👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


31 ഓഗസ്റ്റ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 31 ഓഗസ്റ്റ് 2021)





🔳രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡെ. ഉത്സവ കാലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാവുമെന്നും ഡോക്ടര്‍ പാണ്ഡെ പറഞ്ഞു.

🔳ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിനെ കീഴടങ്ങുന്നതല്ലെന്നും പഠനം. സി.1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായ സി.1.2-ന് ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

🔳2021 ഡിസംബര്‍ ആകുമ്പോഴേക്കും യൂറോപ്പില്‍ 2,36,000 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന.  1.3 ദശലക്ഷം പേരാണ് യൂറോപ്പില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

🔳പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ വിവിധ ദേശവിരുദ്ധ ശക്തികള്‍ രാജ്യത്ത് അനിശ്ചിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ മണ്ണില്‍ കലാപം ഉണ്ടാക്കാന്‍ പാകിസ്താന്റെ ഭാഗത്തുനിന്നും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

🔳കര്‍ണാല്‍ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സര്‍ക്കാരിന്റെ കടമയാണ്. അതിന് കര്‍ശന നടപടി അനിവാര്യമാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. കര്‍ഷക സമരം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 64.87 ശതമാനം രോഗികളും കേരളത്തില്‍. 30,244 കോവിഡ് രോഗികളില്‍ 19,622 രോഗികളും കേരളത്തിലാണ്.  ഇന്നലത്തെ  മരണങ്ങളില്‍ 64 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 205 മരണങ്ങളില്‍ 132 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 57.52 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,64,222 സജീവരോഗികളില്‍ 2,09,520 പേരും കേരളത്തിലാണുള്ളത്.

🔳വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്‌സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്‌സീനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 4,78,635 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയെന്നും സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായെന്നും മന്ത്രി അറിയിച്ചു.

🔳പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കെ.പി.സി.സി.യോട് ഹൈക്കമാന്‍ഡ്. ഇത്തരക്കാരെ കെ.പി.സി.സി.യിലോ ഡി.സി.സി.യിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായറിയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലാക്കാന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

🔳കലാപക്കൊടി ഉയര്‍ത്തിയ പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ആയിരുന്ന പി എസ് പ്രശാന്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു. നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് പ്രശാന്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറിയിപ്പ്. അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

🔳കോണ്‍ഗ്രസിലെ കലാപങ്ങള്‍ക്കിടയില്‍ ആര്‍എസ്പി, യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്ന് സൂചന. യുഡിഎഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് നേരത്തെ ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. മുന്നണി വിടുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ ആലോചനയുണ്ടെന്നാണ് വിവരം. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മുന്നണിയില്‍ പ്രശ്‌നമാകുമെന്ന് ആര്‍എസ് പി  സംസ്ഥാന സെക്രട്ടി അസീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

🔳ക്ഷേത്രങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ ആവശ്യമാണെന്നും ജാതീയ അംശങ്ങള്‍ നീക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത് വിവാദത്തിനുവേണ്ടി പറയുന്നതല്ലെന്നും സമൂഹം ഇക്കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍ക്കും തടസ്സമില്ലാതെ സമവായത്തിലൂടെ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങളാണിതെല്ലാമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳റേഷന്‍കട വഴിയുള്ള ഭക്ഷ്യധാന്യവിതരണം ഓഗസ്റ്റില്‍ റെക്കോഡിലേക്ക്. വിതരണം അവസാനിക്കാന്‍ ഒരുദിവസംമാത്രം ബാക്കിയിരിക്കെ കാര്‍ഡുടമകളില്‍ 97 ശതമാനംപേരും റേഷന്‍ വാങ്ങി. ഭക്ഷ്യധാന്യം കൃത്യമായി റേഷന്‍ കടകളിലെത്തിച്ചതാണു നേട്ടത്തിനുകാരണം.

🔳58 പുതിയ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ച് റെയില്‍വേ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 ആഴ്ചയ്ക്കുള്ളില്‍ 75 തീവണ്ടികള്‍ ഇറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെയാണ് റെയില്‍വേ ടെന്‍ഡര്‍ ക്ഷണിച്ചത്. 58 പുതിയ തീവണ്ടികള്‍ ഉള്‍പ്പെടെ 102 വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ 2024 ആകുമ്പോഴേക്കും തയ്യാറാകുമെന്ന് റെയില്‍വേ അറിയിച്ചു. 


🔳കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഏഴ് ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്റീന്‍. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കില്‍ പോലും നിര്‍ബന്ധിത ക്വാറന്റീനും പിന്നീട് വീണ്ടും പരിശോധനയ്ക്കും വിധേയമാകേണ്ട സാഹചര്യമാണ് ഇപ്പോള്‍. വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിവും ഇതിനായി പ്രത്യേക കര്‍മ്മസമിതിയെ നിയോഗിക്കുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ അറിയിപ്പ്. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും. കേരളത്തിന്റെ അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിന് നിയോഗിക്കുമെന്നും കര്‍ണാടക പറയുന്നു.

🔳ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. പ്രതിയായിട്ടല്ല മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സാക്ഷിയായാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തതെതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

🔳അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്നതിന് പിന്നാലെ ജമ്മു കശ്മീരിലും പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്വരയിലേക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് വിവരം.

🔳ഐഎസ്-കെ ചാവേറിനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ്
ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രോണ്‍ ആക്രമണം നിയമവിരുദ്ധമാണെന്നാണ് താലിബാന്‍ ഇതിനോട് പ്രതികരിച്ചത്.

🔳അമേരിക്കന്‍ പിന്‍വാങ്ങലിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനതാവളത്തിനെതിരെ റോക്കറ്റ് ആക്രമണം. കാബൂള്‍ വിമാനതാവളത്തിനെതിരായ റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൌസ് ഇത് അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അറിയിച്ചു. അതേ സമയം വിമാനതാവളം ലക്ഷ്യമാക്കി വന്ന റോക്കറ്റുകള്‍ വിമാനതാവളത്തില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് യുഎസ് ഔദ്യോഗികമായി അറിയിക്കുന്നത്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ ഏറ്റെടുത്തിട്ടുണ്ട്.

🔳അഫ്ഗാന്‍ വനിതകള്‍ക്ക് സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അനുമതി നല്‍കുമെന്ന് താലിബാന്‍. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് പഠിക്കുന്നതിന് നിരോധനമുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുള്‍ ബാഖി ഹക്കാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊണ്ണൂറുകളില്‍ അഫ്ഗാന്‍ പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ അന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.

🔳അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും ചൈന ആവര്‍ത്തിച്ചു.

🔳പാശ്ചാത്യ രാജ്യങ്ങള്‍ താലിബാനെ അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം ആവര്‍ത്തിക്കുമെന്നുളള പ്രസ്താവന നിഷേധിച്ച് പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ്. പ്രസ്താവന വിവാദമായതോടെ മൊയീദിന്റെ വാക്കുകള്‍ ബ്രിട്ടീഷ് മാധ്യമം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് വിശദീകരിച്ചു.

🔳ആണവോര്‍ജ പ്ലാന്റുകള്‍ ഉത്തരകൊറിയ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. യോങ്ബയോണില്‍ സ്ഥാപിച്ചിരിക്കുന്ന ആണവോര്‍ജപ്ലാന്റാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജ നിരീക്ഷണ സമിതിയായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി.

🔳കുട്ടികളിലെ അമിത ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നിയമം കൊണ്ടുവന്ന് ചൈന. ഇനിമുതല്‍ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകൂ. അതും ദിവസം ഒരു മണിക്കൂര്‍ മാത്രം. രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഗെയിം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

🔳അമേരിക്കയില്‍ വന്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ലൂസിയാന സംസ്ഥാനത്ത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ്  വൈദ്യുതി വിതരണ ശൃഖല തകര്‍ത്തു. ഏഴര ലക്ഷം കുടുംബങ്ങള്‍ ഇരുട്ടിലാണ്. ആയിരങ്ങളെ ഒഴിപ്പിച്ചതിനാല്‍ കാര്യമായ ആള്‍നാശമില്ല. ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ കോടികളുടെ നാശനഷ്ടമുണ്ട്. തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

🔳പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷ വിഭാഗം എഫ് 64 ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലാണ് ഇന്ത്യക്ക് ലോക റെക്കോഡോടെ സ്വര്‍ണം സമ്മാനിച്ചത്. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 മീറ്ററാക്കി ഉയര്‍ത്തി. അവസാന ത്രോയില്‍ 68.55 മീറ്റര്‍ എറിഞ്ഞ് ആ റെക്കോഡും സുമിത് തിരുത്തി.

🔳കേരളത്തില്‍ ഇന്നലെ 1,17,216 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ  അടിസ്ഥാനമാക്കി 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359.

🔳രാജ്യത്ത് ഇന്നലെ 30,244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,236 പേര്‍ രോഗമുക്തി നേടി. മരണം 205. ഇതോടെ ആകെ മരണം 4,38,592 ആയി. ഇതുവരെ 3,27,67,820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.64 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,523 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,80,620 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 91,403 പേര്‍ക്കും ബ്രസീലില്‍ 10,466 പേര്‍ക്കും റഷ്യയില്‍ 18,325 പേര്‍ക്കും   ഇംഗ്ലണ്ടില്‍ 26,476 പേര്‍ക്കും തുര്‍ക്കിയില്‍ 19,557 പേര്‍ക്കും ഇറാനില്‍ 33,780 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 22,366 പേര്‍ക്കും മലേഷ്യയില്‍ 19,268 പേര്‍ക്കും ജപ്പാനില്‍ 19,314 പേര്‍ക്കും തായ്‌ലണ്ടില്‍ 15,972 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,172 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 477 പേരും ബ്രസീലില്‍ 313 പേരും റഷ്യയില്‍ 792 പേരും ഇറാനില്‍ 669 പേരും   ഇന്‍ഡോനേഷ്യയില്‍ 568 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.21 ലക്ഷം.

🔳ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ 14,500 കോടി രൂപ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് നിക്ഷേപിച്ചു. ഡിപോസിറ്ററി ഡാറ്റ അനുസരിച്ച്, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ അല്ലെങ്കില്‍ എഫ്പിഐകള്‍ 986 കോടി രൂപ വിലമതിക്കുന്ന ഇക്വിറ്റികള്‍ വാങ്ങി. 13,494 കോടി രൂപ ഡെറ്റ് വിപണിയില്‍ ഓഗസ്റ്റ് രണ്ടിനും ഓഗസ്റ്റ് 27 നും ഇടയില്‍ നിക്ഷേപിച്ചു. ഇതോടെ ഓഗസ്റ്റില്‍ ഇതുവരെയുളള ഇന്ത്യന്‍ മൂലധന വിപണികളിലേക്കുളള മൊത്തം നിക്ഷേപം വരവ് 14,480 കോടി രൂപയായി.

🔳ഡിജിറ്റല്‍ പേമെന്റ് ആപ്പായ ഫോണ്‍പേ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഫോണ്‍പേയ്ക്കു ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചു. ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളാകും ഫോണ്‍ പേ വിതരണം ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫോണ്‍പേയ്ക്കുള്ളത്. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ല.

🔳ഹരീഷ് ഉത്തമന്‍ ക്രേന്ദ കഥാപാത്രത്തില്‍ എത്തിയ തമിഴ് ചിത്രമാണ്  'അശ്വാമിത്ര'. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എര്‍ത്ത്‌ലിംഗ് കൗശല്യയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സിനിമയുടെ പ്രദര്‍ശനം നീസ്ട്രീമില്‍ തുടങ്ങി. അച്ഛന്റെ മരണത്തോടെ സംസാരശേഷി നഷ്ടപ്പെടുന്ന ആറ് വയസുകാരി മിത്രയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്പീച്ച് തെറാപ്പിസ്റ്റായ അരുണിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തരീത ഇ ടിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്.

🔳നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ദ് ഗോസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പമായിരുന്നു പ്രഖ്യാപനം. ലണ്ടനിലെ ബിഗ് ബെന്നിന്റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.

🔳ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി. വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഹരിക്കാനാണ് കമ്പനിയുടെ ഈ നീക്കം. 2021 ല്‍, കൊമാക്കി ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.

🔳ഏഷ്യയിലെ ഏറ്റവും വലിയ തടവറയിലെ ജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന പുസ്തകം. നേരിട്ടു കണ്ട അന്തര്‍നാടകങ്ങളെയും രഹസ്യങ്ങളെയും കുറിച്ച്, ഉള്‍വിവരങ്ങളെല്ലാമറിയാവുന്ന ഒരാള്‍ തന്റെ മൗനം ഭേദിച്ചുകൊണ്ട് ഇതാദ്യമായി വിവരിക്കുന്നു. ഇന്ത്യന്‍ നീതിവ്യവസ്ഥയിലും ക്രിമിനല്‍ നീതിന്യായ സംവിധാനത്തിലുമുള്ള രഹസ്യങ്ങളും ഞെട്ടിക്കുന്ന സത്യങ്ങളും ആഴത്തിലും അസാധാരണമായും അനാവരണം ചെയ്യുന്ന പുസ്തകം. 'ബ്ലാക്ക് വാറന്റ്'. സുനില്‍ ഗുപ്ത. സുനേത്ര ചൗധരി. മാതൃഭൂമി. വില 280 രൂപ.

🔳അസിഡിറ്റി പ്രശ്നം അനുഭവിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറുവേദന, മറ്റ് ലക്ഷണങ്ങള്‍ എന്നിവ അസിഡിറ്റിയുടേതാണ്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം, തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും. ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാന്‍ പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാന്‍ കഴിയുന്ന ചേരുവകയാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. കറുവപ്പട്ട അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവര്‍ത്തിക്കുന്നു. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അക്ബര്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറില്‍ ഒരു ബുദ്ധിപരീക്ഷണം നടത്തുകയാണ്.  ബുദ്ധിമാനെന്ന് സ്വയം വിശ്വസിക്കുന്ന എല്ലാവരും അവിടെയത്തിയിട്ടുണ്ട്.  പരീക്ഷണം ആരംഭിച്ചു.  നിലത്ത് ഒരു വര വരച്ചിട്ട് അദ്ദേഹം പറഞ്ഞു.  എന്റെ ഈ വരയില്‍ തൊടാതെ ഇതു വലുതാക്കണം , ചെറുതാക്കണം.  നിങ്ങളിലാര്‍ക്കു സാധിക്കും?   പണ്ഡിതന്മാരെല്ലാം തലപുകഞ്ഞ് ആലോചിച്ചു.  എല്ലാവരും തോല്‍വി സമ്മതിച്ചപ്പോള്‍ ബീര്‍ബല്‍ എഴുന്നേറ്റ് വന്ന് ചക്രവര്‍ത്തിയുടെ വരയുടെ അടുത്ത് ഒരു ചെറിയ വര വരച്ചു.  അപ്പോള്‍ ചക്രവര്‍ത്തിയുടെ വര വലുതായി.  പിന്നെ അടുത്ത് ഒരു വലിയ വരയും വരച്ചു.  അപ്പോള്‍ ചക്രവര്‍ത്തിയുടെ വര ചെറുതായി  എന്താണ് വളര്‍ച്ചയുടെ അളവുകോല്‍.  മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടതായാല്‍ സ്വയം മിടുക്കനായി എന്നൊരു തെറ്റിദ്ധാരണ ചെറുപ്പം മുതലേ കുത്തിവെയ്ക്കപ്പെടുന്നു. പഠനത്തിലെ ഒന്നാം റാങ്കും മത്സരങ്ങളിലെ ജയങ്ങളുമെല്ലാം ആഘോഷിക്കപ്പെടുന്നത് മറ്റൊരു പരാജയത്തിന്റെ പേരിലാണ്.  സ്വയം വളര്‍ച്ചയുടെ ഏറ്റവും വലിയ ശത്രു എന്ന് പറയുന്നത് അയല്‍ക്കാരന്‍ എന്ന അളവുകോല്‍ ആണ്.  അയല്‍ക്കാരനെ നോക്കി വളര്‍ന്നാല്‍ പലതുണ്ട് പ്രശ്‌നങ്ങല്‍.  ചിലര്‍ക്ക് അയല്‍ക്കാനൊപ്പമെത്താന്‍ കഴിയാതെ നിരാശ വരും.  മറ്റുചിലര്‍ക്ക് അവരെ തോല്‍പിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നതിലെ സമയനഷ്ടം. കുറച്ച് പേര്‍ക്കത് സ്വന്തം ലക്ഷ്യം മറന്നുള്ള യാത്ര, ചിലര്‍ക്കത് സ്വന്തം മികവ് അവഗണിക്കപ്പെടുമോ എന്ന ഉത്കണ്ഠ.. വലുപ്പത്തില്‍ വിജയിക്കുന്നവര്‍ക്ക് മുറിമൂക്കന്‍ രാജാവിന്റെ അവസ്ഥയാണ്.  മൂക്കില്ലാരാജ്യത്ത് അവര്‍കേമന്മാരും മൂക്കുള്ളരാജ്യത്ത് അവര്‍ നിസ്സാരന്മാരുമാകും.  മറ്റുള്ളവര്‍ക്കൊപ്പം വലുതാകാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം വലുപ്പം മനസ്സിലാകാത്തവരാണ്.  അന്യരെ അളവുകോലാക്കിയ ആരും അവരര്‍ഹിക്കുന്ന സ്ഥാനത്ത് എത്താറില്ല.  നമ്മുടെ വളര്‍ച്ചാരേഖയ്ക്ക് മറ്റുള്ളവരല്ല അതിര്‍ത്തിരേഖ വരയ്‌ക്കേണ്ടത്. ഇന്നത്തേതിനേക്കാള്‍ ഒരുപടി മുന്നില്‍ ഇന്ന് നില്‍ക്കുക.  ഇന്നിനേക്കാള്‍ ഒരുപടി മുന്നില്‍ നാളെ പ്രത്യക്ഷപ്പെടുക.  സ്വയം വരുത്തുന്ന പുരോഗതിയാകട്ടെ നമ്മുടെ വളര്‍ച്ചയുടെ അളവുകോല്‍ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only