👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ഓഗസ്റ്റ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 31 ഓഗസ്റ്റ് 2021)
🔳മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഹൈക്കോടതികളിലേക്ക് 14 ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചു. കേരള-കര്‍ണാടക ഹൈക്കോടതികളിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ ശുപാര്‍ശ കീഴ്വഴക്കം ലംഘിച്ചാണ് രണ്ടാമതും കേന്ദ്രം മടക്കിയത്. കേരളവും, കര്‍ണാടകയും ഉള്‍പ്പടെ അഞ്ച് ഹൈക്കോടതികളില്‍ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നല്‍കിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. ഇതില്‍ 12 പേരുകള്‍ 2019 ജൂലായ് മാസത്തില്‍ നല്‍കിയതായിരുന്നു. തീരുമാനം രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ശേഷമാണ് പേരുകള്‍ പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിലപാട്.

🔳ശബരിമല സ്ത്രീ പ്രവേശനം - പൗരത്വനിയമഭേദഗതി പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിയമതടസ്സമുന്നയിച്ച് കോടതികള്‍. പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ 835 കേസുകളില്‍ പിന്‍വലിക്കാനായത് രണ്ടു കേസുമാത്രം. ശബരിമല സ്ത്രീപ്രവേശന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 1300 ലധികം കേസുകളില്‍ പിന്‍വലിച്ചത് എട്ടു കേസുകളും.  

🔳സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളം തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ളവര്‍ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

*കാശിന് അത്യാവശ്യം  വരുമ്പോള്‍ എല്ലാവര്‍ക്കും കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍ മതി; എന്താണ് കാരണം?*
ഏറ്റവും കുറഞ്ഞ പലിശ , ഗ്രാമിന് ഏറ്റവും കൂടുതല്‍ തുക ,ഏറ്റവും വേഗത്തിലുള്ള ലഭ്യത, 600 ഓളം ശാഖകള്‍, അനുഭവ സമ്പന്നതയുടെ 50 വര്‍ഷങ്ങള്‍, ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍ - മനുഷ്യപ്പറ്റുള്ള ഒരു ഗോള്‍ഡ് ലോണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04872332255*
➖➖➖➖➖➖➖➖

🔳കോണ്‍ഗ്രസിലെ അഭ്യന്തര വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ പറയുന്നതാണ് അന്തിമ നിലപാടെന്ന് വിഡി സതീശന്‍. നേതാക്കളെല്ലാം ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നത്. അതാണ് പാര്‍ട്ടി നിലപാട്, അതിനൊപ്പമാണ് താനെന്നും വിഡി സതീശന്‍ പറഞ്ഞു. എല്ലാ സംഘടനങ്ങള്‍ക്കും ഒരു പൊതുച്ചട്ടക്കൂടുണ്ടെന്നും അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും അതില്ലാതെ പോകുമ്പോള്‍ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശന്‍ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്.  സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങള്‍ക്കെല്ലാമുണ്ട്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും അക്കാര്യത്തില്‍ എകെജി സെന്ററില്‍ നിന്നും നിര്‍ദേശവും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.

🔳കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണ്. ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

🔳ഇന്നലെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു. ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ഗോപിനാഥിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളോട് എ ഗ്രൂപ്പില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പിണറായി വിജയന്റെ ചെരുപ്പ് നക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ഗോപിനാഥിനെ തിരികെ കൊണ്ടു വരാനുള്ള നീക്കം അപഹാസ്യമാണെന്ന് എ ഗ്രൂപ്പ് വിമര്‍ശിക്കുന്നു.

🔳താന്‍ നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്നു കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ ശിവദാസന്‍ നായര്‍. കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയതെന്നും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും കെ ശിവദാസന്‍ നായര്‍ നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳ഡിസിസി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പുതിയ നിയമന വിവാദത്തോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളര്‍ന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

🔳കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കള്‍ രംഗത്ത്. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക' എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബുവിന്റെ പ്രതികരണം. 'രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും' ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

🔳ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ടുളള കോണ്‍ഗ്രസിനുളളിലെ തര്‍ക്കങ്ങളില്‍ പ്രതികരണവുമായി മുസ്ലീംലീഗ്. കോണ്‍ഗ്രസിലെ പരസ്യമായ വിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന് ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാനുള്ള ആന്തരിക ശക്തിയുണ്ടെന്ന് പ്രതികരിച്ച എം.കെ മുനീര്‍ എം.എല്‍.എ ആര്‍.എസ്.പി ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാട് കോണ്‍ഗ്രസ് ചെവിക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  
🔳ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നതായി കെ കെ രമ എംഎല്‍എ. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവര്‍ ആയതിനാലാണ് അനധികൃത പരോള്‍ നല്‍കുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടര്‍മാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി.

🔳കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ.  കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്റില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

🔳കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂണ്‍ 28 നാണ് അജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

🔳ബാംഗ്ലൂര്‍ നഗരത്തില്‍ കാര്‍ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഔഡി ക്യു 3 ഇന്ന് പുലര്‍ച്ചെ 2:30നാണ് അപകടത്തില്‍പ്പെട്ടത്. തമഴിനാട്ടിലെ ഡി.എം.കെ എംഎല്‍എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണം.

🔳കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തില്‍ മേജര്‍ ജനറല്‍ ക്രിസ് ഡൊണാഹുവും കയറി.  അത് കാബൂളില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന അവസാനത്തെ വിമാനമായിരുന്നു.  മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാന്‍ വിടുന്ന അവസാനത്തെ അമേരിക്കക്കാരനും. ക്രിസിനൊപ്പം കാബൂളിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത് 20 വര്‍ഷം ഒരു രാജ്യം അനുഭവിച്ച യുദ്ധത്തിന്റെയും പുനരുജ്ജീവനത്തിന്റെയും സ്മരണകള്‍ കൂടിയാണ്.

🔳പാഞ്ച്ഷിര്‍ പ്രവിശ്യയെ ആക്രമിച്ച് താലിബാന്‍. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തില്‍ എട്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന് പൂര്‍ണമായി പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്താനില്‍ താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ കഴിയാത്ത പ്രവിശ്യയാണ് പാഞ്ച്ഷിര്‍.

🔳പാരാലിംപിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്രാജ് അഥാന വെങ്കലം നേടി. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിംപിക്‌സാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

🔳അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി. പുതിയ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി ബിസിസിഐ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിലുണ്ടാവുക. നിലവില്‍ എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളാണുള്ളത്. ടീമുകളെ സ്വന്തമാക്കാന്‍ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുള്ളതിനാല്‍ നിലവിലെ പദ്ധതി പ്രകാരം ലേലം നടന്നാല്‍ ചുരങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

🔳ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ടീമില്‍ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ. ഓവലില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ബൗളിംഗ് നിരയിലായിരിക്കും മാറ്റമുണ്ടാവുക.

🔳ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം. യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെയെന്ന് ഉറപ്പായി. നിലവില്‍ ഏഴാം നമ്പറില്‍ കളിച്ചിരുന്ന എഡിസണ്‍ കവാനി ഇരുപത്തിയൊന്നാം നമ്പര്‍ കുപ്പായത്തിലേക്ക് മാറും.

🔳ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മാപ്പ് കമ്പനിയായ മാപ്പ് മൈ ഇന്ത്യ പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു. 5,000-6,000 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്ന, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1,000- 1,200 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്ലൂംബെര്‍ഗ് ആണ് ഇതുസംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ബിഎംഡബ്ല്യു, ടാറ്റ, ഹോണ്ട, ടൊയോട്ട തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍. ആപ്പിള്‍, ആമസോണിന്റെ അലക്സാ എന്നിവയുടെ മാപ്പുകള്‍ക്കും കമ്പനി പിന്തുണ നല്‍കുന്നു.

🔳കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബര്‍ 30 വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. കോവിഡ് വാക്സിന്‍, ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം.

🔳സംവിധായകന്‍ മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്. 'ഫാന്റം ഹോസ്പിറ്റല്‍' എന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ചൂഷണത്തെപ്പറ്റി പറയുന്ന ത്രില്ലറായിരിക്കും ചിത്രം. തല്‍വാര്‍, റാസി, ബദായി ഹോ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷഹാനിയാണ് നിര്‍മ്മാതാവ്. ആകാശ് മൊഹിമനും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫ് സഹനിര്‍മ്മാതാവാണ്. ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന ചൂഷണങ്ങളെ കുറിച്ച് പഠനം നടത്തിയ ജോസി ജോസഫിന്റെ കണ്ടെത്തലുകള്‍ ചിത്രത്തിന് ആധാരമാകും.

🔳അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് തേര് നിര്‍മ്മിക്കുന്നത്. ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.

🔳രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കാളായ മാരുതി സുസുക്കി വീണ്ടും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ വാഹന വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണു സൂചന. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കമ്പനി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എന്‍ട്രി മോഡലായ ഓള്‍ട്ടോ മുതല്‍ എസ്.യു.വി. മോഡലായ വിറ്റാര ബ്രെസ വരെയുള്ളവയുടെ വിലയില്‍ വര്‍ധനയുണ്ടാകും. കാര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കുന്നതെന്നു കമ്പനി വ്യക്തമാക്കി.

🔳മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഉള്‍ക്കഥ' എന്ന പംക്തിയില്‍ വന്ന മൗലികതയുള്ള മലയാള കഥാപഠനങ്ങളുടെ സമാഹാരം. ഇ.പി രാജഗോപാലിന്റെ ഏറ്റവും പുതിയ പുസ്തകം. വില  312 രൂപ.

🔳മനസും ശരീരവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിര്‍ത്താന്‍ ജീവിതത്തിന് ചിട്ടയായ ഹെല്‍ത്തി ഡയറ്റും വ്യായാമവുമൊക്കെ വേണം. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാന കാര്യം. ഭക്ഷണം മൂന്നോ നാലോ തവണയായി തന്നെ കഴിക്കണം.  പ്രഭാത ഭക്ഷണം മുടക്കരുത്. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതില്‍ കൂടാനും സാധ്യതയുണ്ട്.  വെള്ളം ധാരാളം കുടിക്കുക. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിര്‍ജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് കാര്‍ബോഹൈട്രേറ്റ് വലിയ തോതില്‍ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.  മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തെ മോശമായി ബാധിക്കും.  പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക. ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും നട്സും പഴങ്ങളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  ദിവസവും വ്യായാമം ചെയ്യണം. യോഗയും നല്ലതാണ്. ഇവയൊക്കെ  സ്ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നല്‍കാന്‍ സഹായിക്കും. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. ശരിയായി ഉറക്കം ലഭിക്കാതിരുന്നാല്‍ അത് മനസ്സിനെയും ശരീരത്തെയും ബാധിക്കാം. അതിനാല്‍ രാത്രി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.09, പൗണ്ട് - 100.74, യൂറോ - 86.46, സ്വിസ് ഫ്രാങ്ക് - 79.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.59, ബഹറിന്‍ ദിനാര്‍ - 193.88, കുവൈത്ത് ദിനാര്‍ -242.98, ഒമാനി റിയാല്‍ - 189.83, സൗദി റിയാല്‍ - 19.49, യു.എ.ഇ ദിര്‍ഹം - 19.90, ഖത്തര്‍ റിയാല്‍ - 20.07, കനേഡിയന്‍ ഡോളര്‍ - 58.07.
➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only