👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 05 ഓഗസ്റ്റ് 2021)
🔳പെഗാസസ്-കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരസിച്ച കേന്ദ്രസര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന സംയുക്തപ്രസ്താവനയുമായി പ്രതിപക്ഷം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിന് ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. പെഗാസസ് വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സംയുക്തപ്രസ്താവനയില്‍ പറയുന്നു. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തല്‍. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും പട്ടികയില്‍. സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പട്ടികയിലുണ്ടെന്നാണ് വിവരം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ.

🔳കന്റോണ്‍മെന്റിന് സമീപം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ട്വിറ്റര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയത്.

🔳പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിക്കാന്‍ വിസമ്മതിച്ചത്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

🔳കോവിഡ് 19 കേസുകള്‍ ചിലപ്പോള്‍ കണ്ടെത്താനായില്ലെന്നുവരാം, എന്നാല്‍ കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങള്‍ യഥാര്‍ഥ മരണങ്ങള്‍ കുറച്ചുകാണിച്ചുകൊണ്ടുളള റിപ്പോര്‍ട്ടാണ് പുറത്തുവിടുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് തളളിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയിരിക്കുന്നത്.

🔳കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും രോഗം കണ്ടെത്തുന്നതില്‍ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ അലംഭാവം കാണിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

🔳ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയ കേസില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരാലി തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. നാളെ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ല്‍ തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കെടി ജലീലിന്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് ഈ വിവരം പുറത്ത് വന്നത്.

🔳ചട്ടങ്ങള്‍ അനുസരിച്ചേ പി.എസ്.സി.ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. ആരുവിചാരിച്ചാലും അത് മാറ്റാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ചെയര്‍മാന്‍ മറ്റുളളവരുടെ ഒഴിവുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഉദ്യോഗാര്‍ഥി ആഗ്രഹിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

🔳സമുദായത്തെ മറയാക്കി തടിച്ചുകൊഴുത്ത കൊളളസംഘമാണ് മുസ്ലീംലീഗെന്ന് ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി എ.എ.റഹീം. അധികാരം ലീഗിന് അഴിമതിക്കും, കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ക്കുമുള്ള ഉപകരണം മാത്രമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ റഹീം ആരോപിക്കുന്നു. പരസ്പരം സഹായിക്കുന്ന കൊള്ളസംഘമായി ലീഗ് മാറിയെന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത വിശുദ്ധ പശുവാണെന്ന പ്രതീതിയുണ്ടാക്കി മുസ്ലീംലീഗിനെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും റഹീം കുറിപ്പില്‍ പറയുന്നു.

🔳രാജ്യത്ത് അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചത് 941 തൊഴിലാളികളെന്ന് വെളിപ്പെടുത്തല്‍. രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മരണങ്ങള്‍ ഏത് കാലയളവിലായിട്ടാണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു.

🔳കര്‍ണാടകത്തില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി
ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടില്ല.

🔳സാലഡ് ഉണ്ടാക്കുന്നത് പോലെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നു എന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന് സാലഡ് അലര്‍ജിയാണെങ്കില്‍ അദ്ദേഹം മീന്‍ കറി ഉണ്ടാക്കിക്കോട്ടെ. പക്ഷെ പാര്‍ലമെന്റിനെ ഒരു മത്സ്യച്ചന്തയാക്കി മാറ്റരുതെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

🔳2023 ഡിസംബറോടെ അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം 2023 ആകുമ്പോഴേക്കും അവസാനിക്കും. അയോധ്യ ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1,000 കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കുകൂട്ടുന്നത്. 3,000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

🔳ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ പ്രഥമപരീക്ഷണയാത്ര ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിക്രാന്ത് അറബിക്കടലില്‍ ഇറക്കിയത്. ആറു നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ പരീക്ഷണയാത്ര നടത്താനാണ് തീരുമാനം. തദ്ദേശമായി രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ളതില്‍വെച്ച് ഏറ്റവും വലുതും സങ്കീര്‍ണ സംവിധാനങ്ങള്‍ ഉള്ളതുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. 262 മീറ്റര്‍ ഉയരവും 62 മീറ്റര്‍ വീതിയും സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമാണുള്ളത്. അടുത്തവര്‍ഷത്തോടെ ഐ.എന്‍.എസ്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മിച്ച് ഇന്ത്യ. 19,300 അടി ഉയരത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് റോഡ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൊളീവിയയില്‍ ഉതുറുങ്കു അഗ്നിപര്‍വ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോര്‍ഡ് ഇത് തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

🔳അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയ സല്‍മ അണക്കെട്ടിന് നേരെയുള്ള താലിബാന്‍ ആക്രമണത്തെ അഫ്ഗാന്‍ സുരക്ഷാ സേന പരാജയപ്പെടുത്തി. മേഖലയിലെ നിരവധി ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന അണക്കെട്ടിന് നേരെ ഒരു മാസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

🔳ദക്ഷിണ ചൈനാ കടലിലേക്ക് ഈമാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് നടപടി. ദക്ഷിണ ചൈന കടലില്‍ ചൈനയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തില്‍ സുപ്രധാന പങ്ക്
വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.

🔳ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ 65.4 ഓവറില്‍ 183 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. 108 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറര്‍.

🔳ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 22 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ റൂട്ട്, അലെയ്സ്റ്റര്‍ കുക്കിനെ പിന്നിലാക്കി ഒന്നാമതെത്തി.

🔳ടോക്യോയില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ ഗുസ്തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു. കസാഖ്സ്താന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം..

🔳ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യന്‍ താരം ദീപക് പുനിയക്ക് സെമി ഫൈനലില്‍ തോല്‍വി. 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് ദീപകിനെ തോല്‍പ്പിച്ചത്. ഇനി വെങ്കലത്തിനായി റഷ്യന്‍ താരം ആര്‍തര്‍ നൈഫോനോവിനോട് മത്സരിക്കും.

🔳ഗോദയില്‍ നിന്ന് ഇന്ത്യയെ തേടി വീണ്ടും സന്തോഷ വാര്‍ത്ത. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെങ്കലത്തിനായി ഗോദയിലറങ്ങും. ആദ്യ റൗണ്ടില്‍ അന്‍ഷുവിനെ തോല്‍പ്പിച്ച ബെലാറസ് താരം ഐറീന കുറാച്കീന ഫൈനലിലെത്തിയതോടെ റെപ്പാഷെയിലൂടെ ഇന്ത്യന്‍ താരം വെങ്കല മത്സരത്തിനായി യോഗ്യത നേടുകയായിരുന്നു.

🔳പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്‌സ് ഫൈനല്‍ കാണാതെ പുറത്ത്. കരുത്തരായ അര്‍ജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനല്‍ ലക്ഷ്യം വെച്ച് സെമി ഫൈനലില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും.

🔳പുരുഷന്മാരുടെ 100 മീറ്ററില്‍ കാലിടറിയെങ്കിലും 200 മീറ്ററില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ. 19.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണ മെഡല്‍ നേടിയത്.

🔳കേരളത്തില്‍ ഇന്നലെ 1,97,092 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയലധികം കേസുകളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367.

🔳രാജ്യത്ത് ഇന്നലെ 42,797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41,869 പേര്‍ രോഗമുക്തി നേടി. മരണം 532. ഇതോടെ ആകെ മരണം 4,26,321 ആയി. ഇതുവരെ 3,18,10,782 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.04 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,949 പേര്‍ക്കും കര്‍ണാടകയില്‍ 1,769 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,442 പേര്‍ക്കും ആസാമില്‍ 1,065 പേര്‍ക്കും ഒറീസയില്‍ 1,315 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വീണ്ടും രോഗവ്യാപനം കൂടുന്നു.ആഗോളതലത്തില്‍ ഇന്നലെ 6,71,140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,07,959 പേര്‍ക്കും ബ്രസീലില്‍ 40,460 പേര്‍ക്കും റഷ്യയില്‍ 22,589 പേര്‍ക്കും ഫ്രാന്‍സില്‍ 28,784 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,312 പേര്‍ക്കും സ്പെയിനില്‍ 21,874 പേര്‍ക്കും തുര്‍ക്കിയില്‍ 26,822 പേര്‍ക്കും ഇറാനില്‍ 39,357 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 35,867 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.08 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.57 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,925 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 628 പേരും ബ്രസീലില്‍ 1018 പേരും റഷ്യയില്‍ 790 പേരും അര്‍ജന്റീനയില്‍ 300 പേരും ഇറാനില്‍ 409 പേരും ഇന്‍ഡോനേഷ്യയില്‍ 1,747 പേരും സൗത്ത് ആഫ്രിക്കയില്‍ 423 പേരും മെക്സിക്കോയില്‍ 351 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.68 ലക്ഷം.

🔳നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലാഭം 6,504 കോടിയായാണ് ഉയര്‍ന്നത്. അറ്റാദായത്തില്‍ 55.3 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ചെലവ് 19.6 ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തില്‍ 48.5 ശതമാനം വര്‍ധനവും ബാങ്കിന് നേടാനായി. പലിശ വരുമാനം 3.7 ശതമാനം ഉയര്‍ന്ന് 27,638 കോടി രൂപയുമായി. അതേസമയം, നിഷ്‌ക്രിയ ആസ്തിയില്‍ മുന്‍പാദത്തെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. മുന്‍പാദത്തെ 4.98 ശതമാനത്തില്‍ നിന്ന് 5.32 ശതമാനമായാണ് വര്‍ധന.

🔳രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ അറ്റാദായത്തില്‍ കുറവ്. 284 കോടി രൂപയുടെ അറ്റാദായമാണ് എയര്‍ടെല്ലിന് നേടാനായത്. കഴിഞ്ഞവര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനത്തിന്റെ ഇടിവാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 759 കോടിയുടെ അറ്റാദായമായിരുന്നു കമ്പനി നേടിയിരുന്നത്. 26,854 കോടിയാണ് ജൂണില്‍ അവസാനിച്ച ത്രൈമാസത്തിലെ വരുമാനം. അതേസമയം കമ്പനിയുടെ 4 ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ 4.61 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 18.44 കോടിയാണ് 4 ജി ഉപഭോക്താക്കളുടെ എണ്ണം.

🔳സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹിന്ദി റീമേക്കില്‍ അനില്‍ കപൂര്‍ നായകനാകും എന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്ത്ത് ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഹിന്ദി റീമേക്ക് അവകാശം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്. ഗൂഗിള്‍ കുട്ടപ്പന്‍ എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. സുരാജിന്റെ അവതരിപ്പിച്ച അച്ഛന്റെ റോളില്‍ കെ.എസ് രവി കുമാറാണ് എത്തുന്നത്.

🔳പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന 'കുരുതി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളോടെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. സമുദായ ലഹളയടക്കമുള്ള കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും. റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മുരളി ഗോപി, മാമുക്കോയ, സാഗര്‍ സൂര്യ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

🔳ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പുതിയ മോട്ടോര്‍സൈക്കിളിന്റെ പണിപുരയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലായ ഹിമാലയന്റെ സ്‌ക്രാംബ്ലര്‍ പതിപ്പായിരിക്കും ഇതെന്നും സ്‌ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോര്‍സൈക്കിളിന്റെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം തന്നെ സ്‌ക്രാം 411 ബൈക്ക് നിരത്തുകളില്‍ എത്തിയേക്കും. 2021 ഹിമാലയനെ 2.01 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്.

🔳ഗൗതമ സിദ്ധാര്‍ത്ഥന്റെ പത്നിയായ യശോധരയെന്ന ഗോപ ബുദ്ധനെന്ന സിദ്ധാര്‍ത്ഥനെ ചോദ്യം ചെയ്യുന്നതാണ് ഗോപ. എന്റെ ആത്മാംശമായ നിങ്ങള്‍ എന്തുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ എന്നോട് പറഞ്ഞില്ലേ? ഈ ചോദ്യമാണ് നോവല്‍ അന്വേഷിക്കുന്നത്. 'ഗോപ'. കെ അരവിന്ദാക്ഷന്‍. ഡിസി ബുക്സ്. വില 135 രൂപ.

🔳കൊവിഡ് ബാധിച്ച ആദ്യ രണ്ട് ആഴ്ചകളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. രണ്ട് തരത്തില്‍ പഠനം നടത്തിയെങ്കിലും ഇരു പഠനങ്ങളുടെയും ഫലം കൊവിഡ് മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളില്‍ അക്യൂട്ട് മയോകാര്‍ഡിനല്‍ ഇന്‍ഫ്രാക്ഷനും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തി. കൊവിഡ് 19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് എത്ര പ്രധാനമാണെന്ന് ഈ ഫലങ്ങള്‍ കാണിക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള പ്രായമായവര്‍.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ മഹാനായ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കാനുള്ള കടല്‍യാത്രയ്ക്കിടയില്‍ കരയില്‍ കാത്തിരിക്കുന്ന ഇംഗ്ലീഷ് സൈന്യം തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ളതാണെന്ന അറിവാണ് തേടിയെത്തിയത്. അവിടെയാണ്, അതിശക്തനായ ഒരു പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് ലോകമറിഞ്ഞത്! തന്റെ സൈന്യത്തിന്റെ ആത്മവിശ്വാസം കുറയുന്ന സ്ഥിതി മനസ്സിലാക്കിയ സീസര്‍, കരയിലിറങ്ങിയ ഉടന്‍ തങ്ങള്‍ വന്നെത്തിയ കപ്പലുകള്‍ തീവെച്ച് നശിപ്പിക്കുവാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. പിന്നെ, സൈനികര്‍ക്ക് മുന്നില്‍ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ, ആ വലിയ ഇംഗ്ലീഷ് പടയെ കീഴ്പ്പെടുത്തുക, അവരുടെ കപ്പലുകളില്‍ വിജയശ്രീലാളിതരായി നാട്ടിലേക്ക് മടങ്ങുക. സീസറിന്റെ തീരുമാനം സൈന്യത്തിന്റെ ആത്മവീര്യത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയായിരുന്നു.എണ്ണത്തിന്റെ വലിപ്പത്തെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് കൊണ്ട് സീസറിന്റെ സൈന്യം ഇംഗ്ലീഷ് പടയെ തകര്‍ത്ത് തരിപ്പണമാക്കി. മനോബലത്തിന്, നിശ്ചയദാര്‍ഢ്യത്തിന് എന്തും സാധ്യമാക്കുന്ന കരുത്തുണ്ടെന്ന് ആ യുദ്ധചരിത്രത്തിലൂടെ സീസര്‍ ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. നമ്മുടെ കഴിവുകളേക്കാള്‍, നമ്മള്‍ പ്രകടിപ്പിക്കുന്ന മനോബലം വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്. പരാജയങ്ങള്‍ക്ക് മുന്നില്‍ പതറാതെ പൊരുതിയ പ്രയത്നങ്ങള്‍ക്ക് സമ്മാനിക്കുവാന്‍ വിജയമല്ലാതെ മറ്റെന്താണ് ഈ ലോകത്തിലുള്ളത് ? ഒന്നാലോചിച്ചു നോക്കിയേ, നമ്മള്‍ ജീവിതത്തില്‍ ഇതുവരെ നേടിയ വിജയം എല്ലാം മനശക്തി കൊണ്ട് തന്നെയല്ലേ. അത് പ്രകടമാകാത്ത അവസ്ഥയില്‍ അല്ലേ നമ്മള്‍ പലപ്പോഴും പതറി പോയിട്ടുള്ളത്. കീഴടക്കാനാവാത്ത ഒരു പ്രതിസന്ധിയും നമ്മെ തേടിയെത്തുന്നില്ല. പക്ഷേ കഴിവിനേക്കാള്‍ അവിടെ പ്രതിഫലിക്കേണ്ടത്, അതിനെ നേരിടാനുള്ള മനശക്തി ആണ് - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only