👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

ശബരിമല കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും; മന്ത്രി റോഷി അ​ഗസ്റ്റ്യൻ
(VISION NEWS 14 ഓഗസ്റ്റ് 2021)
ശബരിമലയിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ തന്നെ ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജല വിഭവ മന്ത്രി റോഷി അ​ഗസ്റ്റ്യൻ. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള ബൃഹത് പദ്ധതിയായ നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി 129 കോടി രൂപയാണ് വകയിരുത്തി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിലയ്ക്കലിൽ 65.75 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിന് ആവശ്യമായ ജലസംഭരണി നിലവിലുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റ്യൻ വ്യക്തമാക്കി.

ഇതിലേക്ക് പമ്പയിൽ നിന്നും, സീതത്തോട് നിന്നും ടാങ്കർ ലോറി വഴിയാണ് ജലം എത്തിക്കുന്നത്. ഇത് കൂടാതെ മണിക്കൂറിൽ 28000 ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള ആർ.ഒ പ്ലാന്റുകൾ മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് സ്ഥാപിച്ച് നിലവിലുള്ള ജലവിതരണ ശൃംഖല വഴി 150 ഓളം കിയോസ്കുൾ വഴി നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കും. കൂടാതെ ഇവിടെ ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന ടോയ്ലറ്റുകളിലും, കംഫർട്ട് സ്റ്റേഷനുകളിലും ആവശ്യമുള്ള ജലവിതരണം ഒരുക്കും. വിതരണം ചെയ്യുന്ന ജലത്തിന്റെ ​ഗുണനിലവാരം പരിശോധിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ ലാബ് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ പമ്പയിലും സന്നിധാനത്തും എത്തിച്ചേരുന്ന തീർത്ഥാടകർക്ക് പമ്പ ത്രിവേണിയിൽ സ്ഥാപിച്ചിട്ടുല്ള 12 എംഎൽഡി ഉൽപ്പാദക ശേഷിയുള്ള ശുദ്ധീകരണ ശാലയിൽ നിന്നും ജലം ലഭ്യമാക്കും. ശുദ്ധജലം ശേഖരിക്കുന്നതിനായി പമ്പയിൽ 6.80 ലക്ഷം ശേഷിയുള്ള ജലസംഭരണി നിലവിൽ ഉണ്ട്. കൂടാതെ കാനന പാതയിൽ നീലിമല ബോട്ടത്തൽ 2 ലക്ഷം ലിറ്റർ , അപ്പാച്ചിമേട് 2 ലക്ഷം ലിറ്റർ, ശരംകുത്തിയിൽ 56 ലക്ഷം ലിറ്റർ വീതം ശേഷിയുള്ള ജലസംഭരണികളും സ്ഥാപിപ്പിച്ചുണ്ട്. ഈ ടാങ്കുകളിൽ നിന്നും പമ്പ മുതൽ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള ജലവിതരണ കുഴലുകളിൽ നിന്നും ടാപ്പുകൾ വഴി ജലവിതരണം നടത്തും.

ഇതിന് പുറമെ ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന വിവധ കംഫർട്ട് സ്റ്റേഷനുകളിലും, ശൗചാലയങ്ങളിലും തീർത്ഥാടകരുടെ എണ്ണത്തിനും ആവശ്യത്തിനും അനുസരിച്ച് ജലം എത്തിക്കുന്ന സംവിധാനം സജ്ജമാണ്. കൂടാതെ പമ്പ മുതൽ സന്നിധാനം വരെ മണിയ്ക്കൂറിൽ 22000 ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള ആർ ഒ പ്ലാന്റുകൾ സ്ഥാപിച്ച് കാനന പാതയിലും, സന്നിധാനത്തും , സ്വാമി അയ്യപ്പൻ റോഡിലും, 60 കിയോസ്കുകളിൽ 3 ടാപ്പുകൾ വീതം സ്ഥാപിച്ച് മണ്ഡല മകര വിളക്ക് സീസണിൽ ഭക്തർക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.

ഇതിന് പുറമെ പത്തോളം വാട്ടർ ഡിസ്പെൻസറുകൾ പമ്പ മുതൽ സന്നിധാനം പാതയിൽ സ്ഥാപിച്ച് അയ്യപ്പ ഭക്തർമാർക്ക് കുടിവെള്ള വിതരണം ചെയ്യും. ശബരിമല തീർത്ഥാടകർക്ക് കുടിവെള്ളമെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വാട്ടർ അതോറിറ്റി പത്തനംതിട്ട പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എ‍ഞ്ചിനീയർ റ്റി തുളസീധരന് പ്രത്യേക ചുമതലയും നൽകിയതായും മന്ത്രി എംഎൽഎയെ അറിയിച്ചു.

നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിൽ റാന്നി എംഎൽഎ ആയ പ്രമോദ് നാരായൺനാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ശബരി മലയിൽ എത്തുന്ന തീർത്ഥാടകർക്കൊപ്പം റാന്നി നിയോജക മണ്ഡലത്തിലെ പെരിനാട്, കോന്നി നിയോജക മണ്ഡലത്തിലെ സീതത്തോട് എന്നിവിടങ്ങളിൽ ഉള്ളവർക്ക് കൂടെ പ്രയോജകരമായ പദ്ധതി സമയബന്ധിതമായി തന്നെ നടപ്പിലാക്കണമെന്നായിരുന്നു എംഎൽഎ മന്ത്രിയോട് അഭ്യർത്ഥിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only