👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

15 ഓഗസ്റ്റ് 2021

ടാഗോർ കവിത പങ്കുവെച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംകൾ
(VISION NEWS 15 ഓഗസ്റ്റ് 2021)
രാജ്യത്തിൻ്റെ 75–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വകവി രബീന്ദ്രനാഥ ടാഗോർ പങ്കുവെച്ച മനോഹരമായ സങ്കല്പം പങ്കുവെച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
ലോകശ്രദ്ധയാകർഷിച്ച പോരാട്ടത്തിലൂടെ കൊളോണിയൽ ഭരണത്തിനറുതി വരുത്തി ഇന്ത്യ സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിടുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം ദേശിയപ്രസ്ഥാനം ഊന്നൽ നിൽകിയത് സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കൂടിയാണ്. സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

നിരവധി മേഖലകളിൽ ഇനിയും മുന്നേറാനുണ്ട്. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ശക്തമായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണ്. ജാതീയ വിവേചനങ്ങളും അടിച്ചമർത്തലുകളും തുടരുകയാണ്. മതവർഗീയത വലിയ ഭീഷണിയായി വളർന്നിരിക്കുന്നു. യുവജനങ്ങളിൽ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കർഷകരുൾപ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. വിശ്വകവി രബീന്ദ്രനാഥ ടാഗോർ പങ്കുവെച്ച മനോഹരമായ സങ്കല്പമുണ്ട്: 

"എവിടെയാണോ 
മനസ്സ് നിര്‍ഭയമായിരിക്കുന്നത്, 
ശിരസ്സ് ഉയര്‍ന്നുതന്നെയിരിക്കുന്നത്,
അറിവ് സ്വതന്ത്രമായിരിക്കുന്നത്, 
ഇടുങ്ങിയ ഭിത്തികളാല്‍ ലോകത്തെ തുണ്ടു തുണ്ടായി മുറിക്കാത്തത്, വാക്കുകള്‍ സത്യത്തിന്‍റെ ആഴത്തില്‍ നിന്നു നിർഗമിക്കുന്നത്,
അക്ഷീണമായ പരിശ്രമം പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കുന്നത്, 
മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍ സുതാര്യമായ ജ്ഞാനപ്രവാഹത്തിന്‍റെ കല്ലോലിനി വരണ്ടു പോകാത്തത്, 
മനസ്സ് വികാസത്തിലേക്കും സമ്യക്കായ ദര്‍ശനത്തിലേക്കും നയിക്കപ്പെടുന്നത്, 
ആ സ്വതന്ത്ര സ്വർഗത്തിലേയ്ക്ക് എന്‍റെ രാജ്യത്തെ ഉണർത്തേണമേ!"

ബ്രീട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വതന്ത്രരാജ്യമായി ഇന്ത്യയ്ക്ക് മാറാൻ കഴിഞ്ഞത് ടാഗോർ പങ്കുവച്ച ആ സ്വപ്നം നെഞ്ചിലേറ്റിയ മനുഷ്യരുടെ സമരങ്ങളുടെ ഫലമായാണ്. ആ സമരങ്ങളുടെ ചരിത്രത്തിലൂടെ വീണ്ടും ആഴത്തിൽ സഞ്ചരിച്ചു തുടങ്ങേണ്ട കാലമാണിത്. വിമോചനത്തിൻ്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകസ്ഥാനമാക്കി മാറ്റാം. എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only