25 ഓഗസ്റ്റ് 2021

ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര ഇന്ന്; വള്ളംകളി ഒഴിവാക്കി
(VISION NEWS 25 ഓഗസ്റ്റ് 2021)

പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളി ഇന്ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പാനദിയുടെ നെട്ടായത്തിൽ ചടങ്ങുകൾ ആചാരപരമായി നടക്കും. 52 പള്ളിയോടങ്ങളാണ് സാധാരണ ജലമേളയിൽ പങ്കെടുക്കുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങൾക്കാണ് ഇക്കുറി ജലമേളയിൽ പങ്കെടുക്കാൻ അനുമതി.

നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. മൂന്നിലുമായി 120 പേരായിരിക്കും എത്തുന്നത്.

ഇന്ന് രാവിലെ 10.45 ന് പാർഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നൽകി സ്വീകരിക്കും. ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. ഒരു പാലിയോടത്തിൽ 40 തുഴക്കാർ മാത്രമേ പ്രവേശിക്കാവു എന്നാണ് നിബന്ധന. പള്ളിയോടങ്ങളിലെത്തുന്ന കരനാഥന്മാർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. പള്ളിയോടത്തിൽ എത്തുന്നവർ ക്ഷേത്രക്കടവിൽ ഇറങ്ങാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടൻ വെള്ളമുണ്ടും ചുവന്ന തലയിൽക്കെട്ടും മറ്റുള്ളവർ വെള്ളമുണ്ടും വെള്ള തലയിൽക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നൽകിയ തിരിച്ചറിയൽ കാർഡില്ലാത്ത ആരും പള്ളിയോടത്തിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only