👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 06 ഓഗസ്റ്റ് 2021)
🔳ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല നേട്ടം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുഭാഗത്ത് നമ്മുടെ യുവാക്കള്‍ രാജ്യത്തിനായി വിജയ ഗോളുകള്‍ നേടി ഏറെ നേട്ടങ്ങള്‍ കൈവരിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സെല്‍ഫ് ഗോളുകളടിക്കുകയാണെന്നും രാജ്യം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കോ നേട്ടങ്ങളിലോ മാറ്റങ്ങളിലോ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച് മോദി പറഞ്ഞു.

🔳രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ഉപകരണമാണ് പെഗാസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദിയും പെഗാസസും ഉണ്ടാകുമെന്നും ജനങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള വഴിയാണ് പെഗാസസെന്നും രാഹുല്‍ ആരോപിച്ചു.


🔳രാജ്യത്തെ ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കഴിഞ്ഞ 19 ദിവസമായി പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത് സഭ ചേരുന്നതിനാലാണോയെന്നാണ് ചിദംബരത്തിന്റെ ആദ്യ ചോദ്യം. പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിനാല്‍ എണ്ണക്കമ്പനി മേധാവികള്‍ക്ക് പരസ്പരം സംസാരിക്കാനാവാത്തതാണോയെന്നാണ് രണ്ടാമത്തെ ചോദ്യം. ഓഗസ്റ്റ് 15 വരെ ഇവരെല്ലാം ക്വാറന്റീനിലായതിനാലാണോ അതോ ഈ മൂന്ന് വസ്തുതയും ഇന്ധന വില വര്‍ധിപ്പിക്കാതിരിക്കാന്‍ കാരണമാണോയെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

🔳കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍. എട്ട് ദിവസത്തിനുള്ളില്‍ ശരാശരി 10 മിനിറ്റിന് താഴെ സമയം എടുത്ത് 22 ബില്ലുകള്‍ മോദി-ഷാ സഖ്യം പാസാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമ നിര്‍മാണം നടത്തുകയാണോ അതോ ഉത്തരേന്ത്യയിലെ ഒരു ജനപ്രിയ വിഭവമായ 'പാപ്ഡി ചാട്ട്' ഉണ്ടാക്കുകകയാണോ എന്നാണ് വളരെ വേഗത്തില്‍ ബില്ലുകള്‍ പാസാക്കുന്നതിനേ പരിഹസിച്ച് അദ്ദേഹം ചോദിച്ചത്.

🔳പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സഭയില്‍ പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാന്‍ മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳ലോകമെമ്പാടും ഇതുവരെ 20 കോടി ആളുകള്‍ കോവിഡ് ബാധിതരായപ്പോള്‍ 'ലോങ് കോവിഡ്' അഥവാ കോവിഡ് മൂലമുള്ള ദീര്‍ഘകാലരോഗാവസ്ഥ മൂലം കഷ്ടത അനുഭവിക്കുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മുക്തരായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നവര്‍ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.

🔳കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന തള്ളി ജര്‍മ്മനിയും ഫ്രാന്‍സും. സെപ്റ്റംബര്‍ മുതല്‍ രണ്ടു രാജ്യത്തും വാക്സിന്‍ ബൂസ്റ്ററുകള്‍ നല്‍കിത്തുടങ്ങും. ഡെല്‍റ്റ വകഭേദങ്ങളെ നേരിടാന്‍ മൂന്നാം ഡോസ് വാക്സിനുകള്‍ നല്‍കുന്നത് ഗുണകരമാകുമെന്ന പഠനങ്ങളെത്തുടര്‍ന്ന് പല രാജ്യങ്ങളും വാക്സിന്‍ ബൂസ്റ്ററുകള്‍ നല്‍കിത്തുടങ്ങുന്നത് വാക്സിന്‍ ലഭ്യതക്കുറവുണ്ടാക്കുമെന്നും അതിനാല്‍ ഇപ്പോള്‍ വാക്‌സിന്‍ ബൂസ്റ്ററുകള്‍ ഇപ്പോള്‍ നല്‍കരുതെന്നും ഡബ്ല്യൂ.എച്ച്.ഒ അഭ്യര്‍ത്ഥിച്ചിരുന്നു.

🔳45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക്, കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്.

🔳കോവാക്‌സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് ഭാരത് ബയോടെക്. ഓരോ ബാച്ചും 200 -ലധികം ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നും കമ്പനി പറഞ്ഞു. ബാംഗ്ലൂര്‍ പ്ലാന്റില്‍ നിന്നുള്ള ചില വാക്‌സിന്‍ ബാച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

🔳രാജ്യത്തിന് നഷ്ടപ്പെട്ട വിലപിടിച്ച പുരാവസ്തുക്കളില്‍ 75 ശതമാനവും കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ കൊണ്ടാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങളാണിതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,61,440 ഡോസ് കോവാക്‌സിനുമാണ് ഇന്നലെ ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,13,01,782 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,50,32,333 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 62,69,449 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

🔳സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം.

🔳മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീന്‍ അലി തുറന്നടിച്ചു. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ മൂലം ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മൊയീന്‍ അലി തങ്ങള്‍ പറഞ്ഞു.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി 'ലുക്കൗട്ട് നോട്ടീസ്' ഇറക്കി നാട്ടുകാര്‍. സാമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രദേശത്തെ നാട്ടുകാരെല്ലാം ചേര്‍ന്ന് ലൂക്കൗട്ട് നോട്ടീസിറക്കിയത്. പ്രതികള്‍ക്കായുള്ള പോലീസിന്റെ ലൂക്കൗട്ട് നോട്ടീസ് വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്.

🔳ഈശോ' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പി.സി.ജോര്‍ജ് പറഞ്ഞു. നാദിര്‍ഷായെയും കൂട്ടരെയും താന്‍ വിടില്ലെന്നും ഇവനെയൊക്കെ നന്നാക്കിയിട്ടേ താന്‍ പോകൂവെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

🔳ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മകന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.

🔳അസം - മിസോറം അതിര്‍ത്തി തര്‍ക്കം സമാധാനപരമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടി അസം മന്ത്രിമാര്‍ മിസോറാമില്‍. അസം മന്ത്രിമാരായ അതുല്‍ ബോറയും അശോക് സിംഗാളുമാണ് അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മിസോറമിന്റെ തലസ്ഥാനമായ ഐസോളിലെത്തിയത്.

🔳പാകിസ്താനില്‍ ഹിന്ദുക്ഷേത്രം ആക്രമിച്ച് തീയിട്ട സംഭവത്തില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങളും പീഡനങ്ങളും പാകിസ്താനില്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

🔳അഫ്ഗാന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന താലിബാന്റെ മുന്നറിയിപ്പ്.

🔳അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി റഷ്യ വിളിച്ചു ചേര്‍ക്കുന്ന നിര്‍ണായക യോഗത്തിന് ഇന്ത്യക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന്‍, ചൈന, യു.എസ്. എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

🔳കാട്ടുതീ പടര്‍ന്നു പിടിച്ചതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ കല്‍ക്കരി വൈദ്യുത നിലയവും നഗരവും ഒഴിപ്പിച്ചു. നിലയത്തിലേക്ക് കാട്ടുതീ
പടര്‍ന്നതിനു പിന്നാലെയാണ് നടപടി. ഏജിയന്‍ കടലിന് സമീപനഗരമാണ് ഒഴിപ്പിച്ചത്.

🔳ശതകോടീശ്വരപട്ടികയില്‍ ഇടം നേടി പോപ്പ് ഗായിക റിഹാന. ഇതോടെ ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടവും റിഹാനയ്ക്ക് സ്വന്തം. ഫോബ്‌സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി. എന്നാല്‍ സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത്.

🔳ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ മഴ വില്ലനാകുന്നു. ഇടയ്ക്കിടെ മഴ തടസ്സപ്പെടുത്തിയ രണ്ടാം ദിനം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയുമായി കെഎല്‍ രാഹുലും ഏഴു റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 58 റണ്‍സ് കൂടി വേണം. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്..

🔳ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് ഫൈനലില്‍ തോല്‍വി. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോടാണ് രവികുമാര്‍ പൊരുതിത്തോറ്റത്. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്. ഗുസ്തിയില്‍ ടോക്യോ ഒളിംപിക്‌സില്‍ നിന്ന് ലഭിക്കുന്ന ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലും. നേരത്തെ സുശീല്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പികസ്് ഗുസ്തി ചരിത്രത്തില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്.

🔳ചരിത്രവിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിനെത്തേടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോള്‍. രാജ്യം മുഴുവന്‍ വിജയത്തിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുകയാണെന്നും എന്റെ ഹൃദയം നിറയുന്നുവെന്നും എന്റെ ആശംസകള്‍ എല്ലാവരോടും പങ്കുവെയ്ക്കൂവെന്നും ഓഗസ്റ്റ് 15 ന് ഏവരെയും കാണാമെന്നും മോദി പറഞ്ഞു.

🔳ഒളിംപിക്സ് ഹോക്കിയിലെ വിജയം ഇന്ത്യയിലെ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. 41 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ഒളിമ്പിക് ഹോക്കി മെഡല്‍ എത്തിയതോടെ രാജ്യം മുഴുവന്‍ ആഘോഷതിമര്‍പ്പിലാണ്. ഈ നേട്ടത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ഹോക്കി ടീം നായകനായ മന്‍പ്രീത് മത്സരശേഷം സംസാരിക്കുമ്പോള്‍ വികാരാധീനനായി.

🔳20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി.ഇര്‍ഫാന് കാലിടറി. 52 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 51-ാമതായി മാത്രമാണ് താരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മറ്റ് താരങ്ങളായ സന്ദീപ് കുമാര്‍ 23-ാമതും രാഹുല്‍ 47-ാം സ്ഥാനത്തും മത്സരം പൂര്‍ത്തീകരിച്ചു.

🔳ഒളിമ്പിക് ഗുസ്തിയില്‍ 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് തോല്‍വി. സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി മെഡല്‍ നേടിയത്.

🔳ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ കീഴടക്കി ബെല്‍ജിയം സ്വര്‍ണം നേടി. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ബെല്‍ജിയം വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

🔳എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്‌സലോണ വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,63,376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534.

🔳രാജ്യത്ത് ഇന്നലെ 45,001 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 40,655 പേര്‍ രോഗമുക്തി നേടി. മരണം 465. ഇതോടെ ആകെ മരണം 4,26,785 ആയി. ഇതുവരെ 3,18,55,783 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.26 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,997 പേര്‍ക്കും കര്‍ണാടകയില്‍ 1,785 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,145 പേര്‍ക്കും ആസാമില്‍ 1,067 പേര്‍ക്കും ഒറീസയില്‍ 1,342 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ ഇന്നലെ 6,87,837 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,16,320 പേര്‍ക്കും ബ്രസീലില്‍ 40,054 പേര്‍ക്കും റഷ്യയില്‍ 22,589 പേര്‍ക്കും ഫ്രാന്‍സില്‍ 26,460 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,125 പേര്‍ക്കും സ്പെയിനില്‍ 21,387 പേര്‍ക്കും തുര്‍ക്കിയില്‍ 24,387 പേര്‍ക്കും ഇറാനില്‍ 38,674 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 35,764 പേര്‍ക്കുംമെക്സിക്കോയില്‍ 20,685 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.16 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.59 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,163 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 555 പേരും ബ്രസീലില്‍ 1086 പേരും റഷ്യയില്‍ 794 പേരും ഇറാനില്‍ 434 പേരും ഇന്‍ഡോനേഷ്യയില്‍ 1,739 പേരും സൗത്ത് ആഫ്രിക്കയില്‍ 458 പേരും മെക്സിക്കോയില്‍ 611 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.68 ലക്ഷം.

🔳അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേടിയ മൊത്തലാഭം 219 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഉണ്ടാക്കിയ മൊത്ത ലാഭം 22 കോടി രൂപയായിരുന്നു. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാഭം പത്ത് മടങ്ങോളം വര്‍ദ്ധിച്ചു. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനത്തിലും കുതിപ്പുണ്ടായിട്ടുണ്ട്. 1,079 കോടി രൂപയാണ് മൊത്തവരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 878 കോടി രൂപയായിരുന്നു. വരുമാനത്തിലെ വര്‍ദ്ധന 20 ശതമാനത്തിന് മുകളില്‍ ആണ്.

🔳രാകേഷ് ജൂന്‍ജുന്‍വാല പുതുതായി നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്നത് രാഘവ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ് ലിമിറ്റഡില്‍. ഏകദേശം 31 കോടി രൂപയോളമാണ് രാകേഷ് ജുന്‍ജുന്‍വാല ഈ കമ്പനിയില്‍ നിക്ഷേപിക്കുവാനൊരുങ്ങുന്നത്. രാകേഷ് ജുന്‍ജുന്‍വാലയ്ക്കായി 30.9 കോടി മൂല്യമുള്ള 6,00,000 അണ്‍സെക്യുവേര്‍ഡ് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുമെന്ന് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സ് ലിമിറ്റഡ് കമ്പനി അറിയിച്ചു. പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ പ്രിഫെറെന്‍ഷ്യല്‍ രീതിയിലായിരിക്കും ജുന്‍ജുന്‍വാലെയ്ക്ക് കമ്പല്‍സറി കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്യുക.

🔳നിര്‍മ്മാതാവും വ്യവസായിയുമായ സായ് വെങ്കിടേഷ് പ്രധാന വേഷത്തില്‍ എത്തുന്ന 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരക്കാരുടെ കഥ പറയുന്ന റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ചില്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സായ് എത്തുക.

🔳തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ മലയാളത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമ വിരുന്നിന്റെ ആദ്യ ഷെഡ്യൂള്‍ പീരുമേട്ടില്‍ പൂര്‍ത്തിയായി. നിക്കി ഗില്‍റാണി ആണ് ചിത്രത്തിലെ നായിക. മുകേഷ്, അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍.

🔳പ്രമുഖ ഇലക്ട്രിക്ക് ടൂ വീലര്‍ ബ്രാന്‍ഡ് 'ജോയ് ഇ-ബൈക്ക്'ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്. വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത്രം 945 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി പറയുന്നു. 2020 ജൂലൈയിലെ വില്‍പ്പന 173 യൂണിറ്റായിരുന്നുവെന്നും ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 446 ശതമാനമാണ് വളര്‍ച്ച എന്നും കമ്പനി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only