👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

03 ഓഗസ്റ്റ് 2021

'ഹരിതം,സുന്ദരം,ഓമശ്ശേരി' അജൈവ മാലിന്യങ്ങൾ ശേഖരിച്ച്‌ തുടങ്ങി.
(VISION NEWS 03 ഓഗസ്റ്റ് 2021)


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്‌ സംസ്കരിക്കുന്നതിനായി ആവിഷ്കരിച്ച 'ഹരിതം,സുന്ദരം,ഓമശ്ശേരി'പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ ശേഖരിച്ച്‌ തുടങ്ങി.കൂടത്തായി ഒന്നാം വാർഡിൽ നിന്നാണ്‌ മാലിന്യ ശേഖരണത്തിന്‌ തുടക്കം കുറിച്ചത്‌.തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിൽ നിന്നും ഖരമാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും നടക്കും.

കൂടത്തായിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്ക്‌ വീട്ടുടമ നാസർ തട്ടൂരിൽ നിന്നും ഖരമാലിന്യങ്ങൾ സ്വീകരിച്ച്‌ മാലിന്യ ശേഖരണത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,കെ.കരുണാകരൻ മാസ്റ്റർ,സി.എ.ആയിഷ ടീച്ചർ,സീനത്ത്‌ തട്ടാഞ്ചേരി,ഡി.ഉഷാദേവി ടീച്ചർ,ഗ്രീൻ വേംസ്‌ പ്രൊജക്റ്റ്‌ അസോസിയേറ്റ്‌ കെ.പി.അബ്ദുൽ ബാസിത്ത്‌,വി.കെ.ഇമ്പിച്ചിമോയി,വി.ദേവദാസൻ,പി.പി.കുഞ്ഞമ്മദ്‌,എ.കെ.അസീസ്‌,അഷ്‌റഫ്‌ കൂടത്തായി,ടി.കെ.ജീലാനി,കെ.കെ.മുജീബ്‌ തുടങ്ങിയവർ സംസാരിച്ചു.വാർഡ്‌ മെമ്പർ എം.ഷീജ സ്വാഗതവും ഗ്രീൻ വേംസ്‌ ഡയറക്ടർ സി.കെ.എ.ഷമീർ ബാവ നന്ദിയും പറഞ്ഞു.

കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും പഞ്ചായത്ത്‌ നിയമിച്ച ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.വീടുകളിൽ നിന്ന് മാസം തോറും 50 രൂപയും കടകളിൽ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ചുമാണ്‌ യൂസേഴ്സ്‌ ഫീസ്‌ ഈടാക്കുന്നത്‌.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഉൾപ്പടെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്‌.കുപ്പിച്ചില്ല്,ചെരുപ്പ്‌,ബാഗ്‌ തുടങ്ങിയവയും ശേഖരിച്ച്‌ സംസ്കരിക്കുന്നവയിൽ പെടുന്നു‌.വിവിധ വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ മാലിന്യം കളക്റ്റ്‌ ചെയ്യുന്നത്‌.ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38 വനിതാ ഹരിത കർമ്മ സേനാംഗങ്ങളാണ്‌ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച്‌ സംസ്കരിക്കാൻ നേതൃത്വം നൽകുന്നത്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only