തിരികെപ്പോരാന്‍ തുടങ്ങിയപ്പോള്‍ വൈമാനികരിലൊരാള്‍ പറഞ്ഞു. നമുക്ക് ഒരു തവണ കൂടി പറന്നുനോക്കാം. എട്ട് മിനിറ്റല്ലേ വേണ്ടിവരുന്നുള്ളൂ. പൈലറ്റ് സമ്മതിച്ചു. അവര്‍ വീണ്ടും അന്വേഷണപറക്കല്‍ ആരംഭിച്ചു. എഴാംമിനിറ്റില്‍ തിരച്ചില്‍ നിര്‍ത്തി തരികെ പോകാമെന്ന് പൈലറ്റ് പറഞ്ഞപ്പോള്‍ ആ വൈമാനികന്‍ വീണ്ടും ഇടപെട്ടു. എട്ടാകാന്‍ ഒരു മിനിറ്റ് കൂടിയുണ്ട്. നമുക്ക് കുറച്ചുകൂടി മുന്നോട്ട് പോയി നോക്കാം. കുറച്ച് കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു പൊട്ടുപോലെ അവര്‍ ലൈഫ്‌ബോട്ടുകള്‍ കണ്ടു. വിമാനം അവിടെയെത്തി എല്ലാവരേയും രക്ഷിച്ചു. ഒരു തവണകൂടി ശ്രമിച്ചിരുന്നുവെങ്കില്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്ന ഒട്ടേറെ ദൗത്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലേ.. ഒരു പടികൂടി ചവുട്ടിയിരുന്നെങ്കില്‍ എത്തിച്ചേരുമായിരുന്ന അനേകം ലക്ഷ്യങ്ങളുണ്ടായിരുന്നില്ലേ.. ഒരു നിമിഷം കൂടി തുടര്‍ന്നിരുന്നുവെങ്കില്‍ നേടാമായിരുന്ന അംഗീകാരങ്ങളില്ലേ... ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും പല സമയമാണ് വേണ്ടി വരിക. ആ സമയം നാം നമുക്ക് സ്വയം അനുവദിച്ചേ മതിയാകൂ. ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ കൂടി ജോലി ചെയ്യേണ്ടി വന്നേക്കാം. ഒരു ദിവസം കൂടി ക്ഷമിക്കേണ്ടിവന്നേക്കാം, ഒരാഴ്ചകൂടി പിടിച്ചുനില്‍ക്കേണ്ടിവന്നേക്കാം, ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം, ഒരു വര്‍ഷം കൂടി നിരീക്ഷിക്കേണ്ടി വന്നേക്കാം. തളരാതെ തുടരാന്‍ കഴിയുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടാതാണ് വിജയം. പിന്മാറുന്നവര്‍ക്ക് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്. തുടക്കം നന്നായില്ല, പ്രതീക്ഷിച്ചതുപോലെ മുന്നേറാനായില്ല, നേടുമെന്ന് ഉറപ്പൊന്നുമില്ല എന്ന് തുടങ്ങിയ ന്യായീകരണങ്ങള്‍. മടുക്കുന്നതുവരെ ചെയ്യുന്നവരും കിട്ടുന്നതുവരെ ചെയ്യുന്നവരുമുണ്ട്. ആദ്യത്തെകൂട്ടര്‍ക്ക് തുടങ്ങാനല്ലാതെ ഒന്നും പൂര്‍ത്തീകരിക്കാനാകില്ല, എന്നാല്‍ രണ്ടാം വിഭാഗക്കാര്‍ പൂര്‍ത്തീകരിക്കുക മാത്രമല്ല, അവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. തുടങ്ങാന്‍ ആഗ്രഹവും ആവേശവും മതി, പൂര്‍ത്തിയാക്കാന്‍ നിശ്ചയദാര്‍ഢ്യവും ക്ഷമയും വേണം. തുടങ്ങിവച്ച ആ ദൗത്യങ്ങള്‍ക്കെല്ലാം നമുക്ക് ഒരു മിനിറ്റ് കൂടി ശ്രമിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only