👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; സിവിൽ പൊലീസ് ഓഫിസർ രജിതയെ സ്ഥലം മാറ്റി
(VISION NEWS 29 ഓഗസ്റ്റ് 2021)
മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവിൽ പൊലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പൊലീസിൽ നിന്ന് സ്ഥലം മാറ്റിയത്. റൂറൽ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ചന്വേഷിച്ച ആറ്റിങ്ങൾ ഡിവൈ എസ്പി റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശുപാർശയെന്നാണ് സൂചന.

ഐ.എസ്.ആർ.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാൽ വെള്ളിയാഴ്ച ആറ്റിങ്ങൽ ടൗണിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പൊലീസ് എത്തിയത്. പൊലീസ് വാഹനത്തിന്റെ ചില്ല് ഉയർത്തിവെച്ചാണ് പൊലീസുകാർ ഡ്യൂട്ടിക്ക് പോയത്. രജിത ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പൊലീസ് വാഹനത്തിൽ ചാരിനിൽപ്പുണ്ടായിരുന്നു. തുടർന്നാണ് ഇരുവരും മൊബൈൽ എടുത്തെന്നരീതിയിൽ രജിത പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. സംഭവം മൊബൈലിൽ പകർത്തിയ ആൾ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only