👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഓഗസ്റ്റ് 2021

ലോക്ക്ഡൗണ്‍ ഇളവുകള്‍; സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സഭയിൽ
(VISION NEWS 04 ഓഗസ്റ്റ് 2021)
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തും. അതേസമയം, കൊവിഡ് മൂലം ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയം.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും തീരുമാനമായി. കടകൾ രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക.

ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തുന്നത്. ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.

അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only