19 ഓഗസ്റ്റ് 2021

കോച്ച് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു
(VISION NEWS 19 ഓഗസ്റ്റ് 2021)


കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാർ അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നൽകി ആദരിച്ച വ്യക്തിയാണ്.

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

1955-ൽ എയർഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാർ സർവീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എയർ ഫോഴ്സിൽ നിന്ന് പട്യാലയിൽ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാർ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ൽ കേരള സ്പോർട്സ് കൗൺസിലിൽ കോച്ചായി ചേർന്നത്. അന്നത്തെ എൻ.ഐ.എസിൽ എത്തിയ ജി.വി.രാജയുടെ ബഹുമാനാർഥം ബാസ്ക്കറ്റ് ബോൾ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെടുന്നത്.

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ 1976 ലാണ് ഒ.എം.നമ്പ്യാർ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങൽ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. 1985 ൽ നമ്പ്യാർക്ക് ദ്രോണാചാര്യ അവാർഡ് ലഭിച്ചപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.


കൗൺസിൽ വിട്ട് 1990 ൽ നമ്പ്യാർ സായ്യിൽ ചേർന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരിൽ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാൻ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിൻ, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തിൽ മറ്റൊരു താരത്തെ കണ്ടെത്താൻ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാൾ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.

ആ പരിശീലകന്റെ നന്മയും സമർപ്പണവും സമാനതകൾ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാർഥ്യം. ജീവിതത്തിലും നമ്പ്യാർ ഉദാരമനസ്കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലർക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നൽകി. അവർക്ക് അദ്ദേഹം പ്രിയപ്പെട്ട നങ്ങ്യാൾ ആണ്. ട്രാക്കിലും പുറത്തും ഒ.എം.നമ്പ്യാർ നന്മയുടെ ആൾരൂപമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only