👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 25 ഓഗസ്റ്റ് 2021)

🔳എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും ഇത് വലിയ ദുരന്തമാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഴുപത് വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞതെന്നും എന്നാല്‍ 70 വര്‍ഷത്തെ സമ്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ സമ്പദ്മേഖലയെ തകര്‍ത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.

🔳സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ചുട്ടമറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ 70 വര്‍ഷത്തിനിടെ അമേഠിയില്‍ ഒരു ജില്ലാ ആശുപത്രി പോലും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്നമെന്നും സ്മൃതി ഇറാനി പറഞ്ഞു.

🔳കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ ''സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആദ്യം ഡിമോണിറ്റൈസേഷന്‍ ദുരന്തം, ഇപ്പോള്‍ മോണിറ്റൈസേഷന്‍ മേള. ഇതിനെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പണ്ട് സംഘടിതവും നിയമാനുസൃതവുമായ കൊള്ള എന്ന് വിശേഷിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു.

🔳കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര രത്നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മര്‍ദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

🔳കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി എട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നു' എന്നായിരുന്നു റാണെയുടെ പരാമര്‍ശം.

🔳മഹാമാരി എന്ന അവസ്ഥയില്‍ നിന്ന് കോവിഡ് പ്രാദേശികമായി ചുരുങ്ങുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍. കോവിഡ് മൂന്നാം തരംഗം എങ്ങനെയാവുമെന്നും എപ്പോഴാവുമെന്നും പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ പുറത്തുവരുന്നത് നിലവിലെ വ്യാപനതോത് അടിസ്ഥാനമാക്കിയാണെന്നും ഡോ. സൗമ്യ. 2022-ഓടെ രാജ്യത്തെ വാക്‌സിന്‍ വിതരണം 70 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടെ രാജ്യങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് തിരിച്ചുപോവാന്‍ സാധിക്കുമെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

🔳കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ആദ്യ വൈറസിനേക്കാള്‍ 300 മടങ്ങ് വൈറല്‍ ലോഡ് എന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോതിലെ വര്‍ധനവ്.

🔳സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ച ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് 7 മുതല്‍ 9 വരെ തന്നെ പ്രവര്‍ത്തിക്കാമെന്നും ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തില്‍ മാറ്റമില്ലെന്നും യോഗത്തില്‍ തീരുമാനമായി.. അതേ സമയം വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

🔳സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണമെന്നും വാക്സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 3,13,868 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്സിന്‍ ഇതുവരെ നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.

🔳വ്യാവസായിക വികസനത്തില്‍ കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യവസായ പാര്‍ക്കുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്നും കോഴിക്കോട്ട് കെഎസ്ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങുമെന്നും വ്യവസായ മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

🔳സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും തീ പടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല.

🔳ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയ സംഭവത്തില്‍ മറുപടിയുമായി സ്പീക്കര്‍ എം ബി രാജേഷ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ് ഭഗത് സിംഗിനോട് ആദരവ് തോന്നിത്തുടങ്ങിയതെന്നും ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

🔳മുതലാളിത്ത അടിമത്തത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അതിനായി ധാര്‍മിക കരുത്തും ജനപിന്തുണയും ജനവിശ്വാസവും നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1991 മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ പരിശോധന നടത്തി തെറ്റുകള്‍ തിരുത്തണമെന്നും അതോടെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങളാണ് തങ്ങള്‍ പിന്തുടരുന്നതെന്ന ബിജെപി പ്രചരണത്തിന് അന്ത്യം കുറിക്കാനുമാകുമെന്നും സുധീരന്‍ പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള രേഖകളില്‍ ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുന്നത് ഹര്‍ജി കൂടാതെ വോട്ടര്‍മാര്‍ക്ക് പരാതിപ്പെടാവുന്ന കുറ്റമാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 125എ വകുപ്പ് പ്രകാരം ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും നിയമവിദഗ്ധര്‍ പറയുന്നു.

🔳തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയില്ലെന്ന വാദം ആവര്‍ത്തിച്ച് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന്‍. അന്വേഷണ കമ്മീഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാര്‍ട്ടി തീരുമാനിക്കുമെന്നും ഡിസിസിയില്‍ നടന്ന തെളിവെടുപ്പിന് ശേഷം അജിത തങ്കപ്പന്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ സത്യം പുറത്ത് കൊണ്ട് വരുമെന്ന് റവന്യു മന്ത്രി കെ രാജനും പ്രതികരിച്ചു.  

🔳2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഓംചേരി എന്‍എന്‍ പിള്ളയ്ക്ക്. ആകസ്മികം - ഓംചേരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. നാടകകൃത്തും നോവലിസ്റ്റുമായ ഓംചേരി എന്‍ എന്‍ പിള്ള ഒന്‍പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. 1972-ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

🔳പഞ്ചാബില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകരുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റണമെന്ന ആവശ്യവും ശക്തമാവുന്നു. അമരീന്ദറിനെ മാറ്റണമെന്ന് പാര്‍ട്ടിയിലെ 23 എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുമെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.

🔳രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ്സിന്റെ ശനി, ഞായര്‍ ദിവസങ്ങളിലെ മൂന്ന് സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് ഐആര്‍സിടിസി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നല്‍കേണ്ടി വരും. 2035 ഓളം യാത്രക്കാര്‍ക്ക് ഐആര്‍സിടിസി നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നാണ് കണക്ക്. കനത്ത മഴയെ തുടര്‍ന്ന് സിഗ്നലിലുണ്ടായ സാങ്കേതികപ്രശ്‌നം കാരണം രണ്ടര മണിക്കൂറാണ് ശനിയാഴ്ച തേജസിന്റെ യാത്ര വൈകിയത്. ട്രെയിന്‍ വൈകാന്‍ ഇടയായാല്‍ എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരത്തിനുള്ള അവസരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാണ് തേജസ്. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ടോ അതിലധികമോ മണിക്കൂര്‍ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരയിനത്തില്‍ യാത്രക്കാരന് ലഭിക്കും.

🔳ഓഗസ്റ്റ് 27നുള്ളില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഐസിഎ വെബ്സൈറ്റില്‍ വിവരങ്ങള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് 5 ദിവസം മുമ്പെങ്കിലും ഐസിഎ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു. പേര്, യാത്ര ചെയ്യുന്ന ദിവസം, വന്നിറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്പോര്‍ട്ട് വിവരങ്ങള്‍,വാക്സിനേഷന്‍ വിവരം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.

🔳ഗ്വാണ്ടനാമോ ജയിലല്‍ തടവുകാരനായിരുന്നയാളെ അഫ്ഗാനിസ്ഥാനില്‍ താല്‍ക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ച് താലിബാന്‍. ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്ന മുല്ല അബ്ദുള്‍ ഖയാം സാക്കിറിനെയാണ് താല്‍ക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് അല്‍ജസീറ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ സമാധാനപൂര്‍ണമായി പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും താലിബാന്‍ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഫ്ഗാന്‍ പൗരന്മാരെ ഇനിമുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം.

🔳താലിബാന്‍ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും ചര്‍ച്ചയായി. സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

🔳താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബറാദറുമായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവന്‍ വില്ല്യം ബേണ്‍സ് കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യുഎസിന്റെ പൂര്‍ണമായ സൈനിക പിന്മാറ്റവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചനകള്‍.

🔳അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരെയും സഖ്യകക്ഷി പൗരന്മാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമലക്ഷ്യമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമല ഇതു പറഞ്ഞത്.

🔳ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്‍(86) അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യാഡ് ജേതാക്കളായ ടീമിലും 1964ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി. ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്‍.

🔳ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലോര്‍ഡ്‌സിലെ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഇംഗ്ലണ്ട് ഇറങ്ങുക.

🔳ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു. മൂന്നാം ടെസ്റ്റിനുള്ള ലീഡ്‌സിലെ പിച്ച് കണ്ട് അത്ഭുതപ്പെട്ടുവെന്നും കോലി പറഞ്ഞു. ലീഡ്‌സില്‍ കുറച്ചുകൂടി പുല്ലുള്ള പിച്ചാണ് പ്രതീക്ഷിച്ചതെന്നും കോലി വ്യക്തമാക്കി.

🔳ഇന്ത്യന്‍ ടീം അംഗങ്ങളുമായി അനാവശ്യമായി വാക് പോരിലേര്‍പ്പെടാനില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. ലോര്‍ഡ്‌സ് ടെസ്റ്റിലെ പാളിച്ചകളില്‍ നിന്ന് പാഠം പഠിച്ചുവെന്നും മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോ റൂട്ട് പറഞ്ഞു. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുമായി ഇംഗ്ലണ്ട് താരങ്ങള്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയായെന്ന് മുന്‍ താരങ്ങളടക്കം വിമര്‍ശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റൂട്ടിന്റെ പ്രതികരണം.

🔳ടോക്യോയില്‍ ഒളിംപിക്‌സ് ആരവങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ടോക്യോയില്‍ പാരാലിംപിക്‌സിന് തിരി തെളിഞ്ഞു. ടോക്യോയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഷോട്ട് പുട്ട് താരം തേക് ചന്ദാണ് ഇന്ത്യന്‍ പതാകയേന്തിയത്. 54 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരാലിംപിക്‌സില്‍ പങ്കെടുക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 1,34,706 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 64.60 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518.

🔳രാജ്യത്ത് ഇന്നലെ 37,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 33,970 പേര്‍ രോഗമുക്തി നേടി. മരണം 647. ഇതോടെ ആകെ മരണം 4,35,788 ആയി. ഇതുവരെ 3,25,11,370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.16 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,585 പേര്‍ക്കും കര്‍ണാടകയില്‍ 1,259 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,248 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,37,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,38,316 പേര്‍ക്കും ബ്രസീലില്‍ 30,872 പേര്‍ക്കും റഷ്യയില്‍ 18,833 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,838 പേര്‍ക്കും ഫ്രാന്‍സില്‍ 24,853 പേര്‍ക്കും ഇറാനില്‍ 40,623 പേര്‍ക്കും മലേഷ്യയില്‍ 20,837 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.38 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,141 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,081 പേരും ബ്രസീലില്‍ 885 പേരും റഷ്യയില്‍ 794 പേരും ഇറാനില്‍ 709 പേരും ഇന്‍ഡോനേഷ്യയില്‍ 1,038 പേരും മെക്സിക്കോയില്‍ 371 പേരും ഫിലിപ്പീന്സില്‍ 303പേരും സൗത്ത് ആഫ്രിക്കയില്‍ 369 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44.63 ലക്ഷം.

🔳 പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പതിവുതെറ്റിക്കാതെ നഷ്ടം നേരിട്ട് വോഡഫോണ്‍ ഐഡിയ. ജൂണ്‍ മാസത്തില്‍ 43 ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ജിയോ 55 ലക്ഷം പുതിയ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗം ആക്കിയപ്പോള്‍ എയര്‍ടെല്‍ 38 ലക്ഷം പേരെ കൂടെ കൂട്ടി രണ്ടാമതെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇന്ത്യയിലെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 1198.50 ദശലക്ഷത്തില്‍ നിന്ന് 1202.57 ദശലക്ഷമായി ഉയര്‍ന്നു. 0.34 ശതമാനമാണ് മാസ വളര്‍ച്ചനിരക്ക്. ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം മേയിലെ 78 കോടിയില്‍ നിന്ന് ജൂണില്‍ 79.2 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

🔳വന്‍കിട നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15 ശതമാനം തകര്‍ച്ച നേരിട്ടു. ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ പിരിഡ് കഴിഞ്ഞതോടെയാണ് വന്‍തോതില്‍ ഓഹരി വിറ്റത്. ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. വില്പന സമ്മര്‍ദം നേരിട്ടതോടെ കമ്പനിയുടെ വിപണി മൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ് ചെയ്ത ഉടനെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.

🔳കാന്‍സ് ഇന്റര്‍നാഷണല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് അഭിമാനമായി ബിജു മാണിയുടെ 'ചുഴല്‍'. മികച്ച സൂപ്പര്‍നാച്ചുറല്‍ ഫിലിം എന്ന വിഭാഗത്തില്‍ മികച്ച ചിത്രമായാണ് ചുഴല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രമായി ഒരുക്കിയ ചുഴല്‍ നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറില്‍ നിഷ മഹേശ്വരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗംഭീര പ്രകടനവുമായി ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

🔳ഫ്യൂചര്‍ ഫിലിം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മദം' ടൈറ്റില്‍ പുറത്ത്. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. പാലക്കാട് ആണ് പ്രധാന ലൊക്കേഷന്‍. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് മദമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 2022ല്‍ ആണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

🔳ഇന്ത്യന്‍ എസ്യുവി വാഹന വിപണിയില്‍ പങ്കാളിത്തം ഉറപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. കമ്പനി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ്ഡ് ഇന്‍ ഇന്ത്യ എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്. 2023 ഓഗസ്റ്റില്‍ വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ലെ ഉത്സവ സീസണില്‍ ഹോണ്ട തങ്ങളുടെ മെയിഡ് ഇന്‍ ഇന്ത്യ എസ്യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹോണ്ടയ്ക്ക് എസ്യുവി വിഭാഗത്തില്‍ സിആര്‍വി മോഡല്‍ മാത്രമാണ് ഉള്ളത്.

🔳ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം ഏല്ലാവരോടും ഒരുമിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്‍കുന്നതില്‍ അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. 2021ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. 'ആകസ്മികം'. ഓംചേരി എന്‍ എന്‍ പിള്ള. എന്‍ബിഎസ്. വില 304 രൂപ.

🔳ഗ്രീന്‍ പീസില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കുടല്‍ ബാക്ടീരിയയെ ഉത്തേജിപ്പിച്ച് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാനും മാത്രമല്ല ഫൈബര്‍ ഉപാപചയ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ഗ്രീന്‍ പീസ് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍.*
രണ്ട് സുഹൃത്തുക്കള്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. കാഴ്ചകള്‍ കണ്ട് വിശേഷങ്ങള്‍ പങ്കുവെച്ച് അവര്‍ ആഘോഷപൂര്‍വ്വം യാത്ര തുടര്‍ന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ബസ്സിലെ തിരക്ക് കൂടികൂടി വന്നു. ഇത് കണ്ട് ഒരാള്‍ കണ്ണടച്ചിരുന്നു. പെട്ടെന്ന് തന്റെ സുഹൃത്ത് കണ്ണടച്ചിരിക്കുന്നത് കണ്ട് മറ്റെയാള്‍ കാരണമന്വേഷിച്ചു. ആദ്യത്തെയാള്‍ പറഞ്ഞു: ബസ്സില്‍ ധാരാളം ആളുകള്‍ കയറിയിട്ടുണ്ട്. അതില്‍ സ്ത്രീകളും വയസ്സായവരും കുട്ടികളും എല്ലാമുണ്ട്. തിരക്കുകൊണ്ട് അവര്‍ കഷ്ടപ്പെടുന്നത് കാണാനുള്ള കരുത്തെനിക്കില്ല. അതുകൊണ്ടാണ് ഞാന്‍ കണ്ണടച്ചിരിക്കുന്നത്! ഒന്നിനോടും പ്രതികരിക്കാതിരുന്നാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയില്ല. ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നതുകൊണ്ട് സല്‍പേരിന് ഒരു കളങ്കവും സംഭവിക്കുകില്ല. നമുക്ക് പരിഹാരം കണ്ടെത്താവുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ, സ്വന്തം സൗകര്യത്തിനും സന്തോഷത്തിനും വിഘാതമാകുന്നവയ്ക്ക് നേരെ കണ്ണും കാതുമടയ്ക്കുന്നത് ആത്മരതിയുടെ ഭാഗമാണ്. അപരന്റെ ദുഃഖം സ്വന്തം മനസമാധാനം കെടുത്തുമോ എന്ന ശങ്കയില്‍ നടത്തുന്ന ഒളിച്ചോട്ടമാണത്. വിശന്നുമരിക്കുന്നവന്റെ മുന്നിലിരുന്ന് സദ്യയുണ്ണാന്‍ ആരും തയ്യാറാകില്ല. പകരം ദാരിദ്ര്യത്തിനപ്പുറത്ത് മതില്‍ നിര്‍മ്മിച്ച് അതിനുള്ളില്‍ ധാരാളിത്തം കാണിക്കുന്നതില്‍ കുറ്റബോധവുമില്ല. സഹനങ്ങള്‍ കണ്ടിട്ടും പുറംതിരിഞ്ഞുനടക്കുന്നവരേക്കാള്‍ അപകടകാരികളാണ് ഇത്തരക്കാര്‍. ആദ്യകൂട്ടര്‍ക്ക് വിദൂരഭാവിയിലെങ്കിലും മാനസാന്തരം ഉണ്ടായേക്കാം. പക്ഷേ, രണ്ടാമത്തെ കൂട്ടര്‍ എക്കാലവും സ്വയം നിര്‍മ്മിത മതില്‍ക്കെട്ടിനുള്ളില്‍ തലപൂഴ്ത്തിയിരിക്കും. തിരഞ്ഞെടുത്ത കാഴ്ചകള്‍ മാത്രം കാണാതെ അപ്രതീക്ഷിതമായവയെ കൂടി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്താം. നമുക്കുണ്ടാകുന്ന ചെറിയ നഷ്ടങ്ങള്‍ മറ്റുളളവരുടെ വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകുമെങ്കില്‍ ആ ചെറിയനഷ്ടങ്ങളെ സ്വീകരിക്കാന്‍ നമുക്ക് നമ്മുടെ മനസ്സിനെ പാകപ്പെടുത്താം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only