👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 18 ഓഗസ്റ്റ് 2021)




🔳കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും രാജ്യത്തേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 1650 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

🔳അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക.

🔳മുന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ അസാന്നിധ്യത്തില്‍ താനാണ് അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡന്റെന്ന അവകാശ വാദവുമായി മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. പിന്തുണയും പൊതുസമ്മതിയും നേടുന്നതിനായി എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഒരു സാഹചര്യത്തിലും താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്‍. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാന്‍ വക്താവ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

🔳കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വിവിധ രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

🔳കോവിഡ് മൂന്നാം തരംഗ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

🔳കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം.

🔳കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ് സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു തട്ടിപ്പു കേസിലെ പ്രതി മൊഴി നല്‍കിയിട്ടും പിണറായി വിജയനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

🔳സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

🔳പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്'. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.

🔳സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനും ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബിനുമെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെ പി.കെ നവാസിനെതിരേ പ്രതികരണവുമായി ഒരു വിഭാഗം നേതാക്കള്‍. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന തെറ്റായ കാര്യത്തിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തരുതെന്നും ഹരിതയുടെ പരാതിയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.

🔳എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അബ്ദുസമദ് വ്യക്തമാക്കി.

🔳എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരിന്നു.

🔳മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.

🔳എന്റെ മകനാണിത്. ഇവന്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. നിങ്ങളൊക്കെ കാണുന്നതിന് മുന്‍പ് ഞാനാണ് ഈ മുഖം കണ്ടത്' കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയപ്പോഴായായിരുന്നു നാടകീയവും വികാരഭരിതവുമായ രംഗങ്ങള്‍ അരങ്ങേറിയത്. രാഹുലിന്റെ ജനന സമയത്ത് പരിചരിച്ച നേഴ്സ് ആണ് ബത്തേരി നായ്ക്കട്ടി സ്വദേശി വാവത്തില്‍ രാജമ്മ. രാഹുല്‍ ഗാന്ധിയെ കാണുന്നതിനും സ്നേഹം പുതുക്കുന്നതിനും വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍.

🔳2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ് (നോവല്‍-അടിയാളപ്രേതം), ഒ.പി സുരേഷ് (കവിത- താജ്മഹല്‍), ഉണ്ണി. ആര്‍ (ചെറുകഥ- വാങ്ക്) എന്നിവര്‍ക്കാണ് പുരസ്‌കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം.

🔳തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

🔳സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

🔳പുണെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത് ബിജെപി പ്രവര്‍ത്തകന്‍. 37 കാരനായ മയൂര്‍ മുണ്ഡെയാണ് പുണെയിലെ അന്ധ് മേഖലയില്‍ മോദിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആദരമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തം സ്ഥലത്ത് ക്ഷേത്രം പണിതതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയായ മയൂര്‍ പറഞ്ഞു.

🔳2022-ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേണല്‍ അജയ് കോതിയാല്‍ എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യമറിയിച്ചത്. മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്.

🔳ഉത്തര്‍പ്രദേശില്‍ ജില്ലകളുടെ പേരുമാറ്റം തുടരുന്നു. അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കും. മെയിന്‍പുരി ജില്ല ഇനിമുതല്‍ മായന്‍ നഗറാകും. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.

🔳ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബിജെപി നേതാവിനെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. ഹോംഷാലിബാഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ദര്‍ ആണ് മരിച്ചത്. ഒരു മാസത്തിനിടെ ഭീകരര്‍ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ജാവീദ് അഹമ്മദ് ദര്‍.

🔳രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ കലശലായ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പാനിപ്പത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വര്‍ധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു..

🔳പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യ - ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുണ്ടായ വാക്‌പോരില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. വിരാടിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്കുമതേ. ഞാന്‍ ക്രിക്കറ്റ് കളിക്കുന്ന രീതിക്ക് നേര്‍ വിപരീതമാണത്. വിരാടും സംഘവും നന്നായി കളിച്ചു. വൈകാരികമായ എന്തോ ഒന്നിലേക്ക് എത്തിപ്പെട്ടതോടെ അവര്‍ക്ക് ഒരു മേല്‍ക്കൈ ലഭിച്ചു. അത് അവര്‍ തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്തു.'' ജോ റൂട്ട് പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 1,39,623 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 61.40 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 92 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414.

🔳രാജ്യത്ത് ഇന്നലെ 35,197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,136 പേര്‍ രോഗമുക്തി നേടി. മരണം 440. ഇതോടെ ആകെ മരണം 4,32,552 ആയി. ഇതുവരെ 3,22,85,101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.61 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,048 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,804 പേര്‍ക്കും കര്‍ണാടകയില്‍ 1,065 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1063 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,36,115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,31,138 പേര്‍ക്കും ബ്രസീലില്‍ 35,201 പേര്‍ക്കും റഷ്യയില്‍ 20,958 പേര്‍ക്കും ഫ്രാന്‍സില്‍ 28,114 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,692 പേര്‍ക്കും തുര്‍ക്കിയില്‍ 21,692 പേര്‍ക്കും ഇറാനില്‍ 50,228 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,741 പേര്‍ക്കും മലേഷ്യയില്‍ 19,631 പേര്‍ക്കും തായലാന്‍ഡില്‍ 20,128 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.72 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,842 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 855 പേരും ബ്രസീലില്‍ 1,137 പേരും റഷ്യയില്‍ 805 പേരും ഇറാനില്‍ 625 പേരും ഇന്‍ഡോനേഷ്യയില്‍ 1,180 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.92 ലക്ഷം.

🔳രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്ക് അവധി. കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാകും 5 ദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹറം, വെള്ളി-ഒന്നാം ഓണം, ശനി-തിരുവോണം, ഞായര്‍-അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധി ദിവസങ്ങള്‍. ആഗസ്റ്റ് മാസത്തില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

🔳സംസ്ഥാനത്ത് നിന്നുള്ള പ്രാദേശിക വില്‍പ്പനക്കാരെ പിന്തുണയ്ക്കുന്നതിനും ഇ-കൊമേഴ്സിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മഹാരാഷ്ട്രയില്‍ നാല് പുതിയ പൂര്‍ത്തീകരണ, തരംതിരിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങി ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ലിപ്കാര്‍ട്ട്. ഭീവാണ്ടിയിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രങ്ങള്‍ ഏകദേശം 7 ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്നു. ഇത് 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതായും ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചു.

🔳കണ്ണന്‍ താമരക്കുളം ചിത്രം 'മരട് 357'ന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. 'വിധി ദി വെര്‍ഡിക്റ്റ്' എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതിയാണ് ചിത്രം തടഞ്ഞത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്.

🔳ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ഷെഫീക്കിന്റെ സന്തോഷം' എന്ന് പേരിട്ട ചിത്രം അവതാരകനും നടനും സംവിധായകനുമായ അനൂപ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പഴയ ചായക്കടയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റര്‍. ചില്ലുകൂട്ടിലുള്ള പലഹാരങ്ങളും കെട്ടിതൂക്കിയ പഴക്കുലയും ഒരു മേശയും കസേരയും ഒക്കെയാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. ''ഈ.. ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം.. സവര്‍ണ്ണ പലഹാരങ്ങളാണോ..?'' എന്ന വാചകവും പോസ്റ്ററിലുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔳ലാന്‍ഡ് ക്രൂയിസര്‍ എസ്യുവിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ലാന്‍ഡ് ക്രൂയിസര്‍ വിപണിയിലെത്തിയിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ കൂടിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിറക്കുന്നത്. റെട്രോ- സ്‌റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പുതിയ പതിപ്പിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര ജിഎക്‌സ്എല്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 70 ആനിവേഴ്സറി എഡിഷന്‍.

🔳സ്മാര്‍ട്ടാവേണ്ടത് കെട്ടിടച്ചുമരുകളല്ല, മനസ്സുകളാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒന്‍പതാംക്ലാസ്സുകാരി അലമേലുവിന്റെ ചോദ്യങ്ങള്‍ നിറഞ്ഞ പുസ്തകം കുഞ്ഞുമനസ്സുകളുടെ വലിയ ചിന്തകളാണ്. 'ഡോ. അലമേലു 9ബി'. രണ്ടാം പതിപ്പ്. പി രാധാകൃഷ്ണന്‍. ലോഗോസ് ബുക്സ്. വില 114 രൂപ.

🔳എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. ശാരീരികമായ കാരണങ്ങളും മാനസികമായ കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ആരോഗ്യപരമായ കാരണങ്ങളല്ല എന്നാണെങ്കില്‍ ജീവിതരീതിയില്‍ വരുത്താവുന്ന ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുതന്നെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതേയുള്ളൂ. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അലസതയും ക്ഷീണവും അനുഭവപ്പെടാം. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാനും ശരീരത്തില്‍ എല്ലായ്‌പോഴും ജലാംശം നിലനിര്‍ത്താനും ശ്രമിക്കുക. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജ്ജം നല്‍കുകയും എപ്പോഴും സജീവമായി നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. ഭക്ഷണം എപ്പോഴും 'ബാലന്‍സ്ഡ്' ആയിരിക്കണം. അല്ലാത്ത പക്ഷം ഊര്‍ജ്ജം നല്ല തോതില്‍ കുറയുകയോ കൂടുകയോ എല്ലാം ചെയ്‌തേക്കാം. ദിവസത്തില്‍ മൂന്ന് നേരം നന്നായി ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവുകളിലായി അഞ്ചോ ആറോ നേരം കഴിക്കുന്നതാണ് ഉത്തമം. അങ്ങനെയാകുമ്പോള്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തിന്റെ തോതില്‍ വ്യത്യാസം വരാതെ നോക്കാം. കഴിക്കുന്ന ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പും വളരെ പ്രധാനമാണ്. ജോലിക്കിടയിലോ, പഠനത്തിനിടയിലോ അല്‍പം മടുപ്പോ തളര്‍ച്ചയോ തോന്നിയാല്‍ ഉടനെ ഒരു കപ്പ് കാപ്പിയില്‍ അഭയം തേടുന്നവരുണ്ട്. 'കഫീന്‍' താല്‍ക്കാലികമായ ഉന്മേഷം പകരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ പിന്നീടങ്ങോട്ട് ആലസ്യം തോന്നിക്കാനും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടാനും കഫീന്‍ കാരണമാകും. അതിനാല്‍ വിരസത തോന്നുമ്പോള്‍ ചായയില്‍ അഭയം തേടാതിരിക്കുക. വ്യായാമം പതിവാക്കുക. ആദ്യമെല്ലാം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കുന്നതായി തോന്നാമെങ്കിലും ക്രമേണ ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വുമുണ്ടാക്കാന്‍ വ്യായാമത്തിന് കഴിയും. ആത്മവിശ്വാസത്തിന്റെ തോത് വര്‍ധിക്കുകയും എല്ലാ കാര്യങ്ങളിലും സജീവമാവുകയും ചെയ്യാം. ദിവസത്തില്‍ അല്‍പസമയമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകി ചെലവിടാന്‍ ശ്രമിക്കുക. വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ മുറ്റത്ത് കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ജേഷ്ഠന്‍ അനുജന് ഒരു തുമ്പിയെ പിടിച്ചു നൂലില്‍ കെട്ടികൊടുത്തത്. അനുജന് സന്തോഷമായി. കയ്യിലുള്ള നൂലിന്റെ അറ്റത്ത് തുമ്പി ഹെലികോപ്റ്റര്‍ പോലെ പറക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ തുമ്പിയുടെ ഒരു ചിറകൊടിഞ്ഞു. അത് തളര്‍ന്ന് താഴെ വീണു. കുറച്ച് നേരം വിഷമത്തോടെ നോക്കിയിരുന്നതിന് ശേഷം അവന്‍ ആ തുമ്പിയേയും എടുത്ത് അമ്മയുടെ അടുത്തെത്തി. കൂടെ ആ തുമ്പിയുടെ അറ്റുപോയ ചിറകും ഒരു കുപ്പി പശയുമുണ്ടായിരുന്നു! അടര്‍ന്നുവീണതെല്ലാം തിരികെ വെയ്കാനാകില്ല. അതുപോലെ തകര്‍ന്നുപോയതെല്ലാം കൂട്ടിച്ചേര്‍ക്കാനുമാകില്ല. പ്രത്യേകിച്ച്, വിശ്വാസവും പ്രതിബദ്ധതയും. എല്ലാവര്‍ക്കും തങ്ങളുടേതായ സ്വകാര്യതകളും ബലഹീനതകളുമുണ്ട്. അതുപോലെ എല്ലാവര്‍ക്കും അവനവന്റെ മൃദുലഭാവങ്ങളും സവിശേഷതകളുമുണ്ട്. അതറിഞ്ഞുവേണം നാം ഇടപഴകാനും സംവദിക്കാനും. കൂടെനില്‍ക്കുന്നവരുടെ അപക്വമായ ഇടപെടലിലൂടെ സന്തോഷവും ആയുസ്സും നഷ്ടപ്പെട്ട ഒട്ടേറെ പേരുണ്ട്. ക്ഷമിക്കണം എന്ന വാക്കുപോലും പറയാന്‍ യോഗ്യതയില്ലാത്തവര്‍. പലപ്പോഴും നമുക്കിഷ്ടപ്പെട്ട രീതിയില്‍ നമ്മോട് പെരുമാറുന്നവരെല്ലാം അപ്രകാരം ചെയ്യുന്നത്, നമ്മോടുള്ള താല്‍പര്യം കൊണ്ടാകണമെന്നില്ല. ഭയംകൊണ്ടോ, നിവൃത്തികേടുകൊണ്ടോ, ഒരു പിണക്കം ഒഴിവാക്കുന്നതിന് വേണ്ടിയോ ആകാം. ലഭിക്കുന്ന ആനുകൂല്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ബന്ധവും അധികകാലം നിലനില്‍ക്കുകയില്ല. എങ്ങനെയാണ് ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് നാം കടലാഴങ്ങളില്‍ മുങ്ങിത്തപ്പേണ്ട ആവശ്യമൊന്നുമില്ല. ആളുകളെ വസ്തുക്കളായി കണ്ട് ഉപയോഗിക്കുന്നവര്‍ ചെറിയ തേയ്മാനം അതിന് സംഭവിച്ചാല്‍ തന്നെ ഒഴിവാക്കിക്കളയും, അതുപോലെ സ്വന്തമാക്കി ഒരു നിയന്ത്രണരേഖയ്ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും അവസരം ലഭിച്ചാല്‍ ഓടി രക്ഷപ്പെടും. ആഗ്രഹമില്ലെങ്കിലും അനഭിലഷണീയ ബന്ധങ്ങളില്‍ പെട്ടുപോകുന്നവരുണ്ട്. ബന്ധങ്ങളില്‍ തെറ്റുസംഭവിക്കാന്‍ പാടില്ല എന്ന നിബന്ധനയൊന്നൂമില്ല, പക്ഷേ, തെറ്റ് തിരിച്ചറിഞ്ഞാല്‍ തിരുത്തുക എന്ന മനോഭാവമാണ് പ്രധാനം. പരസ്പരം പഴിചാരല്‍ നമുക്ക് അവസാനിപ്പിക്കാം, തുടരട്ടെ നല്ല ബന്ധങ്ങള്‍ - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only