👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

കള്ളനെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ട്രക്കിന് പിന്നില്‍ കെട്ടിവലിക്കുകയും ചെയ്ത യുവാവ് മരിച്ചു
(VISION NEWS 29 ഓഗസ്റ്റ് 2021)
ഭോപ്പാല്‍: മധ്യപ്രദേശില്‍ കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ച യുവാവ് മരിച്ചു. ബനാഡാ സ്വദേശി കാന്‍ഹ എന്ന കാന്‍ഹിയ ബീല്‍ (45) ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം നടന്നത്.

ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കില്‍ കെട്ടി കാന്‍ഹയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കള്ളനെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകള്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഇതിനുശേഷം സംഘം പോലീസിനെ വിളിച്ച് തങ്ങള്‍ കള്ളനെ പിടികൂടിയതായി അറിയിച്ചു.

സംഭവസ്ഥലത്തെ എത്തിയ പോലീസാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ഇവിടെനിന്ന് നീമുച്ചിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.

ചെരുപ്പിട്ട കാലുകൊണ്ട് സംഘം കാന്‍ഹയുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തന്നെ വെറുതെ വിടണമെന്ന് കാന്‍ഹ സംഘത്തിനോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. 

'സംഭവത്തില്‍ എട്ടുപേരാണ് പ്രതികള്‍. ഇതില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. ബാക്കിയുള്ളവരെ വൈകാതെ അറസ്റ്റു ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്'-നീമുച്ച് പോലീസ് സൂപ്രണ്ട് സൂരജ് വര്‍മ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only