13 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 13 ഓഗസ്റ്റ് 2021)

🔳പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000-ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. സംസ്ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ട്വിറ്ററുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. 'നേതാക്കളെ ജയിലിലടച്ചപ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ടില്ല, അപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യപ്പെടുമ്പോള്‍ എന്തിന് ഭയക്കണം ? ഞങ്ങള്‍ കോണ്‍ഗ്രസാണ്. ഇതാണ് ജനങ്ങള്‍ക്കുള്ള സന്ദേശം; ഞങ്ങള്‍ പോരാടും, യുദ്ധം തുടരും- കോണ്‍ഗ്രസ് കുറിച്ചു.

🔳പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസര്‍ക്കാര്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഏഴു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കേന്ദ്രം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

🔳ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

🔳സ്ത്രീധനത്തിനെതിരായ മകള്‍ക്കൊപ്പം ക്യാമ്പെയ്നിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നു. ഇന്നു രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഉദ്ഘാടനം ചെയ്യും.

🔳സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് പുതിയ ഉത്തരവ്. രോഗവ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം.

🔳ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്തിരുന്ന് മീന്‍ വില്‍ക്കുന്നതിനിടെ അല്‍ഫോണ്‍സിയയെന്ന മത്സ്യത്തൊഴിലാളി സ്ത്രീയെ നഗരസഭാ ജീവനക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ് നടക്കുന്നതെന്നും ജീവിതം ഇല്ലാതാക്കിയല്ല കോവിഡിനെ നേരിടേണ്ടതെന്നും സതീശന്‍ പറഞ്ഞു.

🔳ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കോട്ടയം തിരുവാര്‍പ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു.

🔳അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

🔳സംസ്ഥാനത്ത് മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ബാറുകള്‍, കണ്‍സ്യൂമര്‍ഫെഡ്, ബെവ്‌കോ എന്നിവയ്ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പുതിയ സമയക്രമമെന്നാണ് വിശദീകരണം.

🔳കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലയിലെ ഷാപ്പുകള്‍ക്കെതിരേ നടപടി. കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകള്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ഷാപ്പ് ലൈസന്‍സികളെ അടക്കം പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

🔳ജസ്റ്റിസ് നരിമാന്‍ പടിയിറങ്ങി. നീതിന്യായവ്യവസ്ഥയെ കാത്ത സിംഹങ്ങളിലൊന്നിനെയാണ് ജസ്റ്റിസ് നരിമാന്‍ വിരമിക്കുന്നതോടെ നഷ്ടമാവുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്റെ അവസാനപ്രവൃത്തിദിവസം സുപ്രീംകോടതി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കയായിരുന്നു ചീഫ് ജസ്റ്റിസ്. സമകാലിക നീതിന്യായവ്യവസ്ഥയുടെ ശക്തമായ തൂണുകളിലൊന്നായ ജസ്റ്റിസ് നരിമാന്‍ നിലപാടുകളോട് നീതിപുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമംമൂലം മരണം സംഭവിച്ചിട്ടുണ്ടോയെന്ന് കൃത്യമായ അന്വേഷണം നടത്താതെ ഉറപ്പുവരുത്താന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രത്തോട് ഡല്‍ഹി സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

🔳മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 20 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവിനേയും സഹോദരനേയും അറസ്റ്റ് ചെയ്‌തെന്നും പോലിസ് അറിയിച്ചു.

🔳അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനടുത്തുള്ള ഗസ്നി നഗരവും താലിബാന്‍ കീഴടക്കി. കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി. കാബൂള്‍ - കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്.

🔳രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. ഖത്തറില്‍ നടന്ന ചര്‍ച്ചകളിലാണ് താലിബാന് മുന്‍പില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഈ ഉപാധി മുന്നോട്ടുവെച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

🔳ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമംഗമായ പിആര്‍ ശ്രീജേഷിന് അഭിനന്ദനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ശ്രീജേഷിനെ ഫോണില്‍ നേരിട്ട് വിളിക്കുകയായിരുന്നു. താന്‍ ഹൈദരാബാദിലാണ് ഉള്ളതെന്നും വന്നതിന്‌ശേഷം നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.

🔳മുന്‍ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21) ദുബായില്‍ ആത്മഹത്യ ചെയ്തു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു.

🔳ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ മികവില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു. രാഹുലിന്റെ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 9 റണ്‍സ് മാത്രമെടുത്ത ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 39 റണ്‍സുമായി കോലിയും 105 റണ്‍സോടെ രാഹുലും പുറത്താകാതെ നില്‍ക്കുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,45,582 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 53.52 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578.

🔳രാജ്യത്ത് ഇന്നലെ 40,066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41,707 പേര്‍ രോഗമുക്തി നേടി. മരണം 583. ഇതോടെ ആകെ മരണം 4,30,285 ആയി. ഇതുവരെ 3,21,17,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.79 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,942 പേര്‍ക്കും കര്‍ണാടകയില്‍ 1,857 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,859 പേര്‍ക്കും ഒറീസയില്‍ 1,107 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,62,304 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,04,830 പേര്‍ക്കും ബ്രസീലില്‍ 35,891 പേര്‍ക്കും റഷ്യയില്‍ 21,932 പേര്‍ക്കും ഫ്രാന്‍സില്‍ 28,554 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,074 പേര്‍ക്കും തുര്‍ക്കിയില്‍ 22,261 പേര്‍ക്കും ഇറാനില്‍ 39,049 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 24,709 പേര്‍ക്കും മെക്സിക്കോയില്‍ 22.711 പേര്‍ക്കും മലേഷ്യയില്‍ 21,668 പേര്‍ക്കും തായലാന്‍ഡില്‍ 22,782 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 20.61 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.68 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,003 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 624 പേരും ബ്രസീലില്‍ 883 പേരും റഷ്യയില്‍ 808 പേരും ഇറാനില്‍ 568 പേരും ഇന്‍ഡോനേഷ്യയില്‍ 1,466 പേരും മെക്സിക്കോയില്‍ 727 പേരും സൗത്ത് ആഫ്രിക്കയില്‍ 473 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43.46 ലക്ഷം.

🔳ഗോള്‍ഡ് റിസര്‍വ് വന്‍തോതില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പകുതിയില്‍ മാത്രം ആര്‍ബിഐ സ്വര്‍ണശേഖരത്തിലേക്ക് ചേര്‍ത്തത് 29 ടണ്‍ സ്വര്‍ണം. 2018 ല്‍ 558.1 ആയിരുന്ന കേന്ദ്ര ബാങ്കിന്റെ ഗോള്‍ഡ് റിസര്‍വ് ഈ ജൂണില്‍ 705.6 ടണ്‍ കടന്നു. ആദ്യമായാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം 700 ടണ്‍ പിന്നിടുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിന്റെ കണക്കുപ്രകാരം 2021 ജൂണില്‍ ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും കൂടെ വാങ്ങിയത് 32 ടണ്‍ സ്വര്‍ണമാണ്. ഇതില്‍ 30ശതമാനത്തോളം ഇന്ത്യയുടെ വിഹിതമാണ്.

🔳ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ആകെ വരുമാനം 844 കോടിയായി ഉയര്‍ന്നിട്ടും സൊമാറ്റോയ്ക്ക് കനത്ത നഷ്ടം. ഇത്തവണ ഇന്ത്യയില്‍ നിന്നു മാത്രം 806 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. യുഎഇ യില്‍ നിന്നും 31 കോടിയും മറ്റ് വിപണികളിലേതു കൂടെ ചേര്‍ത്ത് 844 കോടി രൂപയാണ് ആകെ വരുമാനം രേഖപ്പെടുത്തിയത്. സൊമാറ്റോ ആകെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും ഉപഭോക്തൃ ഡെലിവറി ചാര്‍ജുകളും ചേര്‍ന്നുള്ളവരുമാനമാണ് 844 കോടി രേഖപ്പെടുത്തിയിട്ടുള്ളത്.

🔳കാന്‍സ് ഇന്റര്‍നാഷണല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട് ബിജു മാണി സംവിധാനം ചെയ്ത ചിത്രം 'ചുഴല്‍'. ആണ്ടമാനില്‍ നടന്ന പോര്‍ട്ട് ബ്ലയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ വിഭാഗത്തിലും മികച്ച ഹൊറര്‍ ത്രില്ലര്‍ ചിത്ര വിഭാഗത്തില്‍ ചുഴല്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രമായി ഒരുക്കിയ ചുഴല്‍ നീം സ്ട്രീം, സൈന പ്ലേ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസായത്. ആര്‍ജെ നില്‍ജ, എബിന്‍ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസല്‍ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.

🔳ഡോ.രജിത് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന 'സ്വപ്ന സുന്ദരി' റിലീസിനൊരുങ്ങുന്നു. പഴയകാല നടന്‍ ജി.കെ പിള്ളയുടെ മകന്‍ ശ്രീറാം മോഹനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീറാം മോഹനന്റെ നായികയായി പുതുമുഖ താരം ദിവ്യ തോമസ് ആണ് എത്തുന്നത്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ഡോ ഷിനു ശ്യാമളനും ഷാരോണ്‍ സഹീം ഷാര്‍ലറ്റ് എന്നിവരും മറ്റ് നായികമാരാകുന്നു.

🔳എംജി ഗ്ലോസ്റ്റര്‍ എസ്യുവി ഏഴു സീറ്റ് പതിപ്പ് അവതരിപ്പിച്ചു. 37.28 ലക്ഷം രൂപയാണ് ഷോറൂംവില. ആറു സീറ്റ് പതിപ്പ് നേരത്തേ ലഭ്യമാണ്. 200 പിഎസ് കരുത്തും 480 എന്‍എം ടോര്‍ക്കുമുള്ള 2 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണുള്ളത്.

🔳കല്‍പ്പറ്റയുടെ എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍. കവിതയുടെയോ ചെറുകഥയുടെയോ നര്‍ത്തകിയുടെയോ ഉടല്‍പോലെ തുടിക്കുന്ന ഭാഷാഉടലുകള്‍.സി.ജെ, മുത്തിരിങ്ങോടന്‍,മേതില്‍ എന്നിവരില്‍ എസ്സേയ്ക്ക് കൈവന്ന സ്വാച്ഛന്ദ്യം ഈ ലിറിക്കല്‍ എസ്സേകളില്‍ മിഴിവോടെ തുടരുന്നു. കവിതയും ചിന്തയും നര്‍മ്മവും ഇണങ്ങിവസിക്കുന്നു നാക്കു കടിച്ചു പോവുന്ന ഉശിരന്‍ ഷോട്ടുകളുണ്ടാവണം നല്ല എഴുത്തുകാരന്റെ ഇന്നിങ്‌സില്‍ എന്ന് കല്‍പ്പറ്റ കരുതുന്നു. 'ഏതിലയും മധുരിക്കുന്ന കാടുകളില്‍'. രണ്ടാം പതിപ്പ്. കല്പറ്റ നാരായണന്‍. ഡിസി ബുക്സ്. വില 207 രൂപ.

🔳ശ്വാസകോശവും ഹൃദയവും കരളും അടക്കം നിരവധി അവയവങ്ങളെ ബാധിക്കാനിടയുള്ള രോഗമാണ് കോവിഡ്. മുന്‍പ് ഹൃദ്രോഗമോ കുടുംബത്തില്‍ പോലും ഹൃദ്രോഗ ചരിത്രമോ ഇല്ലാതിരുന്നവര്‍ക്ക് പോലും ഹൃദ്രോഗ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കോവിഡിന് സാധിച്ചിട്ടുണ്ട്. നെഞ്ച് വേദന, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയത്തില്‍ രക്തം കട്ടപിടിക്കല്‍, അസാധാരമായ നെഞ്ചിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളുമായി കോവിഡ് രോഗമുക്തരില്‍ പലരും ആശുപത്രിയില്‍ എത്തുന്നതായി ഡോക്ടര്‍മാരും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനാല്‍ കോവിഡ് രോഗമുക്തര്‍ ആറു മാസം കൂടുമ്പോഴെങ്കിലും ഹൃദയ പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കോവിഡിനെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ഉയര്‍ന്ന പഴുപ്പാണ് ഹൃദ്രോഗ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. പ്രമഹേം, ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് രോഗമുക്തിക്ക് ശേഷം ഓരോ ആറു മാസവും ഇസിജി, എക്‌സ്‌റേ, ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയവ പരിശോധിക്കണം. ഇതിനൊപ്പം കോവിഡ് രോഗമുക്തര്‍ അവശ്യ പോഷണങ്ങള്‍ അടങ്ങിയ സമീകൃത ആഹാര രീതി പിന്തുടരണം. അധികം എരിവുള്ളതും എണ്ണ കൂടിയതും കൃത്രിമ മധുരം ചേര്‍ത്തതതും പ്രോസസ് ചെയ്തതും, ജങ്ക് ഫുഡും ഒഴിവാക്കണം. ഇടയ്ക്കിടെ പരിശോധിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രണത്തില്‍ നിര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഓട്ടോഡ്രൈവര്‍ തന്റെ യാത്രക്കാരനേയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഒരു അടച്ചിട്ട റെയില്‍വെ ഗേറ്റിന് അടുത്തെത്തി. ഒരു അംഗപരിമിതനായ യാചകന്‍ അവരുടെ അടുത്തെത്തി. യാത്രക്കാരന്‍ അയാള്‍ക്ക് പത്ത് രൂപ നല്‍കി. ഡ്രൈവറുടെ മുഖത്തേക്ക് യാചകന്‍ നോക്കിയെങ്കിലും അയാള്‍ ആ യാചകനെ ശ്രദ്ധിച്ചതേയില്ല. യാത്ര തുടര്‍ന്നപ്പോള്‍ യാത്രക്കാരന്‍ ഡ്രൈവറോട് ചോദിച്ചു: എന്തെങ്കിലും ഒരു ചെറിയ തുക അയാള്‍ക്ക് കൊടുക്കാമായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് യാതൊന്നും നഷ്ടപ്പെടുകയില്ല. ഡ്രൈവര്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. യഥാസ്ഥാനത്ത് യാത്രക്കാരന്‍ എത്തിയപ്പോള്‍ അയാള്‍ ഡ്രൈവര്‍ക്ക് പണം നല്‍കി. ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ ഡ്രൈവര്‍ അടുത്തുള്ള കടയിലേക്ക് നടന്നു. അപ്പോഴാണ് യാത്രക്കാരന്‍ ശ്രദ്ധിച്ചത്. അയാള്‍ക്ക് ഒരു കൈയ്യും ഒരു കാലും നഷ്ടമായിരുന്നു എന്ന.് ഏറ്റവും അനുകൂലമായ സാഹചര്യങ്ങളില്‍ നല്ല തീരുമാനങ്ങളെടുക്കാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ അശുഭകരവും നിരാശാജനകവുമായ സന്ദര്‍ഭങ്ങളില്‍ നിലനില്‍പ്പിന്റേയും തുടര്‍യാത്രയുടേയും തീരുമാനം എടുക്കണമെങ്കില്‍ ആ തീരുമാനം അത്ര ഉറച്ചതായിരിക്കണം. തകര്‍ന്നെന്ന് എല്ലാവരും വിശ്വസിക്കുമ്പോള്‍ തളിരുടുന്നതാണ് യഥാര്‍ത്ഥമികവ്. മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് അസാധാരണമായ ഊര്‍ജ്ജം വേണം. എന്നാല്‍ പിന്‍വലിയാന്‍ അപക്വമായ മനസ്സ് മാത്രം മതിയാകും. തകര്‍ച്ചകളില്‍ നിന്ന് രണ്ടുതരം മനോഭാവം ഉരുത്തിരിയും. ഒന്ന് യാചകനെപോലെ, എല്ലാം നഷ്ടപ്പെട്ടുവെന്ന് സ്വയം ശപിച്ച് , വിലപിച്ച്, അന്യന്റെമുന്നില്‍ കൈനീട്ടി ജീവിക്കാം. രണ്ടാംവിഭാഗം ആ ഡ്രൈവറെ പോലെയുള്ളവരാണ്. ഉള്ളഗുണങ്ങളില്‍ വിശ്വസിച്ച് മുന്നോട്ട് പോകും. ഇല്ലാത്തകാര്യങ്ങള്‍ക്ക് പരാതിയും ഇല്ല. സ്വന്തം സാമ്രാജ്യം സ്വയം കണ്ടെത്തി അവിടെ രാജാവാകും. പഴയതുപോലെയല്ല, അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ എന്ന് സ്വയം തെളിയിക്കും. തകരാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും രക്ഷപ്പെടുത്താന്‍ ആവില്ല. തകരരുത് എന്ന് തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും തര്‍ക്കാനുമാകില്ല. തീരുമാനം നമ്മുടേത് മാത്രമാണ് - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only