👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 04 ഓഗസ്റ്റ് 2021)




🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു.

🔳രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ ഇന്നലെ മാത്രം 23,676 കോവിഡ് രോഗികള്‍. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 55.69 ശതമാനം രോഗികളും കേരളത്തിലാണ്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടി 18,834 രോഗികള്‍ മാത്രമാണുള്ളത്. രോഗവ്യാപന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ആര്‍ടി-പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഹോം ഐസൊലേഷന്‍ കൂടുതല്‍ ഗൗരവമായി കാണണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

🔳ഡിസംബറോടെ കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 12 കോടി ഡോസായും കൊവാക്‌സിന്റേത് 5.8 കോടി ഡോസായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നലെ ഇക്കാര്യം രാജ്യസഭയില്‍ പറഞ്ഞത്.

🔳സ്ഫുട്നിക് - കോവിഷീല്‍ഡ് വാക്സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തി നല്‍കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ ഇടകലര്‍ത്തി നല്‍കുന്നത് സുരക്ഷിതം എന്ന് മാത്രമല്ല ശക്തമായ പ്രതിരോധ ശേഷി ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ വാക്സിന്‍ നല്‍കുന്നതിലൂടെ രാജ്യത്തെ വാക്സിന്‍ ക്ഷാമത്തെ നേരിടാനും സാധിക്കും. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳സമാന്തര എക്സ്‌ചേഞ്ചിനായി ഉപയോഗിക്കുന്നെന്ന് കണ്ടതിനെത്തുടര്‍ന്ന് ആറു മാസത്തിനിടെ കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ബ്ലോക്ക് ചെയ്തത് അയ്യായിരത്തോളം സിം കാര്‍ഡുകള്‍. മറ്റു ടെലികോം കമ്പനികളും കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും എണ്ണം ലഭ്യമായിട്ടില്ല. ഒഡീഷ, പശ്ചിമബംഗാള്‍, അസം എന്നിവടങ്ങളില്‍നിന്നാണ് സിം കാര്‍ഡുകള്‍ കൂട്ടത്തോടെ കൈവശപ്പെടുത്തിയിരിക്കുന്നത്.

🔳സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനുപകരം ഓരോ മേഖലകള്‍ തിരിച്ചായിരിക്കും നിയന്ത്രണം. രോഗവ്യാപനം ഏറിയ മേഖലകളില്‍ ഒഴികെ കടകള്‍ തുറക്കുന്നതിന് കൂടുതല്‍ ഇളവുകളും നല്‍കിയേക്കും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

🔳കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി.ശശി തരൂര്‍. ഓണത്തിന് മുമ്പ് ഒരു കോടി പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳പാര്‍ലമെന്റിലും കേരള നിയമസഭയിലും കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജനപ്രതിനിധികളുടെ'ഉത്തരവാദിത്തം' ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മിപ്പിക്കുന്നത് നന്നാവുമെന്നും മുരളീധരന്‍ പറഞ്ഞു.

🔳നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ വാക്‌പോര്. കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ജലീലിന്റെ ആരോപണമാണ് വാക്‌പോരിന് വഴിവെച്ചത്. സഭയില്‍ വായില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി മുന്‍മന്ത്രിക്ക് മറുപടിയും നല്‍കി.

🔳നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യു.ഡി.എഫ് നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10- നായിരിക്കും ധര്‍ണ നടത്തുക..

🔳പി.എസ്.സി.യുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഎസ്സിയുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

🔳റാങ്ക്പട്ടികകള്‍ക്ക് അധിക കാലാവധി അനുവദിച്ച ഫെബ്രുവരി അഞ്ചിനുശേഷം പി.എസ്.സി അയച്ചത് ആറായിരത്തോളം നിയമന ശുപാര്‍ശകള്‍. വിരമിക്കല്‍ കൂടിയിട്ടും 20,000-ത്തോളം പുതിയ തസ്തികകള്‍ അനുവദിച്ചിട്ടും പി.എസ്.സി. വഴിയുള്ള നിയമനങ്ങളില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. സ്ഥാനക്കയറ്റം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും ആശ്രിത നിയമനത്തിന് ഒഴിവുകള്‍ മാറ്റിവെച്ചതും നിയമനം കുറയാനുള്ള കാരണങ്ങളായി ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

🔳ബിജെപിയെ കോര്‍പ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസന്‍. പൊതുവിഭവങ്ങള്‍ സ്വകാര്യവത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമല്‍ഹാസന്‍ ആരോപിച്ചു. കൊങ്കുനാട് സംസ്ഥാന രൂപവത്കരണ ആവശ്യം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ഏറ്റവും ദരിദ്രര്‍ക്ക് പോലും അന്തസ്സോടെ ജീവിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു നഗരമാക്കി ഡല്‍ഹിയെ മാറ്റുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 2047-ഓടെ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന രീതിയില്‍ രാജ്യതലസ്ഥാനത്തെ മാറ്റുമെന്ന് കെജ്രിവാള്‍ പറഞ്ഞു. 'ഡല്‍ഹി@2047' പദ്ധതി ഓണ്‍ലൈനില്‍ അവതരിപ്പിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് മുതല്‍ ജലസ്രോതസ്സുകളുടെ പുനരുജ്ജീവിപ്പിക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടും.
ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലും വികസനങ്ങളെത്തിക്കുന്നതിന്റെ രൂപരേഖയാണ് 'ഡല്‍ഹി@2047' പുറത്തിറക്കിയത്.

🔳അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ മധ്യപ്രദേശിലെ ആയിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവപുരി ജില്ലയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വരുത്തിയത്. ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

🔳സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ കര്‍ഗോണില്‍ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവര്‍ത്തക. മേധാ പട്കര്‍ അടക്കം 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു.

🔳ലോക് ജനശക്തി പാര്‍ട്ടിയില്‍ എന്ത് സംഭവിച്ചാലും ചിരാഗ് പസ്വാന്‍ പാര്‍ട്ടിയുടെ നേതാവായി തുടരുമെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ചിരാഗും പശുപതി കുമാര്‍ പരാസും തമ്മില്‍ പാര്‍ട്ടി നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ലാലുവിന്റെ അഭിപ്രായ പ്രകടനം. സംസ്ഥാനത്ത് തേജസ്വിയും ചിരാഗും സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔳അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാഗ്ദാനങ്ങളുമായി ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബില്‍ സിങ് ബാദല്‍. എസ്എഡി-ബിഎസ്പി സഖ്യത്തെ അധികാരത്തിലെത്തിച്ചാല്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായി 400 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ പ്രധാനം. കാര്‍ഷികാവശ്യത്തിനും ട്രാക്ടറുകള്‍ക്കും ഉപയോഗിക്കുന്ന ഡീസലിന് ലിറ്ററിന് 10 രൂപ ഡിസ്‌കൗണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തര്‍പ്രദേശ്. ഒപ്പം ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയ മധ്യപ്രദേശിന്റെ റെക്കോര്‍ഡും മറികടന്നു. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി ഇന്നലെ 25 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.

🔳പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നല്‍കി്. രണ്ട് ഡോസ വാക്‌സിനെടുത്ത താമസവിസയുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല.

🔳സാമ്പത്തിക പ്രതിസന്ധിമൂലം പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം. ഭാരിച്ച ചെലവുകള്‍ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികള്‍ക്ക് നല്‍കുന്നതിനുമായി പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ താമസിക്കില്ലെന്നും ഗവര്‍ണര്‍മാരും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയുമെന്നും പാക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

🔳ഇന്ത്യയുമായുള്ള 8.2 കോടി ഡോളറിന്റെ ഹാര്‍പ്പൂണ്‍ മിസൈല്‍ കരാറിന് യു.എസ് അനുമതി നല്‍കി. ഹാര്‍പ്പൂണ്‍ ജോയിന്റ് കോമണ്‍ ടെസ്റ്റ് സെറ്റും അനുബന്ധ ഉപകരണവും ഇന്ത്യയ്ക്കു വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. കരാറിലൂടെ ഇന്ത്യയുമായള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും യു.എസിന്റെ പ്രധാന പ്രതിരോധ പങ്കാളിയുമായി ചേര്‍ന്ന് ഇന്തോ- പെസഫിക് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും യു.എസ്. പറഞ്ഞു.

🔳സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തെ പ്രത്യേക അതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി എല്ലാവരേയും വ്യക്തിപരമായി കാണുമെന്നും സംസാരിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കോട്ടയിലെ പരിപാടിക്ക് പുറമേ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്കും ക്ഷണിക്കും.

🔳ഇന്ത്യന്‍ താരം തേജീന്ദര്‍പാല്‍ സിങ്ങ് ഷോട്ട് പുട്ട് ഫൈനല്‍ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ട് എയില്‍ മത്സരിച്ച ഇന്ത്യന്‍ താരത്തിന് ലഭിച്ചത് 13-ാം സ്ഥാനം മാത്രം. ആകെ 16 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്.

🔳ഒളിമ്പിക്‌സില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. ടോക്യോ ഒളിമ്പിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി. 2016 റിയോ ഒളിമ്പിക്‌സിലും രണ്ടിനങ്ങളിലും ജമൈക്കന്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ട്രാക്ക് ആന്റ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിതയായും തോംസണ്‍ മാറി.

🔳തിരിച്ചുവരവില്‍ വെങ്കല മെഡലുമായി അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. ബാലന്‍സ് ബീമിലാണ് ബൈല്‍സ് മൂന്നാമതെത്തിയത്. നേരത്തെ വിഷാദ രോഗത്തെ തുടര്‍ന്ന് ഒളിമ്പിക്‌സിലെ അഞ്ചു ഫൈനലുകളില്‍ നിന്ന് താരം പിന്മാറിയിരുന്നു. ഒടുവില്‍ അവസാന ഇനമായ ബാലന്‍സ് ബീമില്‍ മത്സരിക്കാന്‍ താരം തയ്യാറാകുകയായിരുന്നു. തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരമണമായതില്‍ സന്തോഷമുണ്ടെന്നും വികാരങ്ങളുള്ള മനുഷ്യരാണ് ഞങ്ങളെന്നും മത്സരശേഷം ബൈല്‍സ് പ്രതികരിച്ചു.

🔳തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണത്തിനടുത്തെത്തി ബ്രസീല്‍. മെക്‌സിക്കോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്പിക്‌സ് പുരുഷ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. ജപ്പാന്‍-സ്‌പെയിന്‍ രണ്ടാം സെമിയിലെ ജേതാക്കളാവും കലാശപ്പോരില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ ബ്രസീലിന്റെ എതിരാളികള്‍.

🔳കേരളത്തില്‍ ഇന്നലെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 42,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,546 പേര്‍ രോഗമുക്തി നേടി. മരണം 561. ഇതോടെ ആകെ മരണം 4,25,789 ആയി. ഇതുവരെ 3,17,67,965 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.04 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,005 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,908 പേര്‍ക്കും കര്‍ണാടകയില്‍ 1,674 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,546 പേര്‍ക്കും ആസാമില്‍ 1,182 പേര്‍ക്കും ഒറീസയില്‍ 1,129 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 20 കോടി കടന്നു. ഇന്നലെ 5,82,592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 89,088 പേര്‍ക്കും ബ്രസീലില്‍ 32,316 പേര്‍ക്കും റഷ്യയില്‍ 22,010 പേര്‍ക്കും ഇംഗ്ലണ്ടില്‍ 21,691 പേര്‍ക്കും തുര്‍ക്കിയില്‍ 24,832 പേര്‍ക്കും ഇറാനില്‍ 39,019 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 33,900 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.01 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.54 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,278 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 468 പേരും ബ്രസീലില്‍ 1073 പേരും റഷ്യയില്‍ 788 പേരും കൊളംബിയയില്‍ 268 പേരും കൊളംബിയയില്‍ 402 പേരും ഇറാനില്‍ 378 പേരും ഇന്‍ഡോനേഷ്യയില്‍ 1,598 പേരും സൗത്ത് ആഫ്രിക്കയില്‍ 555 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.57 ലക്ഷം.

🔳2021 ജൂലൈയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ 45.9 ശതമാനം വളര്‍ച്ച കൈവരിച്ചു. ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിവയിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 2021 ല്‍ മൊത്തം 60,249 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. ആഭ്യന്തര വിപണിയില്‍, 2021 ജൂലൈയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന 25.8 ശതമാനം ഉയര്‍ന്ന് 48,042 യൂണിറ്റുകളായി. കമ്പനിയുടെ കയറ്റുമതി 2020 ജൂലൈയിലെ 3,100 യൂണിറ്റുകളില്‍ നിന്ന് 293.8 ശതമാനം ഉയര്‍ന്ന് 12,207 യൂണിറ്റുകളായി ഉയര്‍ന്നു.

🔳സൊമാറ്റോ പ്രോ പ്ലസ് എന്ന പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുമായി സൊമാറ്റോ എത്തുന്നു. ഉപഭോക്താക്കള്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ പരിധിയില്ലാതെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. സൊമാറ്റോ പ്രോ പ്ലസ് അംഗങ്ങള്‍ക്കായി കമ്പനി സര്‍ജ് ഫീസോ, ഡെലിവറി ഫീസോ ഈടാക്കില്ല, മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സൊമാറ്റോ പ്രോയ്ക്ക് കീഴില്‍, ഹോം ഡെലിവറി ഓര്‍ഡറുകള്‍ക്ക് അധിക കിഴിവുകള്‍ വാഗ്ദാനം ചെയ്യും. സൊമാറ്റോ പ്രോയുടെ 3 മാസത്തെ അംഗത്വത്തിന് 200 രൂപയാണ് ചാര്‍ജ്. വാര്‍ഷിക അംഗത്വത്തിന് 750 രൂപ ഈടാക്കും.

🔳ഷംന കാസിം നായികയാകുന്ന സുന്ദരി എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. തെലുങ്കിലാണ് സുന്ദരി എന്ന സിനിമ റിലീസ് എത്തുന്നത്. കല്യാണ്‍ജി ഗൊഗാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇത്. ഓഗസ്റ്റ് 13ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അര്‍ജുന്‍ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്.

🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പുഷ്പ. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് ടീസര്‍ തകര്‍ത്തത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനം എത്തുന്നു. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുല്‍ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.

🔳പുതിയ ജാഗ്വാര്‍ എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്കിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. 331 കിലോവാട്ട് കരുത്തും 580എന്‍എം ടോര്‍ക്കും നല്‍കുന്ന 5.0 ഐ സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്‍ജിനിലാണ് ജാഗ്വാര്‍ ആര്‍-ഡൈനാമിക് ബ്ലാക്ക് ലഭ്യമാകുക. സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫിരെന്‍സ് റെഡ് എന്നീ മൂന്ന് മെറ്റാലിക് നിറങ്ങള്‍ ഇവയോടു കൃത്യമായി യോജിക്കുന്ന ചോയ്‌സ് കൂടിയാകുന്നു.

🔳സ്ത്രീ പ്രകൃതിയുടെ കൂടുവിട്ട് സമഗ്രവും സധൈര്യവുമായ ജീവിതാഖ്യാനങ്ങളുടെ നക്ഷത്രലോകങ്ങള്‍ സൃഷ്ടിക്കുന്ന എട്ടുകഥകളുടെ സമാഹാരം. 'പൂക്കാതിരിക്കാന്‍ എനിക്കാവതില്ല'. പ്രിയ എ എസ്. എന്‍ബിഎസ്. വില 117 രൂപ.

🔳കോവിഡ് അനന്തരം സംഭവിക്കാവുന്ന രോഗസങ്കീര്‍ണതകള്‍ തീവ്രമാകാനുള്ള സാധ്യത അമിതമായ രക്തസമ്മര്‍ദം ഉള്ളവരില്‍ അധികമാണെന്ന് പഠനം. ക്രമം തെറ്റിയ ഹൃദയതാളം, വിളര്‍ച്ച, ശ്വാസകോശത്തിലെ വായു അറകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം തുടങ്ങി കോവിഡ് രോഗികളില്‍ വരാവുന്ന 10 സങ്കീര്‍ണതകള്‍ അമിത രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട് കിടക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം രക്താതിമര്‍ദം അടക്കം നിരവധി രോഗങ്ങളിലേക്ക് നയിക്കാം. അതിനാല്‍ ഉയരത്തിന് ആനുപാതികമായ ഭാരം നിലനിര്‍ത്തി പോകാന്‍ ശ്രദ്ധിക്കേണ്ടതാണ്. അമിതമായ മദ്യപാനം രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നതിനാല്‍ ഇതും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിക്കണം. അമിതമായ സമ്മര്‍ദം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമ്മര്‍ദം കുറച്ച് രക്തസമ്മര്‍ദം ഉയരാതെ കാക്കാം. രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താനും വ്യായാമം സഹായിക്കും. ആഴ്ചയില്‍ അഞ്ച് ദിവസവും പ്രതിദിനം അരമണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കണം. നിങ്ങള്‍ എന്ത് കഴിക്കുന്നോ അത് തന്നെയാണ് ശരീരം നിങ്ങള്‍ക്ക് തിരികെ നല്‍കുന്നത്. പോഷകസമ്പുഷ്ടമായ നല്ല ആഹാര ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാനാകും. പ്രതിദിനം 5 ഗ്രാമിലധികം ഉപ്പ് കഴിക്കരുത്. പോട്ടാസ്യം ഉള്‍പ്പെടുന്ന ആഹാരസാധനങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്താം. പച്ചിലകള്‍, പഴങ്ങള്‍, പ്രോബയോട്ടിക്‌സ് തുടങ്ങിയവും രക്തസമ്മര്‍ദം ഉയരാതെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അധ്യാപകപരിശീലനത്തിനിടെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോയ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു ഓരോ ടിടിസി വിദ്യാര്‍ത്ഥികളും. പരിശീലകന്‍ അവരോട് ചോദിച്ചു: നിങ്ങളുടെ അനുഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എന്താണ്? ഇഷ്ടമുള്ളവയുടെ പട്ടികയില്‍ കളികളും അവധികളുമെല്ലാം വന്നു. ഇഷ്ടമില്ലാത്തവയുടെ പട്ടികയില്‍ പരീക്ഷയും ഹോംവര്‍ക്കും വന്നു. എന്നാല്‍ അവസാനത്തെ ആളിന്റെ മറുപടി ഇപ്രകാരമായിരുന്നു. കുട്ടികള്‍ക്ക് ഏറ്റവുമിഷ്ടം അധ്യാപകരുടെ അഭിന്ദനവാക്കുകളും അനിഷ്ടം അവരുടെ ശകാരവാക്കുകളുമാണ്. പരിശീലകന്‍ ആ മറുപടിയില്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു. സംസാരിക്കാന്‍ എല്ലാവരും എളുപ്പത്തില്‍ പഠിക്കും. പക്ഷേ, എന്ത്? എങ്ങിനെ? എപ്പോള്‍ സംസാരിക്കണമെന്ന് പഠിക്കാന്‍ ചിലപ്പോള്‍ ഈ ആയുസ്സ് മതിയാകില്ല. പ്രകോപനം സൃഷ്ടിക്കുന്ന വാക്കുകളും പ്രചോദനം സൃഷ്ടിക്കുന്ന വാക്കുകളുമുണ്ട്. സംസാരിക്കാന്‍ അറിയുമോ എന്നതല്ല, ആര്‍ദ്രതയോടെയും ആനന്ദപൂര്‍ണ്ണമായും സംസാരിക്കാന്‍ അറിയുക എന്നതാണ് പ്രധാനം. തലച്ചോര്‍ കൊണ്ട് സംസാരിക്കുന്നവരും ഹൃദയം കൊണ്ട് സംസാരിക്കുന്നവരുമുണ്ട്. തലച്ചോറിന് ന്യായവും യുക്തിയും ശരിയും തെറ്റും മതി സംഭാഷണത്തിന്. എന്നാല്‍ ഹൃദയത്തിന് ഭാവവും ഉദ്ദേശവും ഫലവും പ്രസക്തമാകേണ്ടതുണ്ട്. ഉപയോഗിക്കുന്ന വാക്കുകള്‍ ആരെയും സ്പര്‍ശിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രേരണയും നല്‍കുന്നില്ലെങ്കില്‍ നിശബ്ദതായാണ് ഉത്തമം. നാവ് കൊണ്ടുമാത്രമല്ല, കണ്ണുകൊണ്ടും കാതുകൊണ്ടുമെല്ലാം നമുക്ക് സംസാരിക്കാനാകും. എല്ലാ വാക്കുകളും നമുക്ക് അളന്ന് മുറിച്ച് സംസാരിക്കാനാവില്ല. എങ്കിലും ആരേയും മുറിപ്പെടുത്താതെയും അപകീര്‍ത്തിപ്പെടുത്താതെയും സംസാരിക്കാന്‍ നമുക്ക് കഴിയും. അതിന് ഹൃദയം കൊണ്ട് കേള്‍ക്കുകയും കാണുകയും ചെയ്താല്‍ മാത്രം മതി. എന്തെന്നാല്‍ അകത്തുള്ളതാണ് വാക്കുകളായി നമ്മുടെ പുറത്തേക്ക് വരുന്നത് - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only