👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

സസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും
(VISION NEWS 04 ഓഗസ്റ്റ് 2021)

സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഞായറാഴ്ച മാത്രമേ ഇനി മുതൽ ലോക്ക്ഡൗൺ ഉണ്ടാവൂ. ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. കടകളുടെ പ്രവർത്തനസമയം വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ടിപിആർ അനുസരിച്ചുള്ള നിബന്ധനകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ച റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും.

സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ നിബന്ധനകൾ അശാസ്ത്രീയമാണെന്നായിരുന്നു വിമർശനം. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അവലോകന യോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ലെന്നും ലോക്ഡൗൺ തുടർന്നിട്ടും വ്യാപനം കുറഞ്ഞില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വേണമോ എന്നതിനെപ്പറ്റി ചർച്ച ചെയ്യുന്നത്.

വാരാന്ത്യ ലോക് ഡൗൺ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താനായിരുന്നു ചീഫ് സെക്രട്ടറി തല ശുപാർശ. മറ്റൊന്ന് ആഴ്ച്ചയിലെ 6 ദിവസവും കടകൾ തുറക്കാം എന്നതാണ്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും ശുപാർശയിൽ പറയുന്നു.

ടിപിആർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പകരം രോഗികളുടെ എണ്ണം നോക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി തിരിച്ച് അടച്ചിടൽ നടപ്പാക്കും. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകൾ നടത്തണമെന്നും ശുപാർശയിൽ പറയുന്നു.

ഓണത്തിന് ഇളവുകൾ അനുവദിക്കുന്നതും സർക്കാർ പരി​ഗണനയിലുണ്ട്. എന്നാൽ രോ​ഗവ്യാപനം കൂടാതെയും കഴിഞ്ഞ തവണ പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ ലംഘിക്കാതെയും ഇളവുകൾ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ടിപിആർ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങൾ മാറ്റി മൈക്രോ കണ്ടയ്ൻമെൻറ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടയൻമെൻറ് സോണായി തിരിച്ച് അടച്ചിടൽ നടപ്പാക്കിയേക്കും. പത്തിൽ കൂടുതൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്ന കേന്ദ്ര നിർദ്ദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only