👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 10 ഓഗസ്റ്റ് 2021)

🔳ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ അവസാന സംഘം ഇന്ത്യയില്‍ തിരിച്ചെത്തി. താരങ്ങളെ സ്വീകരിക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരെത്തി. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്‌റംഗ് പുനിയയും ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിനയും സംഘത്തിലുണ്ടായിരുന്നു.

🔳ആഗോള താപനം അപകടകരമായ നിലയിലേക്കെത്തിയെന്ന് സൂചന നല്‍കി പഠന റിപ്പോര്‍ട്ട്. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണിയുയര്‍ത്തുന്ന വിധത്തിലേക്ക് ഭൂമിയുടെ അന്തരീക്ഷ താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ധിക്കുന്ന അന്തരീക്ഷ താപനില ഇന്ത്യയിലെ മണ്‍സൂണിനെയും ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോള താപനില വര്‍ധനവ് 2100-ഓടുകൂടി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐ.പി.സി.സി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ പ്രവൃത്തികള്‍ ആഗോളകാലാവസ്ഥയെ മുമ്പില്ലാത്തവിധം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിതീവ്രമായ ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടിവരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ വലിയ തോതിലുള്ള കുറവുണ്ടായില്ലെങ്കില്‍ സ്ഥിതി ഇനിയും രൂക്ഷമാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

🔳സമുദ്ര പാതകള്‍ കടല്‍ക്കൊള്ളയ്ക്കും ഭീകരവാദത്തിനും വേണ്ടി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എന്‍ രക്ഷാസമിതിയില്‍ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ നടന്ന 'സമുദ്ര സുരക്ഷ വര്‍ധിപ്പിക്കല്‍ - അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

🔳കേന്ദ്ര സര്‍ക്കാരിന്റെ സബര്‍മതി ആശ്രമ നവീകരണ പദ്ധതിയെ എതിര്‍ത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. അഹമ്മദാബാദിലെ സബര്‍മതി തീരത്തുള്ള ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടലുണ്ടാക്കുന്നുവെന്നും ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

🔳കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്നതിനിടെ മുന്‍പ് പ്രഖ്യാപിച്ച സമ്മാനത്തുകകള്‍ നല്‍കാത്തതിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്കടക്കം സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച സമ്മാനത്തുകകള്‍ നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ ചൂണ്ടിക്കാട്ടി.

🔳രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നതിനെ പിന്‍താങ്ങുന്നതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി. വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കാള്‍ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
നല്‍കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

🔳അഹമ്മദബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ഉടന്‍ ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൈഡസ് കാഡിലയുടെ വാക്‌സിന്‍ സൈകോവ്-ഡി ക്ക് അടുത്ത അഴ്ചയോടെ അനുമതി ലഭിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അംഗീകാരം ലഭിക്കുകയാണെങ്കില്‍, 12-18 പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കാന്‍ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാക്‌സിന്‍ സൈകോവ് ഡി ആയിരിക്കും.

🔳സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

🔳എന്തിനെക്കാളും പ്രധാനം പാര്‍ട്ടിയാണെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. മുസ്ലിം ലീഗിലെ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രതികരണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്നും ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എല്ലാം കലങ്ങിത്തെളിയുമെന്ന് പറഞ്ഞ അദ്ദേഹം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.

🔳കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോവുമെന്ന് കെടി ജലീല്‍. കുഞ്ഞാലിക്കുട്ടി ഒരു ഡെയ്ഞ്ചറസ് മാനിപ്പുലേറ്ററാണെന്നും കെടി ജലീല്‍ പറഞ്ഞു.

🔳മുസ്ലീം ലീഗിലെ വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗ് ചെന്നെത്തിയ ദുരവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നും ചന്ദ്രിക പത്രത്തിന് ഇ.ഡി നോട്ടീസ് അയച്ചതടക്കമുള്ള കാര്യങ്ങള്‍ വസ്തുതകളാണെന്നും സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗിന് തടിതപ്പാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ലീഗിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ടിആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സുനില്‍ കുമാര്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

🔳കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്‍ സമര്‍പ്പിച്ചത്.

🔳നടി ശരണ്യ ശശി (33) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

🔳സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസ്സെന്ന പ്രായപരിധി ബാധകമാക്കുമെന്ന് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും. നിലവില്‍ 80 വയസ്സ് വരെയാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. പദവികളില്‍ ഇരിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്നും യെച്ചൂരി വ്യക്തമാക്കി.

🔳രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണെന്ന് ശിവസേന. രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാന്‍ ചന്ദിന്റെ പേര് നല്‍കുന്നത് വലിയ അംഗീകാരമല്ലെന്നും അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കാന്‍, ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും ശിവസേന മുഖപത്രമായ 'സാമ്ന' അതിന്റെ മുഖപ്രസംഗത്തില്‍ ചോദിച്ചു.

🔳ഡല്‍ഹിയില്‍ ഇന്നലെ 39 പുതിയ കോവിഡ് കേസുകള്‍ മാത്രം. ഒരു കോവിഡ് മരണം മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലുള്ളവര്‍ 498 പേരായി കുറഞ്ഞതായും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണ്.

🔳ബിജെപി സര്‍പഞ്ചിനെയും ഭാര്യയേയും ഭീകരര്‍ വെടിവെച്ചുകൊന്നു. തെക്കന്‍ കശ്മീരിലെ അനന്ദനാഗ് പട്ടണത്തില്‍ വെച്ചാണ് കുല്‍ഗാം ജില്ലയില്‍നിന്നുള്ള സര്‍പ്പഞ്ചും ബിജെപി കിസാന്‍മോര്‍ച്ച പ്രസിഡന്റുമായ ഗുലാം റസൂല്‍ ദറിനും ഭാര്യ ജവ്ഹറാ ബാനുവിനും നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔳ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ നീരവ് മോദിക്ക് യു.കെയിലെ ഹൈക്കോടതിയുടെ അനുമതി. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് അനുമതി. ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥയും തന്റെ വിഷാദരോഗവും തന്നെ ഒരു പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചേക്കാം എന്ന് അപ്പീല്‍ നല്‍കിക്കെണ്ട് നീരവ് മോദി നേരത്തെ വാദിച്ചിരുന്നു.

🔳ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.

🔳ദുബായ് താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ ജിഡിആര്‍എഫ്എയുടെ അനുമതി മതിയാകും. ദുബായ് താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് എമിറേറ്റ്സ് എയര്‍ലൈനും, എയര്‍ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു.

🔳ഒളിമ്പിക്‌സില്‍ പുതിയ കായിക ഇനങ്ങള്‍ ചേര്‍ക്കാനും നിലവിലുള്ളവ ഒഴിവാക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം വന്നു. ഇതോടെ 2024-ല്‍ പാരിസില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ നിന്ന് ഭാരോദ്വഹനം ഒഴിവാക്കാന്‍ സാധ്യതയേറി. അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനിലെ വര്‍ഷങ്ങളായുള്ള അഴിമതിയും ഉത്തേജക വിവാദങ്ങളുമാണ് ഇതിന് കാരണം. ബോക്‌സിങ്ങിലും ഇനങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

🔳കേരളത്തില്‍ ഇന്നലെ 98,640 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263.

🔳രാജ്യത്ത് ഇന്നലെ 27,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41,457 പേര്‍ രോഗമുക്തി നേടി. മരണം 376. ഇതോടെ ആകെ മരണം 4,28,715 ആയി. ഇതുവരെ 3,19,97,107 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.82 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,505 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,929 പേര്‍ക്കും കര്‍ണാടകയില്‍ 1,186 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,050 പേര്‍ക്കും ഒറീസയില്‍ 1,243 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,91,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 82,625 പേര്‍ക്കും ബ്രസീലില്‍ 12,085 പേര്‍ക്കും റഷ്യയില്‍ 22,260 പേര്‍ക്കും ഇംഗ്ലണ്ടില്‍ 25,161 പേര്‍ക്കും തുര്‍ക്കിയില്‍ 22,731 പേര്‍ക്കും ഇറാനില്‍ 40,808 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 20,709 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.40 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.65 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,242 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 269 പേരും ബ്രസീലില്‍ 376 പേരും റഷ്യയില്‍ 769 പേരും ഇറാനില്‍ 588 പേരും അര്‍ജന്റീനയില്‍ 502 പേരും ഇന്‍ഡോനേഷ്യയില്‍ 1,475 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.14 ലക്ഷം.

🔳സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ നിര്‍ദേശം. ബാങ്കിങ് സേവനം തുടര്‍ന്നും തടസമില്ലാതെ ലഭിക്കുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി. പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉപയോഗശൂന്യമാകും. ഇതോടെ ഇടപാടുകള്‍ നടത്തുന്നതില്‍ തടസം നേരിടാമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്.

🔳സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഏറ്റവും പുതിയ സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. പുതിയ സബ്സ്‌ക്രിപ്ഷനില്‍ ഓഗസ്റ്റ് 13 വരെ ബോണ്ടുകള്‍ വാങ്ങാം. ഗ്രാമിന് 4790 രൂപയാണ് ഇത്തവണ ബോണ്ടിന്റെ വില. ഒരു ഗ്രാം മുതല്‍ എത്ര അളവിലും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോണ്ടുകള്‍ വാങ്ങാം. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും നിന്ന് ഇന്ന് മുതല്‍ ബോണ്ടുകള്‍ വാങ്ങാം. ഈ അഞ്ചാമത്തെ സിരീസിലും ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് 50 രൂപ വീതം വിലക്കുറവും ആര്‍ബിഐ ഉറപ്പുനല്‍കുന്നു.

🔳ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം 'കെഞ്ചിര' ഈ മാസം 17ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആക്ഷന്‍ ഒ.ടി.ടി യുടെ പ്രഥമ ചിത്രമായാണ് 'കെഞ്ചിര' റിലീസ് ചെയ്യുന്നത്. വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമാണ് കെഞ്ചിര. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുമാണ് 'കെഞ്ചിര'യുടെ ഇതിവൃത്തം.

🔳സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'മസ്താന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നിത്യജീവിതത്തില്‍ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും, നഷ്ടപ്പെടുത്തുന്നത് വരും തലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന മസ്താന്‍ ചാലക്കുടിയുടെ പശ്ചാത്തലത്തില്‍ ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടു വെയ്ക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിന്‍ ആണ്.

🔳ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പത്തു വര്‍ഷം തികഞ്ഞു. ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റെനോ കിഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്, ഒപ്പം നിലവിലുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി കിഗറിന്റെ ആര്‍എക്സ്ടി(ഒ) എന്ന പുതിയ വേരിന്റാണ് റെനോ അവതരിപ്പിച്ചത്.

🔳റഫീഖ് തറയിലിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് 'പെയ്ന്റ് ബാള്‍'. പുതിയ പ്രവാസി എഴുത്തിന്റെ ബഹുസ്വരമായ ഉര്‍ജ്ജ്വം ഇതിലെ കഥകളെ പ്രശോഭിക്കുന്നു. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 139 രൂപ.

🔳ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം. അന്നജം കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. പാവയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റിന്റെ അഴവ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. പയറുവര്‍ഗങ്ങള്‍ മിക്ക രോഗങ്ങള്‍ക്കും ആരോഗ്യകരമായ ഭക്ഷണപ്രതിവിധിയാണ്. മുതിര, ചെറുപയര്‍, സോയാബീന്‍ തുടങ്ങിയവയില്‍ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആണ് ഈ പട്ടികയിലെ നാലാമന്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും. പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനല്‍ മത്സരം.ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലില്‍ മത്സരിക്കുന്നത്. രണ്ടു പേരും 2.37 മീറ്റര്‍ ചാടി തുല്യതയില്‍ നില്‍ക്കുന്നു..ഒളിമ്പിക്സ് ഒഫീഷ്യല്‍സ് മൂന്നു വീതം അറ്റമ്പ്റ്റുകള്‍ കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞില്ല പിന്നീട് ഓരോ അറ്റമ്പ്റ്റു കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും കാലിനു സാരമയ പരിക്കു പറ്റിയ തമ്പേരി അവസാന അറ്റമ്പ്റ്റില്‍ നിന്നും പിന്‍ വാങ്ങുന്നു..ബാര്‍ഷിമിനു മുന്നില്‍ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..ഈസിയായി തനിക്കു മാത്രമായി സ്വര്‍ണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂര്‍ത്തം..എന്നാല്‍ ബാര്‍ഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിച്ചു: 'ഞാനും അവസാന അറ്റെംറ്റില്‍ നിന്നും പിന്മാറിയാല്‍ സ്വര്‍ണ്ണം ഞങ്ങള്‍ രണ്ടു പേര്‍ക്കുമായി പങ്കുവെക്കപ്പെടാനാകുമോ ?'ഒഫിഷ്യല്‍ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറഞ്ഞു : ' അതെ അപ്പോള്‍ സ്വര്‍ണ്ണം രണ്ടു പേര്‍ക്കു കൂടെ പങ്കു വെക്കപ്പെടും..' ബാര്‍ഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല. അറ്റമ്പ്റ്റില്‍ നിന്നും പിന്മാറുകയാണെന്ന് അയാള്‍ അറിയിച്ചു...ഇത് കണ്ടു നിന്ന ഇറ്റലിക്കാരന്‍ എതിരാളി തമ്പേരി ഓടി വന്നു ബാര്‍ഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു...ചില നിമിഷങ്ങള്‍ അങ്ങനെയാണ്. അവിടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമോ, വീറും വാശിയും ഒന്നും ഉണ്ടാവില്ല. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷങ്ങള്‍ മാത്രം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only